തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി എംഎം മണിക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. മാധ്യമ റിപ്പോര്‍ട്ടുകള്‍ അടക്കമുള്ളവ പരിഗണിച്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. മണിയുടെ പരാമര്‍ശം അവഹേളനപരവും ശിക്ഷാര്‍ഹവുമാണെന്ന് വനിതാ കമ്മീഷന്‍ അംഗം ജെ. പ്രമീളാദേവി മാധ്യമങ്ങളോട് പറഞ്ഞു. വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അവര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ വേദനിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും മൂന്നാറിലെ സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു
മന്ത്രി എം.എം മണി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തിനെതിരെ കക്ഷിഭേദമന്യേ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മന്ത്രി മണിയെ തള്ളി മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയും പ്രതികരിക്കുകയും ചെയ്തിരുന്നു. മണി നേരിട്ടെത്തി മാപ്പ് പറയണമെന്നും മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ കുത്തിയിരിപ്പ് സമരം ശക്തമാക്കിയിട്ടുമുണ്ട്.
മൂന്നാര്‍ ഒഴിപ്പിക്കലിനെതിരെയും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന് എതിരെയും മന്ത്രി എം.എം മണി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശമാണ് വിവാദമായത്. മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാറിന് അവിടുത്തെ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടിയെന്ന് അദ്ദേഹം ആരോപിച്ചു. അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമര സമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
http://www.mathrubhumi.com/news/kerala/mm-mani-prameela-devi-pinarayi-vijayan-1.1892162