Sunday 12 April 2015

കടം വീട്ടാന്‍ പതിനഞ്ചുകാരിയെ പലിശക്കാരന്‌ വിവാഹം കഴിച്ചു നല്‍കി: അന്വേഷണത്തിനു നിര്‍ദേശം

mangalam malayalam online newspaperനെടുങ്കണ്ടം(ഇടുക്കി): കടം വാങ്ങിയ പണം മടക്കിക്കൊടുക്കാനാകാത്തതിനാല്‍ പതിനഞ്ചുകാരിയായ മകളെ മാതാപിതാക്കള്‍ പലിശക്കാരനു വിവാഹം കഴിച്ചു നല്‍കിയെന്നു പരാതി.
മാവടി സ്വദേശിനിയായ പെണ്‍കുട്ടിയാണ്‌ ബാലവിവാഹത്തിന്റെ ഇര. മാവടി മേഖലയില്‍ പണം പലിശയ്‌ക്കു നല്‍കുന്ന 36 വയസുകാരനാണ്‌ വിവാഹം ചെയ്‌തത്‌. തമിഴ്‌നാട്ടിലെ ഇയാളുടെ വീട്ടില്‍ ചൊവ്വാഴ്‌ച ആയിരുന്നു വിവാഹം.
ഇയാളില്‍നിന്നു വാങ്ങിയ പണം മടക്കി നല്‍കാനാകാതെ വന്നതിനെത്തുടര്‍ന്ന്‌ സാധിക്കാതെ കൗമാരക്കാരിയായ മകളെ വിവാഹം ചെയ്‌തു നല്‍കുകയായിരുന്നെന്നു പിതാവിന്റെ സഹോദരനും നാട്ടുകാരും ആരോപിക്കുന്നു.
ബന്ധുക്കളോ നാട്ടുകാരോ അറിയാതെ രഹസ്യമായാണ്‌ വിവാഹം നടത്തിയത്‌. വിവരം തിരക്കിയെത്തിയ പിതൃസഹോദരന്‍ അടക്കമുള്ളവരെ പലിശക്കാരനും കൂട്ടരും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്‌.
തേനി വീരപാണ്ടി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലുള്ളയാളാണ്‌ പലിശക്കാരന്‍. പെണ്‍കുട്ടിയുടെ കുടുംബത്തെ വേനല്‍ അവധി ആരംഭിച്ചപ്പോള്‍ മുതല്‍ വീട്ടില്‍നിന്നു കാണാതായിരുന്നു.
തുടര്‍ന്നു പിതൃസഹോദരന്‍ അന്വേഷണം നടത്തിയപ്പോള്‍ പെണ്‍കുട്ടി ഒഴികെയുള്ളവര്‍ വീരപാണ്ടിയിലെ കുടുംബവീട്ടില്‍ ഉള്ളതായി അറിഞ്ഞു.
പെണ്‍കുട്ടിയെക്കുറിച്ചു കൂടുതലായി അന്വേഷിച്ചപ്പോഴാണു വിവാഹം നടന്നത്‌ അറിയുന്നത്‌. ഇതുസംബന്ധിച്ചു തമിഴ്‌നാടു മുഖ്യമന്ത്രിക്കും അഭ്യന്തരമന്ത്രിക്കും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും ചൈല്‍ഡ്‌ ലൈനും പരാതി നല്‍കിയിട്ടുണ്ട്‌.
എന്നാല്‍ തമിഴ്‌നാട്‌ ഉദ്യോഗസ്‌ഥരുടെ ഭാഗത്തുനിന്നു നടപടിയുണ്ടായിട്ടില്ല. പിതൃ സഹോദരന്റെ പരാതിയില്‍ നെടുങ്കണ്ടം പോലീസും കേസെടുത്തിട്ടുണ്ട്‌.
സംഭവം സംബന്ധിച്ച്‌ അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നിര്‍ദ്ദേശം നല്‍കി. എസ്‌.പി. റാങ്കിലുള്ള ഉദ്യോഗസ്‌ഥന്‍ സംഭവം സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്ന്‌ പോലീസ്‌വൃത്തങ്ങള്‍ അറിയിച്ചു.

 http://www.mangalam.com/print-edition/keralam/304103

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin