അന്ന് കന്യാസ്‌ത്രീ; ഇന്ന് മെല്‍വിന്റെ ഭാര്യ...!
കൊലക്കുറ്റത്തിന് ജയില്‍ശിക്ഷ നേരിടുന്ന കാലത്ത് മെല്‍വിന്‍ വിവാഹം കഴിച്ചത് കന്യാസ്‌ത്രീയായിരുന്ന ബിയാട്രിസിനെ. മെല്‍വിന്റെ അത്യപൂര്‍വ ജീവിതകഥ.
ഒരു ക്രിസ്‌മസ് തലേന്നാണ് മെല്‍വിന്‍ പാദുവ എന്ന ഇരുപത്തിയൊന്നുകാരന്റെ മുന്നില്‍ ജയിലിന്റെ ഇരുമ്പു വാതില്‍ തുറക്കുന്നത്. 1994 ഡിസംബര്‍ 24ന്. ബിയാട്രിസ് എന്ന കന്യാസ്‌ത്രീ തന്റെ ജീവിതം നല്‍കി ശുദ്ധീകരിച്ച മെല്‍വിന്റെ മുന്നില്‍ മോചനത്തിന്റെ വെളിച്ചവുമായി ആ വാതില്‍ തുറന്നത് 2013 ഡിസംബര്‍ 21ന് വീണ്ടും ഒരു ക്രിസ്‌മസ് കാലത്ത്. മെല്‍വിന്റെ തടവുജീവിതം പത്തൊന്‍പതു വര്‍ഷംപൂര്‍ത്തിയാവാന്‍ മൂന്നു ദിവസങ്ങളുടെ കുറവുമാത്രം.
വേദനയുടെ ക്രിസ്‌മസ് 1994 ഡിസംബര്‍ 23
മുംബൈയില്‍ നിന്നു കേരളത്തിലേക്കുള്ള ട്രെയിനില്‍ കയറിയ സെലീനാമ്മ എന്ന യുവതിയെ കോട്ടയത്ത് എത്തിയപ്പോള്‍ ടോയ്‌ലറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സാഹചര്യ തെളിവുകള്‍ മെല്‍വിന്‍ പാദുവ എന്ന ചെറുപ്പക്കാരന് എതിരായിരുന്നു. മുംബൈയില്‍ ജോലിയുണ്ടായിരുന്ന മെല്‍വിനും ആ ട്രെയിനിലെ യാത്രക്കാരനായിരുന്നു.എറണാകുളത്തെ ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു ബിരുദധാരിയായ മെല്‍വിന്‍. മാതാപിതാക്കള്‍ പൊതുമേഖലാ സ്‌ഥാപനത്തില്‍ ഉദ്യോഗസ്‌ഥര്‍. ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട കേസിനെക്കുറിച്ച് ഓര്‍ക്കാന്‍ മെല്‍വിനിന്ന് ഇഷ്‌ടപ്പെടുന്നില്ല. 'ആ സംഭവം രണ്ടു കുടുംബങ്ങളെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചുകഴിഞ്ഞു. സമൂഹത്തിനും നീതിപീഠത്തിനും മുന്നില്‍ ഞാനാണു കുറ്റക്കാരന്‍. അത് അങ്ങനെതന്നെ ഇരിക്കട്ടെ...' മെല്‍വിന്‍ പറയുന്നു. ആ കേസോടെ മെല്‍വിന്റെ ജീവിതത്തില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അകന്നു. അമ്മ വിരോണി വില്യം മാത്രം മകന്‍ ഒരുനാള്‍ തിരിച്ചുവരും എന്ന ഉറപ്പില്‍ കര്‍ത്താവിന്റെ ചിത്രത്തിനു മുന്നില്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനകളെല്ലാം കര്‍ത്താവു കേട്ടിരിക്കണം. അമ്മക്കൊപ്പം ഇന്നു മെല്‍വിനുണ്ട്.
ഒരു ക്രിസ്‌മസ് സമ്മാനം 1995 ഡിസംബര്‍ 16
അന്നാണ് മെല്‍വിനെത്തേടി തടവറയിലേക്ക് ഒരു കത്തു വന്നത്. അയച്ചിരിക്കുന്നത് എറണാകുളത്തെ പ്രശസ്‌തമായ മഠത്തില്‍നിന്ന് ബിയാട്രിസ് എന്നൊരു കന്യാസ്‌ത്രീ. മെല്‍വിനെക്കുറിച്ചുള്ള പത്രവാര്‍ത്തകണ്ടിട്ടാണ് സിസ്‌റ്റര്‍ കത്തെഴുതിയത്.'മകനേ നീ ദൈവത്തോട് പ്രാര്‍ത്ഥിക്കൂ...അവനോടു നീ ഉള്ളുതുറക്കൂ...അവനോടു നീ അടുക്കൂ...' ആ കത്തു പറഞ്ഞു. ഏതോ പ്രായംചെന്നൊരു കന്യാസ്‌ത്രീ സുവേശഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അയച്ച അനേകം കത്തുകളില്‍ ഒന്ന് എന്നാണു മെല്‍വിന്‍ കരുതിയത്. തടവറയിലെ പരുക്കന്‍ തറയിലിരുന്ന് അന്നുതന്നെ മെല്‍വിന്‍ മറുപടി എഴുതി.
'ദൈവത്തെ ഓര്‍ത്ത് എനിക്കിനി കത്തയക്കരുത്. എന്റെ ജീവിതം ഇങ്ങനായി. എന്റെ അവസ്‌ഥ മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കാന്‍ പുറത്തുള്ളവരെ നിങ്ങള്‍ ബോധവല്‍ക്കരിക്കൂ...' അതോടെ ആ അധ്യായം അവസാനിച്ചു എന്നാണ് കരുതിയത്. എന്നാല്‍ മെല്‍വിന്റെ ധാരണ പൊളിച്ചുകൊണ്ട് വീണ്ടും കത്തുകള്‍ വന്നു.'അന്ന് എനിക്ക് തുറന്നു സംസാരിക്കാനുള്ളത് അമ്മമാത്രമാണ്. അമ്മ ജയിലില്‍വന്ന് എന്നെ കാണും. കത്തിനെക്കുറിച്ചു ഞാന്‍ അമ്മയോട് സൂചിപ്പിച്ചു. നിന്റെ മനസിലുള്ള ഭാരമൊക്കെ എവിടെയെങ്കിലും ഇറക്കിവെക്കാനാണ് അമ്മ പറഞ്ഞത്.
കത്തയക്കുന്ന കന്യാസ്‌ത്രീ സഭയുടെതന്നെ ആശുപത്രിയില്‍ വാര്‍ഡ് ഇന്‍ ചാര്‍ജ് ആണെന്നു സൂചിപ്പിച്ചിരുന്നു. അതു മനസില്‍വച്ച് അവര്‍ക്ക് അറുപത്തി അഞ്ച് വയസെങ്കിലും കാണും എന്നു ഞാന്‍ കരുതി. കത്തിലെ ഭാഷയും പരാമര്‍ശങ്ങളും പക്വതയെത്തിയ ഒരാളുടേതായിരുന്നു. ഞാന്‍ സുദീര്‍ഘമായ കത്തുകള്‍ അവര്‍ക്ക് എഴുതാന്‍ തുടങ്ങി. അമ്മ കാണാന്‍ വരുമ്പോള്‍ പേപ്പര്‍ വാങ്ങിക്കൊണ്ടുവരും. ഒരു മനുഷ്യനു മറ്റൊരു മനുഷ്യനോട് എന്തെല്ലാം പറയാമോ അതെല്ലാം ഞാന്‍ കത്തിലൂടെ പറഞ്ഞു. മഠത്തില്‍നിന്നുള്ള കത്തിനുവേണ്ടി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി. പിന്നീട് കത്തിനൊപ്പം പുസ്‌തകങ്ങളും എന്നെ തേടിയെത്തി.'
ജീവിതത്തിലേക്ക് ഒരു പരോള്‍ 1997 മാര്‍ച്ച് 11
ജയിലിലേക്കു പോകുമ്പോഴുള്ള നിരാശനും ദുഃഖിതനുമായ മെല്‍വില്‍ ആയിരുന്നില്ല പരോള്‍നേടി പുറത്തുവന്നത്. ദൈവവിശ്വാസവും പുത്തന്‍ പ്രതീക്ഷകളും മെല്‍വിനില്‍ നിറഞ്ഞിരുന്നു. പത്തു ദിവസമായിരുന്നു പരോള്‍. വീട്ടില്‍ വന്ന് അമ്മയെക്കണ്ട് അപ്പോള്‍ത്തന്നെ ഇറങ്ങി. പതിവായി കത്തെഴുതുന്ന ആ കന്യാസ്‌ത്രീയെ കാണണം. അവര്‍ അയച്ചുതന്ന രണ്ടു പുസ്‌തകങ്ങള്‍ തിരികെ നല്‍കണം.സഭയുടെതന്നെ ആശുപത്രിയിലാണ് അവര്‍ ജോലിചെയ്യുന്നത്. ആശുപത്രിയില്‍ എത്തി പേരു പറഞ്ഞപ്പോള്‍ സിസ്‌റ്റര്‍ വാര്‍ഡിലാണെന്ന് അറിയാന്‍ കഴിഞ്ഞു. 'വാര്‍ഡില്‍ നാലഞ്ചു കന്യാസ്‌ത്രീകള്‍ നില്‍ക്കുന്നതുകണ്ടു. കൂട്ടത്തില്‍ അറുപതിനുമേല്‍ പ്രായമുള്ള രണ്ടുപേരില്‍ ആരാണ് സിസ്‌റ്റര്‍ ബിയാട്രിസ് എന്ന സംശയത്തില്‍ അവരുടെ അടുത്തേക്കു ചെന്ന് അന്വേഷിച്ചു.
മറുപടിയായി 'മെല്‍വിയല്ലേ ?' എന്ന ചോദ്യം വന്നത് കഷ്‌ടിച്ച് ഇരുപതുവയസു വരുന്നൊരു കന്യാസ്‌ത്രീയില്‍നിന്നായിരുന്നു. എന്റെ എല്ലാ സങ്കല്‍പ്പങ്ങളും തകര്‍ന്നു. വളരെ പ്രായം ചെന്ന ഒരു കന്യാസ്‌ത്രീ എന്നു കരുതിയാണ് ഞാന്‍ എല്ലാ രഹസ്യങ്ങളും അവര്‍ക്കെഴുതിയത്.' ബിയാട്രിസിന്റെ മുന്നില്‍നിന്ന് മെല്‍വിന്‍ മെഴുകുതിരിപോലെ ഉരുകി. മെല്‍വിന് അവിടെനിന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍ തോന്നി. പുസ്‌തകം ബിയാട്രിസിനു കൊടുത്ത് കണ്ണില്‍ നോക്കാതെ 'ഞാന്‍ പോകുന്നു' എന്നുമാത്രം പറഞ്ഞു. മഠത്തിലേക്കു ചെല്ലാന്‍ സിസ്‌റ്റര്‍ ആവശ്യപ്പെട്ടു.
മഠത്തില്‍ ഇരുന്നു സംസാരിച്ചെങ്കിലും മെല്‍വിന്റെ മനസില്‍ തീ കത്തുകയായിരുന്നു. അവിടെനിന്നും ഇറങ്ങാന്‍നേരം ഇത് നമ്മുടെ അവസാന കൂടിക്കാഴ്‌ചയാണെന്ന് മെല്‍വിന്‍ സിസ്‌റ്ററോടു പറഞ്ഞു. പക്ഷേ മെല്‍വിനു ബിയാട്രിസിനെ കാണാതിരിക്കാന്‍ ആവുമായിരുന്നില്ല. അമ്മയുടെ പ്രാര്‍ത്ഥനയും ബിയാട്രിസിന്റെ വാക്കുകളും മാത്രമായിരുന്നു മെല്‍വിന്റെ ജീവിതത്തിലെ വെളിച്ചം. വീണ്ടും മഠത്തിലെത്തിയ മെല്‍വിന്‍ 'പഴയപോലെ സിസ്‌റ്ററെക്കാണാന്‍ എനിക്കു ചിലപ്പോള്‍ ഇനി കഴിഞ്ഞില്ലെന്നുവരും' എന്നു പറഞ്ഞാണ് ഇറങ്ങിയത്. അതിനു മറുപടിയായി 'എനിക്കും എന്തൊക്കെയോ സംഭവിക്കുന്നുണ്ട്' എന്നായിരുന്നു ബിയാട്രിസിന്റെ മറുപടി.
താന്‍ പെട്ടിരിക്കുന്ന അവസ്‌ഥയെക്കുറിച്ച് ഒന്നു മനസു തുറക്കാന്‍ മെല്‍വിന് ആരും ഉണ്ടായിരുന്നില്ല. അന്നുരാത്രി അമ്മയോട് സംഭവങ്ങള്‍ എല്ലാം പറഞ്ഞു. 'കേട്ടതു വിശ്വസിക്കാനാവാതെ അമ്മ തുറിച്ചുനോക്കി. നീ ഉണ്ടാക്കിവെച്ച ഒരു പ്രശ്‌നം തീര്‍ന്നിട്ടില്ല. ഇനി ഇതുകൂടി വേണോ എന്നായിരുന്നു അമ്മയുടെ ചോദ്യം. പറയുന്നതൊക്കെ സത്യമാണോ എന്ന് നേരിട്ട് എനിക്കറിയണമെന്ന് അമ്മ പറഞ്ഞു. ഞങ്ങള്‍ രണ്ടാളും കൂടി ആശുപത്രിയില്‍ പോയി ബിയാട്രിസിനെ കണ്ടു. അമ്മ പലതും പറഞ്ഞ് പിന്‍തിരിപ്പിക്കാന്‍ നോക്കി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ തടവുപുള്ളിയും കന്യാസ്‌ത്രീയും തമ്മിലുള്ള ബന്ധത്തെ സമൂഹം എങ്ങനെ ആയിരിക്കും കാണുക എന്ന് അമ്മ ചോദിച്ചു.
തിരികെ ജയിലില്‍ കയറുംമുമ്പ് ഞാന്‍ മഠത്തിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചു. വിവരം എങ്ങിനെയോ മഠത്തില്‍ അറിഞ്ഞു വലിയ പ്രശ്‌നമായിട്ടുണ്ടെന്നും താന്‍ രാജിവെക്കാന്‍ പോകുകയാണെന്നും സിസ്‌റ്റര്‍ പറഞ്ഞു. അധികം വൈകാതെ വിവരം ജയിലിലും എത്തി. ജയിലറുടെ മുറിയിലേക്ക് എന്നെ വിളിപ്പിച്ചു. മറ്റ് ഉയര്‍ന്ന ഉദ്യോഗസ്‌ഥരും അവിടെയുണ്ട്. ചെന്നുകയറിയ ഉടന്‍ കുറേ ചീത്തവിളിച്ചു. ബന്ധത്തില്‍നിന്ന് ഒഴിയണം എന്നുപറഞ്ഞു പിന്‍തിരിപ്പിക്കാന്‍ ഒരുപാടു ശ്രമിച്ചു. അവസാനം ഞങ്ങള്‍ നിന്റെ ലോക്കല്‍ ഗാര്‍ഡിയന്‍മാരും ചേട്ടന്‍മാരുമൊക്കെ ആയതുകൊണ്ട് പറയുന്നത് അനുസരിക്കണമെന്നായി. അതിനുള്ള എന്റെ മറുപടി ഇത്തിരി കടന്നുപോയി.
'തലതെറിച്ചവന്‍മാരെ പിടിച്ച് പെണ്ണുകെട്ടിച്ചാല്‍ നന്നാവുമെന്ന് നാട്ടിലൊക്കെ പറയാറുണ്ട്. അതുകൊണ്ട് ചേട്ടന്‍മാര്‍ എന്നെ നന്നാക്കാനായി പെണ്ണുകെട്ടാന്‍ സഹായിച്ചുകൂടേ ?' എന്നു ഞാന്‍ ചോദിച്ചു. അങ്ങനെ ചോദിച്ചതുമാത്രം ഓര്‍മയുണ്ട്...
അമ്മയുടെ കുടക്കീഴില്‍ 1997 ജൂണ്‍ 3
മെല്‍വിന്റെ അമ്മയുടെ ഓഫീസ് ഫോണിലേക്ക് സിസ്‌റ്റര്‍ ബിയാട്രിസിന്റെ ഫോണ്‍ കോള്‍ എത്തി. മഠത്തില്‍ നില്‍ക്കാനാവാത്ത അവസ്‌ഥയാണെന്നും താന്‍ അവിടെനിന്നും ഇറങ്ങുകയാണെന്നും ബിയാട്രിസ് അറിയിച്ചു. ജൂണിലെ ആ വൈകുന്നേരം ബിയാട്രിസ് ഓര്‍ത്തെടുക്കുന്നു 'ഞാന്‍ സാധനങ്ങളെല്ലാം പായ്‌ക്ക് ചെയ്‌തു മഠത്തിനുവെളിയില്‍ കാത്തു നില്‍ക്കുകയാണ്. അമ്മ ഓഫീസില്‍നിന്ന് മഠത്തില്‍ എത്തേണ്ട സമയമായിട്ടും കാണുന്നില്ല. പെരുമഴ. അമ്മ വന്നില്ലെങ്കില്‍ മഴയിലേക്കിറങ്ങി എവിടെയെങ്കിലും പോയി തൂങ്ങിച്ചാകാം എന്നു കരുതി നില്‍ക്കുമ്പോള്‍ ഓട്ടോയില്‍ അമ്മ വന്നിറങ്ങി. അമ്മയെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. അമ്മ കുടക്കീഴിലേക്ക് എന്നെ ചേര്‍ത്തുപിടിച്ചു. എല്ലാവരും കരുതിയത് എന്റെ സ്വന്തം അമ്മയാണെന്നാണ്. അമ്മ എന്നെ ഓട്ടോയില്‍ കയറ്റി വക്കീലിന്റെ ഓഫീസില്‍ എത്തിച്ചു. അവിടെ വെച്ചു ഞാന്‍ തിരുവസ്‌ത്രം മാറി. സിസ്‌റ്റര്‍ ബിയാട്രിസ് വെറും ബിയാട്രിസായി. വക്കീല്‍ വിവരം സിറ്റിപോലീസ് കമ്മിഷണറെ അറിയിച്ചു. ഞങ്ങള്‍ മെല്‍വിന്റെ വീട്ടിലേക്കു പോന്നു.'വിലയേറിയ മണി ഓര്‍ഡര്‍ 1997 ജൂലായ് 10
കന്യാസ്‌ത്രീയുമായുള്ള തടവുപുള്ളിയുടെ ബന്ധത്തിന്റെ വിവരമറിഞ്ഞ് ഉന്നതരായ പലര്‍ക്കും പകയായി. ജയിലില്‍ മെല്‍വിനെതിരേ പ്രതികാരനടപടികളുണ്ടായി. അര്‍ഹതപ്പെട്ട പരോള്‍ തടഞ്ഞു. അമ്മയും ബിയാട്രിസും അയക്കുന്ന കത്തുകളെല്ലാം അധികൃതര്‍ നശിപ്പിച്ചു. ബിയാട്രിസ് മഠം വിട്ടതും തന്റെ വീട്ടിലെത്തിയതും ഒന്നും മെല്‍വിന്‍ അറിയുന്നുണ്ടായിരുന്നില്ല. ജൂലായ് പത്തിന് മെല്‍വിനെത്തേടി ഒരു മണിഓര്‍ഡര്‍ ജയിലിലെത്തി. അതില്‍ സന്ദേശങ്ങള്‍ എഴുതാനുള്ള ഇത്തിരി സഥലത്ത് ബിയാട്രിസിന്റെ കൈപ്പടയില്‍ ഒരു കുറിപ്പ്.'ജൂണ്‍ മൂന്നിനു രാത്രി ഞാന്‍ ഇവിടെ വന്നു'. മണിയോര്‍ഡറിലെ വിലാസം വീട്ടിലേത്. നടന്ന കാര്യങ്ങള്‍ ആറു വാക്കുകളില്‍നിന്ന് മെല്‍വിന്‍ ഊഹിച്ചെടുത്തു. ശിക്ഷണ നടപടി എന്നപേരില്‍ മെല്‍വിനെ വിയ്യൂരുനിന്നും പൂജപ്പുരയിലേക്കുമാറ്റി. പൂജപ്പുരയില്‍ എത്തിക്കഴിഞ്ഞ് സെപ്‌റ്റംബര്‍ 19ന് വീണ്ടും പരോള്‍കിട്ടി. അടുത്തദിവസം മെല്‍വിനും ബിയാട്രിസും വിവാഹം രജിസ്‌റ്റര്‍ ചെയ്‌തു.സ്വര്‍ഗത്തില്‍ ഒരു വിവാഹം 1998 ഏപ്രില്‍ 14
അടുത്ത പരോള്‍ കിട്ടി വന്നപ്പോള്‍ മെല്‍വിന്‍ പള്ളിയില്‍ വിവാഹ അപേക്ഷകൊടുത്തു. കന്യാസ്‌ത്രീയെ വിവാഹം കഴിച്ചതില്‍ പളളിക്ക് എതിര്‍പ്പില്ലായിരുന്നു. പക്ഷേ പള്ളിയെ ധിക്കരിച്ചു രജിസ്‌റ്റര്‍ വിവാഹം ചെയ്‌തതിന് പ്രായശ്‌ചിത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു. 'ഞങ്ങള്‍ ചാന്‍സലര്‍ അച്ചനെപോയിക്കണ്ടു. രണ്ടുപേരുടേയും ഇടവകയിലെ വികാരിമാരുടെ കത്തുവാങ്ങിവരാന്‍ അദ്ദേഹം പറഞ്ഞു. സന്തോഷത്തോടെ മാതൃകാപരമായി ജീവിച്ചു കാണിക്കുക. അതാണ് ഏറ്റവും വലിയ പ്രായശ്‌ചിത്തമെന്നു പുരോഹിതര്‍ എഴുതി. സെന്റ് ജോസഫ് പള്ളിയില്‍ ഞങ്ങള്‍ വിവാഹിതരായി. പങ്കെടുത്തത് അടുത്ത ചില ബന്ധുക്കളും അയല്‍വാസികളും മാത്രം.മെല്‍വിനു പരോള്‍ കിട്ടുന്ന ദിവസങ്ങള്‍ കാത്തായിരുന്നു ബിയാട്രിസിന്റെ പിന്നീടുള്ള ജീവിതം. 'മുപ്പതു ദിവസത്തെ പരോളിലാണു വരുന്നത്. വന്നുകഴിഞ്ഞാല്‍ ദിവസങ്ങള്‍ കണ്ണടച്ചു തുറക്കുംമുമ്പ് പോകും. ജയിലിലേക്കു പോയിക്കഴിഞ്ഞാല്‍ ദിവസങ്ങള്‍ പിന്നെ മുന്നോട്ടു പോവില്ല.' ബിയാട്രിസ് ഓര്‍ക്കുന്നു. പരോള്‍ കിട്ടി വന്നുകഴിഞ്ഞാല്‍ മെല്‍വിന്‍ എല്ലാവര്‍ക്കും മാതൃകയായ ഗൃഹനാഥനായി. ആ ദിവസങ്ങളില്‍ അമ്മയ്‌ക്കും ഭാര്യയ്‌ക്കും വിശ്രമംകൊടുത്ത് എല്ലാ കാര്യങ്ങളും ഏറ്റെടുത്തു ചെയ്‌തു.
പരോള്‍ ജീവിതം മെല്‍വിന്‍ ഓര്‍ത്തെടുക്കുന്നു. 'പരോളിനു വന്നുകഴിഞ്ഞാല്‍ അടുത്ത ദിവസംതന്നെ ഞാന്‍ കോണ്‍ക്രീറ്റിന്റെ പണിക്കുപോകും. അതാവുമ്പോള്‍ കൂലി കൂടുതല്‍കിട്ടും. അമ്മയ്‌ക്കു കിട്ടുന്ന വരുമാനം കൊണ്ട് മാത്രം ജീവിക്കാനാകുമായിരുന്നില്ല. ബിയാട്രീസ് വന്നപ്പോള്‍ എന്റെയും അമ്മയുടെയും ഒറ്റപ്പെടലിനു കൂട്ടായി ഒരാള്‍ കൂടിയായി. അടുത്ത ബന്ധുക്കളൊന്നും സഹകരിക്കില്ലായിരുന്നു. അതറിഞ്ഞിട്ടാവണം കര്‍ത്താവ് അടുത്ത വര്‍ഷം ഞങ്ങള്‍ക്ക് ഒരു ആണ്‍കുട്ടിയെ തന്നു. അവനിപ്പോള്‍ പതിനാലു വയസായി. രണ്ടാമത്തെയാള്‍ക്ക് ഒന്‍പതും.'
വീണ്ടും ക്രിസ്‌മസ് മധുരം 2013 ഡിസംബര്‍ 21
ക്രിസ്‌മസിന് നാലുനാള്‍ മുമ്പാണ് മെല്‍വിന്‍ ജയില്‍ മോചിതനായത്. പത്തൊന്‍പതു വര്‍ഷങ്ങള്‍ക്കുശേഷം മെല്‍വിന്റെ വീട്ടില്‍ ക്രിസ്‌മസ് നക്ഷത്രം ചിരിച്ചു. മെല്‍വിന്‍ ജയിലിലായിരുന്നപ്പോള്‍ ക്രിസ്‌മസ് നാളില്‍ ഉപവാസവും പ്രാര്‍ത്ഥനയുമാണു പതിവ്. 'ഇത്തവണ രാത്രിയില്‍ ഞങ്ങള്‍ എല്ലാവരുംകൂടി പള്ളിയില്‍ പോയി. അമ്മ ഒരു കേക്കു വാങ്ങിയിരുന്നു. എന്നെക്കൊണ്ട് അതു മുറിപ്പിച്ചു. ഉച്ചയ്‌ക്ക് എല്ലാവരും ഒരുമിച്ചിരുന്ന് ഊണുകഴിച്ചു.' മെല്‍വിന്‍ പതിനാലുവര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയ നാള്‍മുതല്‍ അമ്മ വിരോണിയും ഭാര്യ ബിയാട്രിസും മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല. മെല്‍വിന്റെ മോചനം തടയണമെന്ന് ആര്‍ക്കൊ ക്കെയോ നിര്‍ബന്ധം ഉണ്ടായിരുന്നു.' അതൊരിക്കലും സഭയല്ല. സഭ ഒരിക്കലും ഞങ്ങള്‍ക്ക് എതിരായിരുന്നില്ല. ഞങ്ങളുടെ വിവാഹം പള്ളിയില്‍വച്ചു നടത്തിത്തന്നുതുതന്നെ അതിനു തെളിവല്ലേ. എന്നാല്‍ അപൂര്‍വം ചില വ്യക്‌തികള്‍ ഞാന്‍ ജയിലില്‍തന്നെ ഒടുങ്ങണമെന്ന് ആഗ്രഹിച്ചു. എനിക്കുശേഷം ജയിലില്‍ എത്തിയ കൊടും കുറ്റവാളികള്‍ പലരും എനിക്കുമുമ്പേ മോചിതരായി.2011ന് മാര്‍ച്ചില്‍ പരോളില്‍ വന്ന എന്നെ തിരികെ ജയിലില്‍ പ്രവേശിപ്പിച്ചില്ല. ബിയാട്രിസ് നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പാവുംവരെ പരോളില്‍ തുടരാനായിരുന്നു നിര്‍ദ്ദേശം. ജയില്‍ മോചനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുമ്പോഴാണ് വീണ്ടും അറസ്‌റ്റുചെയ്‌ത് ജയിലിലാക്കിയത്. എന്റെ കാര്യത്തില്‍ എവിടെയൊക്കെയോ എന്തെല്ലാമോ നടന്നു. അതിനെക്കുറിച്ചൊന്നും ഇനി പരാതിയില്ല. ഇനി കുറച്ചു ദിവസം തീര്‍ത്ഥാടനമാണ്. അതുകഴിഞ്ഞ് ഒരു ജോലി കണ്ടെത്തണം.
പാപത്തെ വെറുക്കൂ പാപിയെ സ്‌നേഹിക്കൂ എന്ന തിരുവചനം സമൂഹം പാലിച്ചു എന്നതിനു തെളിവായി ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുകയാണ്. എനിക്ക് ബന്ധമോ പരിചയമോ ഇല്ലാത്ത ഒരുപാടുപേര്‍ എന്റെ മോചനത്തിനായി പ്രയത്നിച്ചു. എല്ലാവര്‍ക്കും മാതൃകയായി എനിക്കിനി ജീവിക്കണം. അതാണ് സമൂഹത്തിനുള്ള എന്റെ പ്രതിഫലം...'
mathrubhumi.com
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin