Monday 13 April 2015

ഓട്ടോമന്‍ സൈന്യം അര്‍മേനിയയില്‍ നടത്തിയതു വംശഹത്യ: മാര്‍പാപ്പ


 
 
വത്തിക്കാന്‍: ഒന്നാം ലോകമഹായുദ്ധക്കാലത്ത് ഓട്ടോമന്‍ സൈന്യം അര്‍മേനിയയില്‍ നടത്തിയത് ഇരുപതാം നൂറ്റാണ്ടിലെ ആദ്യ വംശഹത്യയാണന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍മേനിയയിലെ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തോടനു ബന്ധിച്ച് ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടത്തിയ പ്രാര്‍ഥനാമധ്യേയായിരുന്നു മാര്‍പാപ്പായുടെ പ്രഖ്യാപനം. അര്‍മേനിയന്‍ പ്രസിഡന്റ് സേഴ് സാര്‍ഗ്സിയാനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഓട്ടോമന്‍ സൈന്യം 1915ല്‍ അര്‍മേനിയയില്‍ നടത്തിയ കൂട്ടക്കൊലയില്‍ 15 ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായാണു ചരിത്രകാരന്മാര്‍ പറയുന്നത്.

മനുഷ്യത്വം മരവിച്ച മൂന്നു സംഭവങ്ങളിലൂടെയാണ് ഇരുപതാം നൂറ്റാണ്ട് കടന്നുപോയതെന്നു മാര്‍പാപ്പ പറഞ്ഞു. ഇതില്‍ ആദ്യത്തേത് അര്‍മേനിയയില്‍ നടന്ന 1915 ലെ കൂട്ടക്കുരുതിയാണ്. നാസിസവും സ്റാലിനിസവും രണ്ടാമതും കമ്പോഡിയയിലും ബോസ്നിയയിലും റുവാണ്ട യിലും ബുറുണ്ടിയിലും നടന്ന കൂട്ടക്കൊലകള്‍ മൂന്നാമതും വരുന്നതായി മാര്‍പാപ്പ പറഞ്ഞു. ഇത്തരം കൂട്ടക്കൊലകളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയുന്നതു രക്തമൊഴുകുന്ന മുറിവുകളെ കെട്ടിവയ്ക്കാന്‍ തയാറാകാത്തതിനു തുല്യമാണ്. ഇത്തരത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മകളെ ബഹുമാനിക്കേണ്ടത് തന്റെ കടമയാണെന്നും മാര്‍പാപ്പാ കൂട്ടിച്ചേര്‍ത്തു.

അര്‍മീനിയയില്‍ നടന്നതു വംശഹത്യയാണെന്ന മാര്‍പാപ്പായുടെ പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെ വത്തിക്കാന്‍ അംബാസഡറെ വിളിച്ചുവരുത്തി തുര്‍ക്കി അതില്‍ പ്രതിഷേധമറിയിച്ചു. എന്നാല്‍, ഇതേപ്പറ്റി ഔദ്യോഗികമായി പ്രതികരിക്കാന്‍ തുര്‍ക്കി തയാറായിട്ടില്ല.

തുര്‍ക്കി ഭരിച്ച ഓട്ടോമന്‍ ഭരണകൂടത്തിന്റെ സൈന്യം അര്‍മേനിയയില്‍ 1915 ഏപ്രില്‍ 14ന് ആരംഭിച്ച ആക്രമണത്തില്‍ 15 ലക്ഷത്തിലധികം പേരാണു മരിച്ചത്. അന്ന് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അര്‍മേനിയ. എന്നാല്‍ ഇതിനെ വംശഹത്യ എന്നു വിശേഷിപ്പിക്കുന്നതിനെ തുര്‍ക്കി എതിര്‍ത്തിരുന്നു. ഇതില്‍ ഭൂരിഭാഗം മരണങ്ങളും ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്നാണ് തുര്‍ക്കിയുടെ വാദം. തുര്‍ക്കി-അര്‍മേനിയ ബന്ധത്തിലെ ഉണങ്ങാത്ത മുറിവായാണ് ഈ കൂട്ടക്കൊലയെ വിശേഷിപ്പിക്കുന്നത്.

കോണ്‍സ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തിലേയ്ക്കു മതപരിവര്‍ത്തനം പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ക്രിസ്തുമതം രാജ്യത്തെ ഔദ്യോഗിക മതമായി അംഗീകരിച്ച രാജ്യമാണ് അര്‍മേനിയ.
 http://www.deepika.com/ucod/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin