Saturday 11 January 2014


ഓസ്ട്രേലിയയില്‍ സീറോ മലബാര്‍ രൂപത; മാര്‍ പുത്തൂര്‍ മെല്‍ബണില്‍ പ്രഥമ മെത്രാന്‍


 കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമായി പുതിയ രൂപത നിലവില്‍ വന്നു. കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂരിനെ പ്രഥമ മെത്രാനായി നിയമിച്ചു. ന്യൂസിലന്‍ഡിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായും മാര്‍ പുത്തൂരിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ സീറോ മലബാര്‍ രൂപതകള്‍ക്കു പുറത്തുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്കായുളള അപ്പസ്തോലിക് വിസിറ്റേറ്ററായി തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിനെ നിയമിച്ചു.

നിയമനങ്ങള്‍ ഇന്നലെ ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12നു വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 4.30നു കാക്കനാട് മൌണ്ട് സെന്റ് തോമസിലെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയിലും പ്രസിദ്ധപ്പെടുത്തി. ഇന്ത്യയിലെ അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ വഴി നല്‍കിയ മാര്‍പാപ്പയുടെ കല്പന സീറോ മ ല ബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് അറിയിച്ചത്. കൂരിയ ചാന്‍സലര്‍ റവ.ഡോ.ആന്റണി കൊള്ളന്നൂര്‍ ഇതിന്റെ മലയാള പരിഭാഷ വായിച്ചു.

സീറോ മലബാര്‍ മെത്രാന്മാരുടെ സിനഡിന്റെ സമാപനത്തിലായിരുന്നു പ്രഖ്യാപനച്ചടങ്ങ്. സഭയിലെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും കൂരിയയിലെ വൈദികരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സീറോ മലബാര്‍ സഭയുടെ 31-ാമത്തെയും ഇന്ത്യക്കു പുറത്തെ രണ്ടാമത്തെയും രൂപ തയാണു മെല്‍ബണ്‍. സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കായുള്ള മാര്‍ തോമ്മാശ്ളീഹായുടെ രൂപത എന്നാകും ഇതറിയപ്പെടുക.

40,000 സീറോ മലബാര്‍ സഭാംഗങ്ങളാണ് ഓസ്ട്രേലിയയിലുള്ളത്. ന്യൂസിലന്‍ഡില്‍ നാലായിരത്തോളം വിശ്വാസികളുണ്ട്. മാര്‍ ബോസ്കോ പുത്തൂര്‍ മാര്‍ച്ച് ആദ്യവാരം മെല്‍ബണില്‍ ചുമതലയേല്‍ക്കും.

ഇന്ത്യയിലെ 29 സീറോ മലബാര്‍ രൂപതകളുടെ അതിര്‍ത്തികള്‍ക്കു പുറത്തുള്ള സഭാംഗങ്ങളുടെ അജപാലന ആവശ്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുകയാവും ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ പ്രധാന ചുമതല. തൃശൂര്‍ അതിരൂപതാ സഹായമെത്രാന്റെ ചുമതലയും അദ്ദേഹം വഹിക്കും. 

................................................................................................................


സീറോ മലബാര്‍ സഭയിലെ നവവൈദികസംഗമം നാളെ

                    സീറോ പേ൪ഷ്യ൯ ക്രോസ്


കൊച്ചി: സീറോ മലബാര്‍ സഭയിലെ നവവൈദികരുടെ സംഗമം നാളെ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കും. സഭയുടെ ക്ളര്‍ജി കമ്മീഷന്‍ സംഘടിപ്പിക്കുന്ന സംഗമം രാവിലെ പത്തിനു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത് മുഖ്യപ്രഭാഷണം നടത്തും. കമ്മീഷനംഗം ബിഷപ് മാര്‍ ജോണ്‍ വടക്കേല്‍ പ്രസംഗിക്കും. ഉച്ചയ്ക്കു കര്‍ദിനാളിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി.

വിവിധ രൂപതകള്‍ക്കും സന്യാസസഭകള്‍ക്കുമായി ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പൌരോഹിത്യം സ്വീകരിച്ച ഇരുനൂറോളം നവവൈദികര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നു ക്ളര്‍ജി കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു.


................................................................................................................

സഭയ്ക്കു സന്തോഷ മുഹൂര്‍ത്തമെന്നു മാര്‍ ആലഞ്ചേരി 

 




കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് ഓസ്ട്രേലിയയില്‍ മെല്‍ബണ്‍ ആസ്ഥാനമായി പുതിയ രൂപതയ്ക്കും ഇന്ത്യയിലും ന്യൂസിലന്‍ഡിലും അപ്പസ്തോലിക വിസിറ്റേറ്റര്‍മാര്‍ക്കും മാര്‍പാപ്പ അനുമതി നല്‍കിയതു സഭാംഗങ്ങള്‍ക്കു മുഴുവന്‍ സന്തോഷത്തിന്റെ അനുഭവമെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

ഓസ്ട്രേലിയയിലെ ആയിരക്കണക്കിനുവരുന്ന വിശ്വാസിസമൂഹത്തിന്റെ നാളുകളായുള്ള സ്വപ്നമാണു മെല്‍ബണ്‍ രൂപത സ്ഥാപനത്തിലൂടെ സഫലമായിരിക്കുന്നത്. ഇന്ത്യയിലും ന്യൂസിലന്‍ഡിലും അപ്പസ്തോലിക വിസിറ്റേറ്ററെ നിയമിച്ചതിലൂടെ രൂപതാതിര്‍ത്തികള്‍ക്കു പുറത്തു സഭയുടെ വളര്‍ച്ചയില്‍ പുതിയ നാഴികക്കല്ലാണു സൃഷ്ടിക്കപ്പെടുകയെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

 ................................................................................................................

പുതിയ ദൌത്യത്തില്‍ ഏവരുടെയും സഹകരണം ആവശ്യം: മാര്‍ തട്ടില്‍



 കൊച്ചി: ഇന്ത്യയിലെ സീറോ മലബാര്‍ സഭയുടെ രൂപതകള്‍ക്കു പുറത്തുള്ള സഭാംഗങ്ങളുടെ അജപാലന ആവശ്യങ്ങളുടെ മേല്‍നോട്ടക്കാരനായി ചുമതലയേല്‍ക്കുമ്പോള്‍ അതിനായി തന്നെ നിയോഗിച്ച മാര്‍പാപ്പയോടും മെത്രാന്മാരോടും കൃതജ്ഞതയുണ്െടന്നു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോ മലബാര്‍ സഭയ്ക്കു കാര്യമായ വേരോട്ടമില്ലാത്ത മേഖലകളില്‍ സഭയുടെ പൈതൃകവും പാരമ്പര്യവും തനിമയും നിലനിര്‍ത്തി വിശ്വാസികളെ ഏകോപിപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നത്. പുതിയ ദൌത്യത്തില്‍ സഭയിലെ കൂട്ടുവേലക്കാരനും മേല്‍നോട്ടക്കാരനുമാണു താന്‍. പുതിയ ഉത്തരവാദിത്വത്തില്‍ ഏവരുടെയും സഹകരണവും പ്രാര്‍ഥനയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


  ........................................................................................................................

ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി മെല്‍ബണ്‍ വികാരി ജനറാള്‍



 കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് ഓസ്ട്രേലിയയില്‍ പുതുതായി ലഭിച്ച മെല്‍ബണ്‍ രൂപതയുടെ വികാരി ജനറാളായി ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയെ നിയമിച്ചു. എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. കോലഞ്ചേരി ഇപ്പോള്‍ കാന്‍ബറ കത്തീഡ്രല്‍ ദേവാലയത്തിന്റെ പാസ്ററല്‍ അഡ്മിനിസ്ട്രേറ്ററാണ്.
......................................................................................................................

ഓസ്ട്രേലിയയില്‍ 40,000 സീറോ മലബാര്‍ വിശ്വാസികള്‍

കൊച്ചി: ആകെ ജനസംഖ്യയുടെ 25 ശതമാനം കത്തോലിക്കരുള്ള ഓസ്ട്രേലിയയില്‍ സീറോ മലബാര്‍ വിശ്വാസികളുടെ എണ്ണം 40,000 വരും. ലോകത്തിലെ ആറാമത്തെ വലിയ രാജ്യമായ ഓസ്ട്രേലിയയില്‍ സീറോ മലബാര്‍ സഭയ്ക്കു പുതിയ രൂപത ലഭിക്കുമ്പോള്‍, പ്രേഷിതപ്രവര്‍ത്തനത്തിന്റെ വലിയ സാധ്യതകള്‍ കൂടിയാണു തെളിയുന്നത്.

നിലവില്‍ നാലു പൌരസ്ത്യ സഭകള്‍ ഓസ്ട്രേലിയയില്‍ സജീവമാണ്. ഉക്രേനിയന്‍, മെല്‍ക്കോസ്, കല്‍ദായ, മാറോനീത്ത എന്നിവയാണു അവിടെയുള്ള പൌരസ്ത്യസഭകള്‍. 33 രൂപതകള്‍ രാജ്യത്തുണ്ട്. സീറോ മലബാര്‍ സഭയ്ക്കുവേണ്ടി പത്തോളം വൈദികര്‍ ഇപ്പോള്‍ അവിടെ സേവനം ചെയ്യുന്നുണ്ട്. സ്വന്തമായി ദേവാലയങ്ങളോ മറ്റു സ്ഥാപനങ്ങളോ സഭയ്ക്ക് അവിടെയില്ലെങ്കിലും സഭയുടെ കൂട്ടായ്മകള്‍ ശക്തമാണ്. ലത്തീന്‍ രൂപതകളുടെ ദേവാലയങ്ങളില്‍ ഞായറാഴ്ചകളിലും മറ്റ് ആഘോഷങ്ങളിലും സീറോ മലബാര്‍ കുര്‍ബാനയ്ക്കും ആരാധനയ്ക്കും അവസരമുണ്ട്. മറ്റു രൂപതകളും മെത്രാന്മാരുമായുമുള്ള മികച്ച സൌഹൃദവും ബന്ധവും സീറോ മലബാര്‍ സഭയ്ക്ക് അവിടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ സഹായകമാകുമെന്നാണു പ്രതീക്ഷ. മെല്‍ബണില്‍ വിശ്വാസിസമൂഹത്തിന്റെ സഹകരണത്തോടെ ദേവാലയ നിര്‍മാണത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയാണ് ഇപ്പോള്‍ ഓസ്ട്രേലിയയില്‍ സീറോ മലബാര്‍ സഭയുടെ കോ-ഓര്‍ഡിനേറ്ററായി സേവനം ചെയ്യുന്നത്. മെല്‍ബണിലാണു സീറോ മലബാര്‍ വിശ്വാസികള്‍ ഏറെയും താമസിക്കുന്നത്. മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട വിവിധ ജോലികളിലേര്‍പ്പെട്ടിരിക്കുന്നവരാണു കൂടുതല്‍ പേരും. കുടുംബങ്ങളായി അവിടെ സ്ഥിരതാമസമാക്കിയവരും ഏറെയാണ്. ഓസ്ട്രേലിയയിലെ ആയിരക്കണക്കിനു വിശ്വാസികളുടെ ചിരകാല അഭിലാഷമാണു മെല്‍ബണ്‍ രൂപത പ്രഖ്യാപനത്തിലൂടെ പൂവണിയുന്നത്.

നാലായിരത്തോളം സീറോ മലബാര്‍ വിശ്വാസികളാണു ന്യൂസിലന്‍ഡിലുള്ളത്. അവിടത്തെ അജപാലന ആവശ്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ അപ്പസ്തോലിക വിസിറ്റേറ്ററെ മാര്‍പാപ്പ നിയോഗിച്ചതിലൂടെ ന്യൂസിലന്‍ഡിലും സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാകുമെന്നാണു പ്രതീക്ഷ.

deepika.com

3 comments:


  1. സീറോ മലബാര്‍ സഭയിലെ നവവൈദികസംഗമം നാളെ
    ____________________________

    സീറോ പേ൪ഷ്യ൯ ക്രോസ് ( ക്ലാവർ , താമര , പാതാള കരണ്ടി ,
    B J P ക്രോസ് )

    ചെന്നായിക്കളുടെ നടുവിൽ കുറെ കുഞ്ഞാടുകളും .
    ഈശ്വരോ രക്ഷ .

    ReplyDelete
  2. പാമ്പുകള്‍ക്ക് മാളമുണ്ട്!

    പറവകള്‍ക്ക് ആകാശമുണ്ട്!

    സീറോമലബാ൪ മനുഷ്യപുത്രന് തലചാക്കാ൯ ഇടമില്ല!

    മാളത്തില്‍ നിന്ന് കിട്ടിയ പാമ്പ് ക്രോസിനുപോലും ബലിപീഠംവും കാപ്പയും നിലവിളക്കം ഉണ്ട്!

    ReplyDelete
  3. സീറോ മലബാര്‍ സഭയല്‍ കുഴിയില്‍ കിടന്നു കിട്ടിയ പാമ്പുകളേയാണോ ആരാധിക്കുന്നത്. ഇതാണോ, സീറോ മലബാര്‍ ക്രിസ്ത്യ൯ സഭ. ഇത് എന്തൊരു മറിമായം ദൈവമേ!

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin