Tuesday 17 March 2015

മാണിയുടെ കോഴപ്പണം വീതിക്കാന്‍ മക്കള്‍പോര്‌: എം.എം. മണി

mangalam malayalam online newspaperകല്‍പ്പറ്റ: കോഴപ്പണം വീതംവയ്‌ക്കാന്‍ മന്ത്രി കെ.എം. മാണിയുടെ വീട്ടില്‍ മക്കള്‍പ്പോരെന്ന്‌ സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗം എം.എം. മണി. കൊള്ളക്കാരില്‍ നിന്നു നാടിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കാവല്‍ എന്ന പേരില്‍ ഡി.വൈ.എഫ്‌.ഐ. വയനാട്‌ ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
അഞ്ചു പെണ്‍മക്കളാണ്‌ മാണിക്ക്‌. ഒരു മകനും. ഓരോ തെരഞ്ഞെടുപ്പ്‌ കഴിയുമ്പോഴും മക്കള്‍ വീട്ടിലേക്കു ചെല്ലും. അപ്പച്ചാ...അമ്മച്ചി...ഞങ്ങളും മക്കളല്ലേയെന്നു പറഞ്ഞു കലഹം തുടങ്ങും. പാലായിലെ അങ്ങാടിപ്പാട്ടാണിത്‌- എം.എം. മണി പറഞ്ഞു. കേരളത്തെ വിലയ്‌ക്കെടുക്കാനുള്ളത്ര കോഴ മാണിയും മകനും വാരിക്കൂട്ടിയിട്ടുണ്ടെന്നും എം.എം. മണി ആരോപിച്ചു. ബജറ്റ്‌ തയാറാക്കുന്നതിനിടെ മാണി പ്രമുഖരെയും വ്യവസായികളെയും വിളിച്ച്‌ എങ്ങനെയാണ്‌ സഹായിക്കേണ്ടതെന്നു ചോദിക്കും. അവര്‍ സ്യൂട്ട്‌കേസില്‍ നോട്ടുകെട്ടുകളുമായി വരുമ്പോള്‍ അനുകൂലമായ ബജറ്റ്‌ അവതരിപ്പിക്കും. കഴിഞ്ഞ ബജറ്റുകളിലെല്ലാം കോഴ വാങ്ങിട്ടിയിട്ടുണ്ട്‌. കോഴപ്പണം എണ്ണാന്‍ വീട്ടില്‍ മെഷീനും വാങ്ങിയിട്ടുണ്ട്‌. മാണിയടക്കം എല്ലാ മന്ത്രിമാരും പൊതുമുതല്‍ കൊള്ളയടിക്കുന്ന കള്ളന്‍മാരാണെന്നും എം.എം. മണി പറഞ്ഞു.
സോളാര്‍ ഇടപാടില്‍ പതിനായിരം കോടിയുടെ സാമ്പത്തിക തട്ടിപ്പാണ്‌ യു.ഡി.എഫ്‌ മന്ത്രിമാരുള്‍പ്പെട്ട സംഘം നടത്തിയത്‌. പുറത്തുപറയാന്‍ കൊള്ളാത്ത ഇടപാടാണ്‌ സോളാറില്‍ നടന്നത്‌. ബിജു രാധാകൃഷ്‌ണനെയും സരിതയെയും അറിയില്ലെന്നാണ്‌ മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞത്‌. തൊട്ടടുത്ത ദിവസം ഉമ്മന്‍ ചാണ്ടിയും സരിതയും ചേര്‍ന്നു നില്‍ക്കുന്ന പടം പത്രങ്ങളില്‍ വന്നു. ഇതു കണ്ട്‌ മറിയാമ്മച്ചേടത്തിക്കു പോലും വിഷമമുണ്ടായിക്കാണുമെന്നും എം.എം. മണി പറഞ്ഞു. ഡി.വൈ.എഫ്‌.ഐ. വയനാട്‌ ജില്ലാ പ്രസിഡന്റ്‌ കെ. ഷമീര്‍ അധ്യക്ഷനായിരുന്നു.

 http://www.mangalam.com/print-edition/keralam/295089

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin