Tuesday 17 March 2015

സലോമിയുടെ സ്വപ്‌നം പങ്കുവച്ച്‌ പ്രഫ. ജോസഫ്‌ : മതമില്ലാത്ത ഒരു ലോകം ഉണ്ടായിരുന്നെങ്കില്‍

mangalam malayalam online newspaperകൊച്ചി : മതമില്ലാത്ത ഒരു ലോകം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന്‌ എന്റെ ഭാര്യ സലോമി ലോകത്തോടു വിളിച്ചുപറഞ്ഞിട്ടുണ്ട്‌. മതാധിപത്യം സമ്മാനിച്ച കൊടുംക്രൂരതകള്‍ ഒന്നൊന്നായി ഏറ്റുവാങ്ങുന്നതിനിടെ മനം തകര്‍ന്നാണ്‌ അവരതു പറഞ്ഞിട്ടുള്ളത്‌. മതാധികാരികളുടെ തുടരെത്തുടരെയുണ്ടായ വഞ്ചന സഹിക്കാനാകാതെ വന്നപ്പോഴാണു മതമില്ലാത്ത മറ്റൊരു ലോകത്തേക്ക്‌ അവര്‍ പോയത്‌.
മതതീവ്രവാദികളുടെ ക്രൂരതയും മതനേതാക്കളുടെ പീഢനവും മൂലം ജീവനൊടുക്കേണ്ടിവന്ന ഭാര്യ സലോമിയുടെ ഒന്നാം ചരമദിനം മതേതരദിനമായി ആചരിക്കുന്ന സംഘടനകള്‍ക്ക്‌ പ്രഫ. ജോസഫ്‌ നല്‍കുന്ന സന്ദേശത്തിലെ വരികളാണിത്‌. ചോദ്യപേപ്പര്‍ വിവാദവും കൈവെട്ടു കേസും ഭര്‍ത്താവിന്റെ ജോലിയില്‍ നിന്നുള്ള പിരിച്ചുവിടലും കുടുംബത്തിന്റെ പട്ടിണിയും സഹിക്കവയ്ായതെ കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 19 നാണ്‌ പ്രഫ. ജോസഫിന്റെ ഭാര്യ സലോമി ഒരു തോര്‍ത്തുമുണ്ടില്‍ ജീവിതം അവസാനിപ്പിച്ചത്‌. മനുഷ്യത്വം തൊട്ടുതീണ്ടാത്ത മത തീവ്രവാദികളും മതമേധാവികളും ചേര്‍ന്ന്‌ അവരെ അകാലമരണത്തിലേക്ക്‌ തള്ളിവിടുകയായിരുന്നു. മതാധിപത്യം ഒരു അധ്യാപകന്റെ കുടുംബത്തിനു സമ്മാനിച്ച ഈ കൊടുംക്രൂരതകള്‍ ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടാന്‍ സലോമിയുടെ മരണദിനം മതേതരദിനമായി ആചരിക്കാനാണ്‌ സംസ്‌ഥാനത്തെ യുക്‌തിവാദി സംഘടനകളുടെ തീരുമാനം. പാലക്കാട്‌, കോഴിക്കോട്‌, തൃശൂര്‍ തുടങ്ങി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടി സംഘടിപ്പിക്കുന്നുണ്ട്‌. കുരീപ്പുഴ ശ്രീകുമാര്‍, ഇയ്യങ്കോട്‌ ശ്രീധരന്‍, സതീഷ്‌ കൊയ്‌ലത്ത്‌ തുടങ്ങിയവര്‍ പങ്കെടുക്കും.
സലോമിയുടെ ഒന്നാം ചരമദിനം എത്തുമ്പോഴും ദുരിതക്കയത്തിലാണ്‌ പ്രഫ. ജോസഫും കുടുംബവും. വിരമിക്കും മുമ്പേ ജോലിയില്‍ മാനേജ്‌മെന്റ്‌ തിരിച്ചെടുത്തെങ്കിലും ആനുകൂല്യങ്ങളൊന്നും കിട്ടാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണ്‌ ഇവര്‍. മാനേജ്‌മെന്റിനു പിന്നാലെ സര്‍ക്കാരും കൈയൊഴിഞ്ഞതാണ്‌ പ്രഫ. ജോസഫിന്റെ കുടുംബത്തെ അസ്വസ്‌ഥരാക്കുന്നത്‌. ശമ്പള കുടിശികയും മറ്റാനുകൂല്യങ്ങളും കിട്ടാനുള്ള ഫയല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്‌ഥര്‍ തട്ടിക്കളിക്കുകയാണ്‌.
സലോമി സ്വന്തം ജീവന്‍ നല്‍കിയിട്ടും തീരാത്ത പകയുമായി മതഭ്രാന്തന്മാരും മതമേധാവികളും ദ്രോഹം തുടരുന്നതും ഈ കുടുംബത്തെ അസ്വസ്‌ഥരാക്കുന്നു. ദുരിതങ്ങളുടെ ആഘാതത്തിനിടയിലും പതറാത്ത മനസുമാത്രമാണ്‌ പ്രഫ. ജോസഫിന്റെ കൈമുതല്‍. മതത്തിന്റെ പേരില്‍ ലോകത്തെമ്പാടും നടക്കുന്ന ക്രൂരകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു; ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെങ്കില്‍ അതു തീര്‍ച്ചയായും മതത്തിന്റെയും ദൈവത്തിന്റെയും പേരിലായിരിക്കും.
കെ.കെ. സുനില്‍

 http://www.mangalam.com/print-edition/keralam/295091

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin