Tuesday 10 March 2015

സന്യാസ സഭാംഗങ്ങളായ അധ്യാപകര്‍ക്ക് നികുതി ചുമത്താമെന്ന ഉത്തരവിനു സ്റേ






 
കൊച്ചി: സന്യാസ സഭാംഗങ്ങളായ സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍-കോളജ് അധ്യാപകരുടെ ശമ്പളത്തില്‍നിന്ന് ആദായനികുതി പിരിക്കാനുള്ള നികുതിവകുപ്പിന്റെ ഉത്തരവ് ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് കെ. ഹരിലാല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സ്റേ ചെയ്തു. ഇടുക്കി രാജമുടി എസ്എച്ച് നവജ്യോതി പ്രോവിന്‍സ് മദര്‍ സുപ്പീരിയര്‍ ഉള്‍പ്പെടെ ഒരുകൂട്ടം സന്യാസിനി സമൂഹങ്ങള്‍ നല്‍കിയ അപ്പീലിലാണു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ഹര്‍ജിയുടെ കാര്യത്തില്‍ നിലപാട് അറിയിച്ചിട്ടില്ലെന്നും വര്‍ഷങ്ങളായി ലഭിച്ചിരുന്ന അവകാശം ഇല്ലാതാക്കുന്നതു ശരിയല്ലെന്നുമുള്ള വാദം പരിഗണിച്ചാണ് ഉത്തരവ്. അപ്പീല്‍ ജൂണ്‍ പത്തിനു വീണ്ടും പരിഗണിക്കും. അതിനു മുമ്പു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് നിലപാടു വ്യക്തമാക്കണമെന്നു കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സന്യാസ സഭാംഗങ്ങളുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ഉള്‍പ്പെടുന്ന വരുമാനത്തിനു നികുതി ബാധകമാക്കേണ്ടതില്ലെന്ന് 1944ല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് റവന്യൂവും 1977ല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു വിരുദ്ധമായി ചില നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ സന്യാസ സഭാംഗങ്ങളായ അധ്യാപകരില്‍നിന്നു നികുതി പിരിക്കാന്‍ നിര്‍ദേശം നല്‍കിയതിനെ ചോദ്യംചെയ്താണു സന്യാസസഭകള്‍ ഹര്‍ജി സമര്‍പ്പിച്ചത്. സന്യാസ സഭാംഗങ്ങളായ സ്കൂള്‍-കോളജ് അധ്യാപകരുടെ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സഭയുടെ നിയമപ്രകാരം സഭയ്ക്കു നല്‍കണമെന്നു വ്യവസ്ഥയുണ്െടങ്കില്‍ തന്നെ അവര്‍ വ്യക്തിപരമായി ശമ്പളവും പെന്‍ഷനും മറ്റും കൈപ്പറ്റുന്ന സാഹചര്യത്തില്‍ അവരില്‍നിന്ന് ആദായ നികുതി ഈടാക്കാമെന്നാണു സിംഗിള്‍ ബെഞ്ച് വിധിച്ചത്. ഈ വിധി സ്റേ ചെയ്തുകൊണ്ടാണു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഇന്‍കം ടാക്സ് ഓഫീസര്‍ (ടിഡിഎസ്) കോട്ടയം, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (എഡ്യൂക്കേഷന്‍) കോട്ടയം, ഡെപ്യൂട്ടി ട്രഷറി ഓഫീസര്‍ ഇടുക്കി എന്നിവരാണു കേസിലെ എതിര്‍കക്ഷികള്‍.
 http://www.deepika.com/ucod/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin