Tuesday 17 March 2015

ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം: പ്രധാനമന്ത്രി ഇടപെടുന്നു

ന്യൂഡല്‍ഹി: ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ അടിയന്തര നടപടിക്ക്‌ പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഹരിയാനയില്‍ പള്ളി ആക്രമിക്കപ്പെട്ടതും ബംഗാളില്‍ കന്യാസ്‌ത്രീ കൂട്ടമാനഭംഗത്തിന്‌ ഇരയായതും രാജ്യവ്യാപക പ്രതിഷേധത്തിനു വഴിമാറിയ സാഹചര്യത്തിലാണിത്‌. ഈ സംഭവങ്ങളില്‍ അടിയന്തര റിപ്പോര്‍ട്ട്‌ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഭ്യന്തര വകുപ്പിനു നിര്‍ദേശം നല്‍കി.
അതേസമയം, ക്രമസമാധാനം കാത്തുസൂക്ഷിക്കേണ്ടത്‌ പ്രധാനമായും സംസ്‌ഥാന സര്‍ക്കാരുകളുടെ ജോലിയാണെന്നും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും കേന്ദ്ര മന്ത്രി വെങ്കയ നായിഡു പറഞ്ഞു. ഇന്നലെ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു വെങ്കയ്യ നായിഡുവിന്റെ മറുപടി. കാര്യങ്ങളെ രാഷ്‌ട്രീയവത്‌കരിക്കരുതെന്നും നായിഡു പറഞ്ഞു.
ബി.ജെ.പി. ഭരണത്തിന്‍ കീഴില്‍ രാജ്യത്താകമാനം ഉണ്ടായിട്ടുള്ള ന്യൂനപക്ഷവിരുദ്ധ അസഹിഷ്‌ണുതയാണ്‌ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പി. സാഗതാ ഡേയുടെ ആരോപണം.
പശ്‌ചിമ ബംഗാള്‍ സംഭവത്തില്‍ സംസ്‌ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനു നേരേ വിമര്‍ശനം ഉന്നയിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു സാഗതയുടെ പ്രതികരണം.
കഴിഞ്ഞ ശനിയാഴ്‌ച ഗഗന്‍പൂരിലെ കോണ്‍വെന്റ്‌ സ്‌കൂളില്‍ ഒന്‍പതംഗ സംഘം മോഷണം നടത്തുകയും വയോധികയായ കന്യാസ്‌ത്രീയെ മാനഭംഗപ്പെടുത്തുകയുമായിരുന്നു. സംഭവത്തെത്തുടര്‍ന്നു നൂറുകണക്കിനു വരുന്ന പ്രതിഷേധക്കാര്‍ തിങ്കളാഴ്‌ച മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനവ്യൂഹം ഒരു മണിക്കൂറോളം തടഞ്ഞിരുന്നു.
ഹരിയാനയിലെ കൈമരിയില്‍ നിര്‍മാണത്തിലുള്ള പള്ളി തകര്‍ക്കുകയും കുരിശിനു പകരം ഹനുമാന്‍ വിഗ്രഹം സ്‌ഥാപിക്കുകയും ചെയ്‌ത സംഭവത്തില്‍ ഗ്രാമമുഖ്യന്‍ ഉള്‍പ്പെടെ അറസ്‌റ്റിലായിട്ടുണ്ട്‌.

 http://www.mangalam.com/print-edition/india/295113

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin