Tuesday 31 March 2015

സൗദിയില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ മലയാളികളുള്‍പ്പെടെ 18 തൊഴിലാളികള്‍

mangalam malayalam online newspaperഅല്‍-കോബാര്‍ : പതിനെട്ടു തൊഴിലാളികള്‍ ശമ്പളവും ഒരു നേരത്തെ ഭക്ഷണമോ ഇല്ലാതെ സൗദിയിലെ അല്‍-കോബാര്‍ അക്രബിയായില്‍ ദുരിതത്തില്‍. ഇവിടുത്തെ മാന്‍പവര്‍ കമ്പനിയിലെ തൊഴിലാളികളാണിവര്‍. നാലു മലയാളികളുള്‍പ്പെടെ 10 ഇന്ത്യക്കാരും എട്ടു ശ്രീലങ്കക്കാരുമാണ്‌ ദുരിതക്കയത്തില്‍.
സൗദിയിലെ പല പ്രദേശങ്ങളില്‍ ജോലിക്കായി കമ്പനി അയച്ചിരുന്ന ഇവര്‍ക്ക്‌ ആറു മാസമായി ശമ്പളം കിട്ടാതെവന്നതോടെ ഭക്ഷണത്തിനുപോലും വഴിയില്ലാതെയാണ്‌ അക്രബിയായിലുള്ള കമ്പനി ഓഫീസില്‍ എത്തിയത്‌. ഇവിടെയെത്തിയപ്പോഴാകട്ടെ, സ്‌പോണ്‍സര്‍ അവിടേക്ക്‌ വരാറില്ലന്നും അദേഹത്തെക്കുറിച്ച്‌ യാതൊരു വിവരവുമില്ലെന്നുമാണ്‌ അറിയാന്‍ കഴിഞ്ഞത്‌.
ഭൂരിഭാഗം തൊഴിലാളികളുടെയും ഇക്കാമയുടെ കാലാവധിയും കഴിഞ്ഞു. ഇതുകാരണം മറ്റൊരിടത്തും പോകാനും ഇവര്‍ക്കാകില്ല. പതിനെട്ടുപേരും ഓഫീസില്‍ തന്നെയാണിപ്പോള്‍ താമസം.
ഓഫീസ്‌ കെട്ടിടത്തിന്റെ വാടക കുടിശികയായതിനാല്‍ ഏതുനിമിഷവും ഉടമ ഓഫീസ്‌ ഒഴിപ്പിച്ചേക്കും. ഇവിടുന്നു കൂടി കുടയിറക്കിയാല്‍ അന്തിയുറങ്ങാന്‍ പോലും ഇടമില്ലാതാകും.
നാട്ടില്‍ വലിയ സാമ്പത്തിക കടബാധ്യതയുള്ളവരാണ്‌ ഇവരില്‍ പലരും. ഭക്ഷണത്തിനു പോലും വഴിയില്ലാത്തതിനാല്‍ വീട്ടിലേക്കുള്ള ടെലിഫോണ്‍ വിളികളും ഇല്ലാതായി. പ്രതീക്ഷയുടെ എല്ലാ വഴികളും അടഞ്ഞതോടെ നവയുഗം സാംസ്‌കാരിക വേദിയെ ഇവര്‍ സമീപിച്ചിരുന്നു.
തുടര്‍ന്ന്‌ നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തിന്റെയും, പ്രവര്‍ത്തകന്‍ ഷിബുകുമാര്‍ തിരുവനന്തപുരത്തിന്റെയും സഹായത്തോടെ ലേബര്‍ കോടതിയില്‍ കേസും കൊടുത്തു. എന്നാല്‍, സ്‌പോണ്‍സര്‍ ഹാജരാകാത്തതിനാല്‍ കേസ്‌ കോടതി നീട്ടിവച്ചിരിക്കുകയാണ്‌.

ചെറിയാന്‍ കിടങ്ങന്നൂര്‍
 http://www.mangalam.com/print-edition/international/300357

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin