Tuesday 17 March 2015

പള്ളി ആക്രമണം,മാനഭംഗം:പ്രധാനമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു
Posted on: Wednesday, 18 March 2015


ന്യൂഡൽഹി:  പശ്‌ചിമബംഗാളിലെ റാണാഘട്ടിൽ 71കാരിയായ കന്യാസ്‌ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവത്തെയും ഹരിയാനയിലെ ഹിസാറിൽ പള്ളിക്കു നേരെയുണ്ടായ അക്രമത്തെയും  പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. രണ്ടു സംഭവങ്ങളും കടുത്ത നടുക്കവും വേദനയുമുണ്ടാക്കിയെന്ന്  പ്രധാനമന്ത്രി പറഞ്ഞു.  യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങളും സ്വീകരിച്ച നടപടികളും വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ പശ്‌ചിമബംഗാൾ, ഹരിയാന സർക്കാരുകളോട്  പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.

കന്യാസ്‌ത്രീയുടെ മാനഭംഗം, ഹിസാറിലെ പള്ളി ആക്രമണം, സുബ്രഹ്‌മണ്യ സ്വാമിയുടെ വിവാദ പ്രസ്‌താവന എന്നിവ പാർലമെന്റിന്റെ ഇരു സഭകളിലും ബഹളത്തിനിടയാക്കി.
ഡൽഹിയിൽ ക്രൈസ്‌തവ ദേവാലയങ്ങൾക്കു നേരെയുണ്ടായ അക്രമങ്ങളിൽ  പ്രധാനമന്ത്രി പ്രസ്‌താവന നടത്താൻ വൈകിയത് വിമർശനത്തിനിടയാക്കിയിരുന്നു. പശ്‌ചിമബംഗാളിലെ കന്യാസ്‌ത്രീയുടെ വിഷയം പാർലമെന്റിൽ രണ്ടു ദിവസമായി പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ഇതു കണക്കിലെടുത്താണ് പ്രധാനമന്ത്രി ഇടപെടലുണ്ടായത്.
പശ്‌ചിമ ബംഗാൾ, ഹിസാർ വിഷയങ്ങൾക്കൊപ്പം അസാമിൽ ബി.ജെ.പി നേതാവ് സുബ്രഹ്‌മ‌ണ്യൻ സ്വാമി നടത്തിയ വിവാദ പ്രസ്‌താവനയും ഇന്നലെ കോൺഗ്രസ്, ഇടത്, ജെ.ഡി.യു അംഗങ്ങൾ ഇരു സഭകളിലും ഉന്നയിച്ചു. ദൈവങ്ങൾ ഉള്ളത് ഹിന്ദു ക്ഷേത്രങ്ങളിലാണെന്നും മറ്റു മതങ്ങളുടെ ആരാധനാലയങ്ങൾ വെറും കെട്ടിടങ്ങളായതിനാൽ  ഇടിച്ചു നിരത്താമെന്നുമാണ് അസാമിൽ സുബ്രഹ്‌മണ്യൻ സ്വാമി പറഞ്ഞത്. ലോക്‌സഭയിൽ ഇക്കാര്യം പരാമർശിച്ച കോൺഗ്രസ് അംഗം ഗൗരവ് ഗോഗോയി ന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്ന് പറഞ്ഞു. ബി.ജെ.പി രാജ്യത്ത് മതവികാരം വ്രണപ്പെടുത്തുകയാണെന്ന് കോൺഗ്രസ് അംഗം ആദിർ രഞ്ജൻ ചൗധരിയും സി.പി.എമ്മിലെ മുഹമ്മദ് സലീമും ആരോപിച്ചു.
ബംഗാൾ സംഭവത്തിന് ഉത്തരവാദി പശ്‌ചിമബംഗാൾ സർക്കാരാണെന്ന് ബി.ജെ.പി പ്രതികരിച്ചു. ഇതു പ്രതിരോധിച്ച തൃണമൂൽ കോൺഗ്രസിന്റെ സൗഗതാ റോയ് മുഖ്യമന്ത്രി മമതാ ബാനർജി കന്യാസ‌്‌ത്രീകളെ സന്ദർശിച്ചെന്നും പ്രതികളെ പിടികൂടാൻ നടപടി സ്വീകരിച്ചെന്നും പറഞ്ഞു. ഇതു ശരിവച്ച പാർലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു കേന്ദ്രസർക്കാർ എല്ലാവർക്കും നീതി ലഭ്യമാക്കുമെന്നും ആരോടും പ്രീണനമില്ലെന്നും വ്യക്തമാക്കി.
പള്ളികൾ തകർക്കാമെന്ന സ്വാമിയുടെ പ്രസ്‌താവനയെ ചൊല്ലിയായിരുന്നു രാജ്യസഭയിൽ ബഹളം. കോൺഗ്രസ് അംഗം പ്രമോദ് തിവാരി വിഷയം ഉന്നയിച്ചപ്പോൾ മറ്റു പ്രതിപക്ഷ അംഗങ്ങളും പിന്തുണ നൽകി. ബഹളത്തെ തുടർന്ന് സഭ കുറച്ചു നേരം നിറുത്തിവയ്‌ക്കുകയും ചെയ്‌തു.

 http://news.keralakaumudi.com/news.php?nid=65c994080002d16e5b0d17720fd658eb

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin