Wednesday 11 March 2015

ബൈബിളുമായി മാണിയെ 'രക്ഷിക്കാൻ' വി.എസ്,​ ചെകുത്താൻ വേദം ഓതേണ്ടെന്ന് മാണി
Posted on: Wednesday, 11 March 2015


  ബിജു രമേശിന് എതിരെ ഒരാഴ്‌ചയ്ക്കുള്ളിൽ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യും

തിരുവനന്തപുരം: 'കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തിൽ കെ.എം. മാണി വീണു പോകുന്നത് ഓർക്കാൻ വയ്യെ"ന്ന്  പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. 'അന്തിക്രിസ്‌തു ജനിക്കും എന്നൊരു ചൊല്ലുണ്ടെന്നും വി.എസിന്റെ വാക്കുകൾ ചെകുത്താൻ വേദം ഓതും പോലെയാണെ"ന്നും കെ.എം. മാണി. ബാർകോഴ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഇറങ്ങിപ്പോക്ക്  പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തിലാണ് ബൈബിൾ വചനങ്ങൾ ഉദ്ധരിച്ച് മാണിക്കെതിരെ ആഞ്ഞടിച്ചത്. ബിജു രമേശിന് എതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യാത്തതെന്തെന്ന ചോദ്യത്തിന് മറുപടിയായി ഒരാഴ്‌ചയ്‌ക്കുള്ളിൽ കേസ് ഫയൽ ചെയ്യുമെന്ന് മാണി പറഞ്ഞു.

'ഈ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്‌ടപ്പെടുത്തിയാൽ പിന്നെ എന്തു പ്രയോജനം" എന്ന മത്തായിയുടെ സുവിശേഷം ഉദ്ധരിച്ച ശേഷം, 'കള്ളത്തരങ്ങളും മോഷണങ്ങളും നീ നടത്തിയാൽ കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തിൽ നീ വീണുപോകും" എന്ന വചനവും എടുത്തു പറഞ്ഞു. അതുകൊണ്ട് മന്ത്രി സ്ഥാനം രാജിവച്ച് ചെയ്‌തുപോയ അപരാധങ്ങളെല്ലാം ഏറ്റു പറഞ്ഞ് ഈ മഹാപാപത്തിൽ നിന്നു കരകയറണമെന്നും വി.എസ് പറഞ്ഞു.
മാണിയുടെ വക്കീൽ നോട്ടീസിനു മറുപടിയായി ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്ന്  ബിജു രമേശ് വ്യക്തമാക്കിയിട്ടും ബിജുവിനെതിരെ  മാനനഷ്‌ടക്കേസ് കൊടുക്കുന്നില്ല. കേസ് വിജയിച്ചാൽ ആരോപണ മുക്തനായി അഗ്നിശുദ്ധി വരുത്തി തിരിച്ചു വരാം, ഒപ്പം പത്തു കോടി രൂപയുംകിട്ടും. പത്തു കോടി കിട്ടിയാൽ ഇനിയുള്ള വർഷങ്ങളിലെങ്കിലും കോഴ വാങ്ങാതിരിക്കാൻ കഴിയുമായിരുന്നില്ലേയെന്നും വി.എസ് ചോദിച്ചു.
ബാർകോഴ കേസിൽ പ്രതിയായ മാണിയെ അറസ്‌റ്റു ചെയ്‌ത് ചോദ്യം ചെയ്യണമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ചു കൊണ്ട് എസ്. ശർമ്മ ആവശ്യപ്പെട്ടു. മാണി നുണ പരിശോധനയ്‌ക്കു തയ്യാറുണ്ടോയെന്ന് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു കൊണ്ട് സി.പി.ഐ നിയമസഭാകക്ഷി നേതാവ് സി. ദിവാകരൻ ചോദിച്ചു. തുടർന്ന് കക്ഷി നേതാക്കളായ മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രൻ എന്നിവരും അവരുടെ കക്ഷികളുടെ  ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ച് സഭ വിട്ടിറങ്ങി.

 http://news.keralakaumudi.com/news.php?nid=3fde8a803e9b260fb4d13eab89a3a067

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin