Wednesday 18 March 2015

മാണിക്കെതിരെ കോണ്‍ഗ്രസ് വക്താക്കള്‍; തള്ളിപ്പറഞ്ഞ് നേതൃത്വം

* മാണി അവധിയെടുക്കണമെന്ന് പന്തളം സുധാകരന്‍
* അഴിമതിക്കെതിരെ പറയാന്‍ പരിമിതിയുണ്ടെന്ന് അജയ് തറയില്‍


തിരുവനന്തപുരം:
മന്ത്രി കെ.എം.മാണിക്കെതിരെ കെ.പി.സി.സി. വക്താക്കളായ പന്തളം സുധാകരനും അജയ് തറയിലും. എന്നാല്‍, ഇവരെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മാണി കുറ്റംചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇത്തരം വക്താക്കളെ എന്തുചെയ്യണമെന്ന് കെ.പി.സി.സി. പ്രസിഡന്റാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇവരുടേത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും വക്താക്കളെ നിയന്ത്രിക്കുമെന്നും വി.എം.സുധീരനും മാധ്യമങ്ങളോട് പറഞ്ഞു.
മാണി വിശ്രമിക്കാനായി അവധിയില്‍പ്പോകണമെന്നും ധനവകുപ്പിന്റെ ചുമതല തത്കാലം ഉമ്മന്‍ചാണ്ടി ഏറ്റെടുക്കണമെന്നുമാണ് പന്തളം സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സുധീരന്‍ ഇടപെട്ട് പോസ്റ്റ് പിന്‍വലിപ്പിച്ചെങ്കിലും കേരള കോണ്‍ഗ്രസ് രൂക്ഷമായാണ് പ്രതികരിച്ചത്.

ബാര്‍കോഴ അഴിമതിയിലും മറ്റും അഭിപ്രായം പറയുന്നതിന് പരിമിതിയുണ്ടെന്നാണ് അജയ് തറയില്‍ ഇതുസംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. മന്ത്രി മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് നേരത്തേ അജയ് ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയെ നേതൃത്വം ചോദ്യംചെയ്തതോടെ വക്താവ് സ്ഥാനത്തുനിന്ന് അവധിയെടുത്തിരിക്കുകയാണ് അദ്ദേഹം.

ബാര്‍േകാഴ കേസില്‍ കുറ്റപത്രം വന്നാലും രാജിവെക്കില്ലെന്നും തനിക്കെതിരെ യു.ഡി.എഫില്‍ ഗൂഢാലോചന നടന്നെന്നും മാണി പറഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വക്താക്കള്‍തന്നെ പരസ്യമായി മാണിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചത്. മാണിയെ ഇനിയും സംരക്ഷിക്കുന്നത് കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്ന് ഒരുവിഭാഗം നേതാക്കള്‍ കരുതുന്നു. ഇതിന്റെ പ്രകടനമാണ് വക്താക്കളുടെ അഭിപ്രായത്തിലൂടെ പരസ്യമായത്.

എന്നാല്‍, ഇതൊന്നും പാര്‍ട്ടിയുടെയോ യു.ഡി.എഫിന്റെയോ അഭിപ്രായമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'അവരുടെ സ്വന്തം അഭിപ്രായമാണ്. മാണി കുറ്റം ചെയ്തിട്ടില്ലെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു' -മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന കെ.പി.സി.സി. നേതൃയോഗത്തിലും അഴിമതിക്കെതിരെ മാണിയെ ലക്ഷ്യമിട്ട് രൂക്ഷവിമര്‍ശം ഉയര്‍ന്നിരുന്നു. അഴിമതി യു.ഡി.എഫിന്റെ ഭാവി നശിപ്പിക്കുമെന്ന വികാരമാണ് ഈ യോഗത്തിലുണ്ടായത്. ബുധനാഴ്ച യു.ഡി.എഫിന്റെ നേതൃയോഗം നടക്കുന്നതിന് മുമ്പാണ് പന്തളം തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തതും പിന്‍വലിച്ചതും.

മാണി വിശ്രമിക്കാനായി അവധിയെടുക്കണമെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്ന് പന്തളം സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മകന്റെ പ്രായമുള്ള ഒരാളെന്ന നിലയ്ക്കാണ് ഇങ്ങനെ പറഞ്ഞത്. എന്നാല്‍, ഈ അഭിപ്രായം തെറ്റിദ്ധരിക്കപ്പെട്ടു. അതിനാല്‍ ഖേദപൂര്‍വം പിന്‍വലിക്കുന്നു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പന്തളം വ്യക്തമാക്കി.
പന്തളത്തിന്റെ നിലപാട് ശുദ്ധ അബദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസഫ് എം.പുതുശ്ശേരി പറഞ്ഞു. ഇത്തരത്തില്‍ മറ്റ് ചിലരെക്കുറിച്ച് ചില അഭിപ്രായങ്ങള്‍ കേരള കോണ്‍ഗ്രസ്സിനും പറയാനുണ്ട്. എന്നാല്‍, മുന്നണിമര്യാദ പാലിക്കുന്നതുകൊണ്ടാണ് പറയാത്തത്- പുതുശ്ശേരി പ്രതികരിച്ചു.

മാണി വിശ്രമിച്ചാല്‍
പാപക്കറ കഴുകിക്കളയാം


പന്തളം സുധാകരന്റെ വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് :

ആദരണീയനായ ധനമന്ത്രി ശ്രീ. കെ.എം.മാണിക്ക് ഇനി വേണ്ടത് അല്പം വിശ്രമമാണ്. കഴിഞ്ഞ ആറുമാസമായി ആരോപണങ്ങളുടെയും രാഷ്ട്രീയമായ ആക്രമണങ്ങളുെടയും പത്മവ്യൂഹത്തിലായിരുന്നു മാണി സാര്‍. എന്നാല്‍, അതെല്ലാം ഭേദിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ചെറുത്തുനില്‍പ്പിനെയും അക്രമങ്ങളെയും അതിജീവിച്ച് ധീരമായി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.
അങ്ങനെ യുഡിഎഫിന് മുന്നില്‍ വിജയശ്രീലാളിതനായി നില്‍ക്കുകയാണ് കെ.എം.മാണി. എന്നാല്‍, കേരളരാഷ്ട്രീയത്തിലെ വന്ദ്യവയോധികനാണ് അദ്ദേഹം. ശാരീരികമായും മാനസികമായും അദ്ദേഹം ഇക്കഴിഞ്ഞ നാളുകളില്‍ ഏറ്റ ആക്രമണത്തിനു കണക്കില്ല. ഉജ്ജ്വലമായ ഒരു തിരിച്ചുവരവിനുള്ള ഊര്‍ജം ആവാഹിക്കാനായി അദ്ദേഹത്തോട് കുറച്ചുനാളത്തേക്ക് വിശ്രമിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കണം.
അതിനിടയില്‍ ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാനും ധനമന്ത്രിക്ക് തീര്‍ച്ചയായും സാധിക്കും. ചികിത്സയ്ക്കായും അദ്ദേഹത്തിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. കേരളരാഷ്ട്രീയത്തിലെ സംഘര്‍ഷാന്തരീക്ഷത്തിനും ആ വിശ്രമം അയവുവരുത്തും. ധനമന്ത്രിയുടെ ചുമതല തത്കാലം മുഖ്യമന്ത്രിക്കുതന്നെ വഹിക്കാവുന്നതേയുള്ളൂ. യു.ഡി.എഫ്. ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനം എടുക്കണം.
വക്താക്കളുമായി നാളെ ചര്‍ച്ച
കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ പാര്‍ട്ടി വക്താക്കള്‍തന്നെ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍. ഇതിനായി വക്താക്കള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കും. വക്താക്കളുമായി ഇക്കാര്യത്തില്‍ 20ന് താന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
 http://www.mathrubhumi.com/story.php?id=531890

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin