Tuesday 17 March 2015


നിയമസഭയെ ചുംബനവേദിയാക്കിയതിന് എതിരെ കേസെടുക്കണം വി.എസ്‌
Posted on: 17 Mar 2015


തിരുവനന്തപുരം: നിയമസഭയെ ചുംബനവേദിയാക്കിയ മന്ത്രി കെ.എം.മാണിയേയും കൂട്ടരേയും അറസ്റ്റ് ചെയ്യേണ്ടതായിരുന്നില്ലേയെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ചോദിച്ചു. അഞ്ച് എം.എല്‍.എ.മാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയില്‍ ബജറ്റ് എന്നു പറഞ്ഞ് എന്തോ വായിച്ചതിന്റെ പേരില്‍ മാണിക്ക് ഭരണകക്ഷിക്കാര്‍ തുരുതുരാ ഉമ്മ കൊടുക്കുകയായിരുന്നു. മുമ്പ് പരസ്യമായി ചുംബനസമരം നടത്തിയവരെ രമേശ് ചെന്നിത്തലയടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിഷ്പക്ഷനായിരിക്കേണ്ട സ്​പീക്കര്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ വക്താവായതില്‍ വ്യസനമുണ്ട്. ജി. കാര്‍ത്തികേയന്റെ നിര്യാണത്തത്തുടര്‍ന്ന് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് സഭയില്‍ ലഡു വിതരണം ചെയ്തത്. വനിതാ എം.എല്‍.എ.മാരോട് ഒരു മന്ത്രിയും മുന്‍മന്ത്രിയും എം.എല്‍.എ.മാരും കാട്ടിയ സദാചാരവിരുദ്ധനടപടികളെ സ്​പീക്കറും മുഖ്യമന്ത്രിയും അപലപിച്ചില്ല. ദുശ്ശാസനവേഷം കെട്ടിയവരാണ് സഭയില്‍ ഇതൊക്കെ ചെയ്തത്. പുരാണത്തില്‍ ദുശ്ശാസനന്റെ ഗതി എന്തായിരുന്നുവെന്ന് പറയേണ്ടല്ലോ. സഭയിലുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഒരു എസ്.ഐ.യെ ചുമതലപ്പെടുത്താന്‍ തുനിഞ്ഞ സ്​പീക്കറുടെ നടപടിയും അപലപനീയമാണ്. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ലെങ്കില്‍ എന്തു ചെയ്യും?

ബജറ്റ് വില്‍ക്കുക എന്നു പറഞ്ഞാല്‍ മൂന്നരക്കോടിയോളം വരുന്ന ജനങ്ങളെ വില്‍ക്കുകയെന്നാണ് അര്‍ഥം. അഴിമതിയുടെ ദുര്‍മേദസുമായി നടക്കുന്ന മാണിയെക്കൊണ്ടുതന്നെ ബജറ്റ് അവതരിപ്പിക്കണം എന്ന വാശി എന്തിനുവേണ്ടിയായിരുന്നു? സ്​പീക്കര്‍ അധ്യക്ഷത വഹിച്ചാല്‍ മാത്രമേ സഭ ചേര്‍ന്നതായി കരുതാനാകൂ. അതുണ്ടായോ? വി.എസ് ചോദിച്ചു.

 http://www.mathrubhumi.com/online/malayalam/news/story/3480679/2015-03-17/kerala

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin