Friday 20 March 2015


മുഖ്യമന്ത്രിയെ ജമീല ആക്രമിക്കാന്‍ ശ്രമിച്ചു; ദൃശ്യങ്ങളുമായി ശിവദാസന്‍നായര്‍
Posted on: 20 Mar 2015


തിരുവനന്തപുരം: താന്‍ ആരെയും ഉപദ്രവിച്ചില്ലെന്നും ജമീലാ പ്രകാശം മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നും കെ.ശിവദാസന്‍നായര്‍. നിയമസഭയിലെ സംഘര്‍ഷത്തിന്റെ വീഡിയൊ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ശിവദാസന്‍നായരുടെ പത്രസമ്മേളനം. മുഖ്യമന്ത്രിയെ നോക്കുകപോലും ചെയ്തില്ലെന്ന ജമീലയുടെ വാദത്തെ അദ്ദേഹം ഖണ്ഡിച്ചു.

മുഖ്യമന്ത്രിയുടെ നേര്‍ക്ക് കറുത്ത തുണിയും ധനമന്ത്രിക്കുനേരെ പത്രങ്ങളും അവര്‍ എറിഞ്ഞു. തന്നെ കടിച്ചിട്ടും താന്‍ കൈ അനക്കിയില്ല. വേദനസഹിച്ചും സംയമനം പാലിച്ചു. പ്രതിപക്ഷം സംഭവദിവസം നല്‍കിയ പരാതിയില്‍ വനിതാ എം.എല്‍.എ.മാരെ ലൈംഗികമായി ഉപദ്രവിച്ചുവെന്നില്ല. മൂന്നുദിവസത്തിനുശേഷം 16ന് നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. വേദന തിന്നും ആത്മസംയമനം പാലിച്ചതിന് ജീവിതകാലം മുഴുവന്‍ വേദനിച്ച കര്‍ണന്റെ അനുഭവം നമ്മുടെ മുമ്പിലുണ്ടെന്നും ശിവദാസന്‍നായര്‍ പറഞ്ഞു.

ധനമന്ത്രിയെ തടയുമെന്ന് പറഞ്ഞ പ്രതിപക്ഷം വനിതാ എം.എല്‍.എ.മാരെ മുഖ്യമന്ത്രിക്കുനേരെ വിടുകയായിരുന്നു. കറുത്ത ബാനര്‍ ജമീല പ്രകാശം മുഖ്യമന്ത്രിക്ക് നേരെ എറിയുന്നതിന്റെയും മന്ത്രി മാണിക്കുനേരെ പത്രം എറിയുന്നതിന്റെയും ദൃശ്യം അദ്ദേഹം പ്രദര്‍ശിപ്പിച്ചു. മുഖ്യമന്ത്രിക്ക് നേരെ കൈചൂണ്ടി എന്തോ പറയുന്നുമുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അടുത്തേക്ക് അവര്‍ നീങ്ങിയപ്പോള്‍ തടയാനാണ് താന്‍ ശ്രമിച്ചത്. ബഹളത്തിനിടയില്‍ അവിടെ ഉണ്ടായ വലിയ തള്ളലില്‍പ്പെട്ടാണ് താന്‍ മുന്‍ഭാഗത്തേക്ക് വന്നത്. തള്ളിമാറ്റുന്നതിനിടയില്‍ താനടക്കം വീഴുകയും ചെയ്തു.

മറ്റ് ദൃശ്യങ്ങളില്‍ കെ.കെ. ലതികയെ രണ്ടുപ്രാവശ്യം മേശപ്പുറത്ത് കയറ്റാന്‍ പ്രതിപക്ഷ എം.എല്‍.എ.മാര്‍ ശ്രമിക്കുന്നതും അവര്‍ താഴെ വീഴുന്നതും കാണാം. ബിജിമോള്‍ മേശപ്പുറത്തുകൂടി മുന്നിലേക്ക് വരാന്‍ ശ്രമിക്കുന്നു. മുന്‍ സ്​പീക്കര്‍ കെ. രാധാകൃഷ്ണനും മുതിര്‍ന്ന അംഗങ്ങളായ തോമസ് ഐസക്ക്, ജി. സുധാകരന്‍, എളമരം കരീം എന്നിവരും സ്​പീക്കറെ തടയുന്നതും വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളുന്നതും കാണാം.

താനടക്കമുള്ള ഭരണപക്ഷ എം.എല്‍.എ.മാര്‍ ആരെയെങ്കിലും അക്രമിക്കുന്നതിന്റെ ദൃശ്യമുണ്ടെങ്കില്‍ അവര്‍ കാണിക്കട്ടെ. തന്നെ അവര്‍ കടിച്ചതിന്റെ വിവരം പുറത്തുവന്നപ്പോള്‍ ജാള്യം മറയ്ക്കാനാണ് പകരം ആരോപണം ഉന്നയിക്കുന്നത്. ജമീല പ്രകാശത്തെ വിദ്യാര്‍ഥിയായിരിക്കുന്ന കാലം മുതല്‍ അറിയാം. സഹോദരിയായും സുഹൃത്തായും മാത്രമെ അവരെ കണ്ടിട്ടുള്ളൂ.

മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള ചുമതല തങ്ങള്‍ക്കുണ്ട്. ഇപ്പുറത്തേക്ക് വന്ന് സംഘര്‍ഷമുണ്ടാക്കിയിട്ട് ഭരണപക്ഷം കൈകെട്ടി ഇരുന്നാല്‍ പോരായിരുന്നോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ഓര്‍ത്തഡോക്‌സ് സഭയിലെ മാര്‍ ക്ലീമീസ് മെത്രാപ്പോലീത്ത, ക്‌നാനായ സമുദായത്തിലെ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത തുടങ്ങിയവരൊക്കെ തന്നെ വിളിച്ച് ധൈര്യം പകര്‍ന്നു- ശിവദാസന്‍നായര്‍ പറഞ്ഞു.

സംഘര്‍ഷവേളകളില്‍ സ്ത്രീകളെ സാധാരണ സംരക്ഷിക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി അവരെ സമരായുധമാക്കി മാറ്റിയത് പ്രതിപക്ഷത്തിന്റെ വികൃതമായ മനസ്സാണ് കാണിക്കുന്നതെന്ന് എം.എം.ഹസ്സന്‍ പറഞ്ഞു.
 http://www.mathrubhumi.com/online/malayalam/news/story/3485373/2015-03-20/kerala

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin