Tuesday 17 March 2015

ഹിസാര്‍ പള്ളി ആക്രമണം: മുഖ്യപ്രതി അറസ്‌റ്റില്‍

ഹിസാര്‍ (ഹരിയാന): ഹരിയാനയില്‍ നിര്‍മാണത്തിലുള്ള ബിലീവേഴ്‌സ്‌ ചര്‍ച്ച്‌ ദേവാലയം ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്‌റ്റില്‍. മുഖ്യപ്രതി അനില്‍ ഗൊദാരയാണ്‌ അറസ്‌റ്റിലായത്‌. ഇയാളുടെ കൂട്ടാളികള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നു ഹിസാര്‍ എസ്‌.പി. സൗരഭ്‌ സിങ്‌ അറിയിച്ചു.
ഹിസാറില്‍നിന്നു 10 കിലോമീറ്റര്‍ അകലെ കൈംറി ഗ്രാമത്തിലെ വില്ലിവാര്‍ഷ്‌ പള്ളിക്കു നേരെയാണ്‌ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകരെന്നു സംശയിക്കുന്നവര്‍ അതിക്രമം കാട്ടിയത്‌. ഈ മാസം ആറിനായിരുന്നു ആക്രമണം.
കുരിശു മാറ്റി ഹനുമാന്‍ വിഗ്രഹം വയ്‌ക്കുകയും ദേവാലയത്തിനു മുകളില്‍ ശ്രീറാം എന്നെഴുതിയ കൊടി സ്‌ഥാപിക്കുകയും ചെയ്‌തു. സംഭവം ഇന്നലെ ലോക്‌സഭയിലും ചര്‍ച്ചയായി.
പള്ളിയുടെ ചുമതലയുള്ള ഫാ. സുഭാഷ്‌ ചന്ദ്‌ ഗ്രാമീണരെ മതം മാറ്റാന്‍ ശ്രമിക്കുന്നെന്ന്‌ ആരോപിച്ചായിരുന്നു അതിക്രമം. എയര്‍കൂളര്‍ അടക്കമുള്ള സാധനങ്ങള്‍ എടുത്തു കൊണ്ടുപോയി. കൊല്ലുമെന്ന്‌ ഭീഷണി മുഴക്കിയെന്നും ഫാ. സുഭാഷ്‌ചന്ദ്‌ പറഞ്ഞു. സംഭവത്തില്‍ 14 പേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.
രണ്ടുവര്‍ഷമായി കൈംറിയില്‍ താമസിക്കുന്ന ഫാ. സുഭാഷ്‌ചന്ദ്‌ അടുത്തിടെ വാങ്ങിയ സ്‌ഥലത്താണു പള്ളി നിര്‍മിക്കുന്നത്‌. വീടുവയ്‌ക്കാന്‍ വേണ്ടിയാണു സ്‌ഥലം വാങ്ങിയതെന്നാണ്‌ കൈംറി ഗ്രാമത്തലവന്‍ സത്യനാരായണന്റെ ആരോപണം. ഗ്രാമത്തില്‍ ഒരു ക്രിസ്‌ത്യന്‍ കുടുംബം പോലും ഇല്ലായിരുന്നുവെന്നും ഗ്രാമത്തലവന്‍ പറയുന്നു.
ആരോപണങ്ങളെല്ലാം ഫാ. സുഭാഷ്‌ ചന്ദ്‌ നിഷേധിച്ചു. ഗ്രാമത്തില്‍ ക്രിസ്‌ത്യന്‍ കുടുംബങ്ങള്‍ ഉണ്ടെന്നും പള്ളി പണിയുന്നതിന്റെ പേരില്‍ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ മുമ്പും ഭീഷണിപ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സ്‌ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന്‌ ബിലീവേഴ്‌സ്‌ ചര്‍ച്ച്‌ പി.ആര്‍.ഒ ഫാ. സിജോ പന്തപ്പള്ളി പറഞ്ഞു. വിഗ്രഹം സ്‌ഥാപിച്ചവര്‍ തന്നെ അത്‌ എടുത്തുമാറ്റി. പള്ളിയുടെ നിര്‍മാണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

 http://www.mangalam.com/print-edition/india/295114

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin