Friday 3 April 2015

പീഡാനുഭവ സ്‌മരണയില്‍ ക്രൈസ്‌തവ സമൂഹം

mangalam malayalam online newspaperകോട്ടയം: കാല്‍വരി മലയിലേക്കു കുരിശും വഹിച്ചുകൊണ്ടുള്ള യേശുദേവന്റെ പീഡാനുഭവത്തിന്റെ സ്‌മരണ പുതുക്കി ക്രൈസ്‌തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു. ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി ഇന്നു ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷയും കയ്‌പുനീര്‍ കുടിയ്‌ക്കലുമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടക്കും. വാഗമണ്‍, കുടമാളൂര്‍, അറുനൂറ്റിമംഗലം ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളില്‍ നടക്കുന്ന കുരിശിന്റെ വഴിയില്‍ പങ്കെടുക്കാന്‍ വിശ്വാസ സഹസ്രങ്ങള്‍ ഒഴുകിയെത്തും.
യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ ദേവാലയങ്ങളില്‍ ഇന്നു രാവിലെ ഏഴിന്‌ ആരംഭിക്കുന്ന ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞു മൂന്നോടെയാണ്‌ അവസാനിക്കുക. ശുശ്രൂഷകള്‍ക്കൊടുവില്‍ വിശ്വാസികള്‍ക്കു കഞ്ഞി വിതരണം ചെയ്യും. ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകള്‍ക്കു കീഴിലുള്ള പള്ളികളില്‍ ഉച്ചകഴിഞ്ഞാണു പീഡാനുഭവ ശുശ്രൂഷകള്‍ നടക്കുക.
ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി പള്ളികളില്‍ ഇന്നു പീഡാനുഭവ വായനയുണ്ടാകും. രാവിലെ മുതല്‍ ആരാധനയും പള്ളികളില്‍ ക്രമീകരിച്ചിട്ടുണ്ട്‌. തുടര്‍ന്നു നഗരികാണിക്കല്‍ ശുശ്രൂഷ, കുരിശു ചുംബനം, കയ്‌പുനീര്‍ കുടിയ്‌ക്കല്‍, കുരിശിന്റെ വഴി തുടങ്ങിയ ചടങ്ങുകളും നടക്കും. പള്ളികളിലെ തിരുക്കര്‍മങ്ങള്‍ക്കു ശേഷം കുരിശിന്റെ വഴിയും നടക്കും. വിശ്വാസികള്‍ ഉപവാസമനുഷ്‌ടിച്ചു പ്രാര്‍ഥനയില്‍ പങ്കു കൊള്ളുന്ന ദിവസമാണ്‌ ഇന്ന്‌.
വാഗമണ്‍, അറുനൂറ്റിമംഗലം തുടങ്ങിയ കുരിശുമലകളിലേക്കു രാവിലെ മുതല്‍ വിശ്വാസികള്‍ കുരിശിന്റെ വഴിയും ചൊല്ലിക്കൊണ്ടു യാത്ര നടത്തും. പെസഹാ ആചരണത്തിന്റെ ഭാഗമായി ഇന്നലെ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും മറ്റ്‌ പെസഹാ അനുബന്ധ തിരുക്കര്‍മങ്ങളും നടന്നു. വൈകുന്നേരം വീടുകളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയുമുണ്ടായിരുന്നു. കുടമാളൂര്‍ പള്ളിയിലെ പ്രശസ്‌തമായ നീന്തുനേര്‍ച്ചയ്‌ക്കും ഇന്നലെ രാവിലെ തുടക്കമായി.
നാളെ ദുഃഖശനിയാണ്‌. ദുഃഖശനിയാചാരണത്തിന്റെ ഭാഗമായി നാളെ ദേവാലയങ്ങളില്‍ നടക്കുന്ന പ്രത്യേക തിരുക്കര്‍മങ്ങള്‍ക്കൊപ്പം പുത്തന്‍ തീ, പുത്തന്‍ വെള്ളം വെഞ്ചരിപ്പും നടക്കും. യേശുവിന്റെ ഉയിര്‍പ്പു തിരുനാള്‍ ആഘോഷിക്കുന്ന ഞായറാഴ്‌ചയോടെ അമ്പതു നാള്‍ നീണ്ട നോമ്പിനും പരിസമാപ്‌തിയാകും.

ത്യാഗ സ്‌മരണയില്‍ ഇന്ന്‌ ദുഃഖവെള്ളി
ലോകജനതയുടെ പാപമോചനത്തിനായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ സ്‌മരണകളില്‍ ഇന്ന്‌ ദു:ഖവെള്ളി ആചരിക്കുന്നു. യേശുവിന്റെ പീഢാനുഭവ സ്‌മരണകള്‍ അനുസ്‌മരിച്ച്‌ ഇന്ന്‌ ദേവാലയങ്ങളില്‍ വിവിധ തിരുക്കര്‍മ്മങ്ങള്‍ നടക്കും. കുരിശു ചായ്‌ക്കല്‍, പീഢാനുഭവ ചരിത്രവായന, കയ്‌പുനീര്‌ രുചിയ്‌ക്കല്‍, കുരിശിന്റെ വഴി എന്നിവയാണ്‌ ഇന്നു ദേവാലയങ്ങലില്‍ നടക്കുന്ന പ്രധാന ചടങ്ങുകള്‍.
ഭാരമേറിയ മരക്കുരിശേന്തി കാല്‍വരിയിലേയ്‌ക്ക് യേശു നടത്തിയ ത്യാഗയാത്രയുടെ അനുസ്‌മരണമാണ്‌ കുരിശിന്റെ വഴി. പാലക്കാട്‌ സെന്റ്‌ റാഫേല്‍സ്‌ കത്തീഡ്രലില്‍ ഇന്നുരാവിലെ ആറരയ്‌ക്ക് ദു:ഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. കുരിശുചായ്‌ക്കല്‍, തുടര്‍ന്ന്‌ പീഢാനുഭവ തിരുക്കര്‍മ്മങ്ങള്‍. ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ കാര്‍മ്മികനാകും. വൈകുന്നേരം നാലരയ്‌ക്ക് കത്തീഡ്രല്‍ പള്ളി, മാങ്കാവ്‌ നിത്യസഹായമാതാ പള്ളി, യാക്കര ഹോളി ട്രിനിറ്റി പള്ളി എന്നിവിടങ്ങളില്‍ നിന്നും സംയുക്‌ത പരിഹാരപ്രദക്ഷിണം രാപ്പാടിയിലേയ്‌ക്ക് നടക്കും. ഫാ. ബിജു കല്ലിങ്കല്‍ ദു:ഖവെള്ളി സന്ദേശം നല്‌കും.
കോയമ്പത്തൂര്‍ രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ ദു:ഖവെള്ളിയാഴ്‌ച തിരുക്കര്‍മ്മങ്ങള്‍ രാവിലെ ഏഴിന്‌ ആരംഭിക്കും. ബിഷപ്‌ മാര്‍ പോള്‍ ആലപ്പാട്ട്‌ മുഖ്യ കാര്‍മ്മികത്വം വഹിക്കും. വൈകുന്നേരം നാലിന്‌ കത്തീഡ്രലില്‍ നിന്നും അല്‍വേര്‍ണിയ കോണ്‍വന്റിലേയ്‌ക്ക് പരിഹാരപ്രദക്ഷിണം. യുവജനങ്ങളുടെ നേതൃത്വത്തില്‍ ടാബ്ലോയും പരിഹാരപ്രദക്ഷിണത്തില്‍ ഉണ്ടാകും. സുല്‍ത്താന്‍പേട്ട സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ കത്തീഡ്രല്‍ പള്ളിയില്‍ ബിഷപ്‌ ഡോ. അന്തോണിസാമി പീറ്റര്‍ അബീറിന്റെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടക്കും.

വടക്കഞ്ചേരി: ദേവാലയങ്ങളില്‍ ഇന്ന്‌ പീഢാനുഭവ ചരിത്രം വായന, രൂപം ചായ്‌ക്കല്‍ ശുശ്രൂഷ, കുരിശു ചുംബനം, പരിഹാര പ്രദക്ഷിണങ്ങള്‍ എന്നിവ നടക്കും. വടക്കഞ്ചേരി ലൂര്‍ദ്ദ്‌ മാതാ ഫൊറോന പള്ളിയില്‍ കാലത്ത്‌ ഏഴിന്‌ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. വൈകീട്ട്‌ നാലിന്‌ പീഢാനുഭവത്തിന്റെ സന്ദേശം, തുടര്‍ന്ന്‌ വള്ളിയോട്‌ സെന്റ്‌ ജോസഫ്‌ ആശുപത്രിയിലേക്ക്‌ പരിഹാര പ്രദക്ഷിണം നടക്കും. പാലക്കുഴി സെന്റ്‌ തോമസ്‌ പള്ളിയില്‍ രാവിലെ 7.15 ന്‌ പീഢാനുഭവ വായന, കുരിശു ചുംബനം എന്നിവ നടക്കും. വൈകീട്ട്‌ 3.30 ന്‌ പള്ളിയില്‍ നിന്നും പാത്തിപ്പാറയിലേക്ക്‌ പരിഹാര പ്രദക്ഷിണം. കണക്കന്‍ത്തുരുത്തി രാജഗിരി തിരുഹൃദയ പള്ളിയില്‍ രാവിലെ 7 ന്‌ പീഢാനുഭവ ചരിത്ര വായന, രൂപം ചുംബിക്കല്‍ എന്നിവ നടക്കും. വൈകീട്ട്‌ 3.30 ന്‌ പൊത്തപ്പാടം കുരിശുപള്ളിയിലേക്ക്‌ പരിഹാര പ്രദക്ഷിണം നടക്കും.
ദുഃഖവെള്ളിയാഴ്‌ച ശുശ്രൂഷകള്‍ക്ക്‌ ക്രൈസ്‌തവ ദേവാലയങ്ങള്‍ ഒരുങ്ങി
കായംകുളം: ദുഃഖവെള്ളിയാഴ്‌ച ശുശ്രൂഷകള്‍ക്ക്‌ ക്രൈസ്‌തവ ദേവാലയങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കറ്റാനം സെന്റ്‌ സ്‌റ്റീഫന്‍സ്‌ മലങ്ക കത്തോലിക്കാ പള്ളിയില്‍ രാവിലെ എട്ടിന്‌ നടക്കുന്ന ശുശ്രൂഷകള്‍ക്ക്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. കട്ടച്ചിറ ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം, സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളി എന്നിവിടങ്ങളില്‍ രാവിലെ എട്ടിന്‌ ശുശ്രൂഷകള്‍ ആരംഭിക്കും. കറ്റാനം സെന്റ്‌ സ്‌റ്റീഫന്‍സ്‌ ഓര്‍ത്തഡോക്‌സ് പള്ളി, മങ്കുഴി ഓര്‍ത്തഡോക്‌സ് പള്ളി, കായംകുളം കാദീശാ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, കാദീശായ യാക്കോബായ ഇടവക, സെന്റ്‌ ബേസില്‍സ്‌ മലങ്കര കത്തോലിക്കാ പള്ളി എന്നിവിടങ്ങളില്‍ രാവിലെ എട്ടിന്‌ ശുശ്രൂഷകള്‍ ആരംഭിക്കും. കായംകുളം ശാലേം മര്‍ത്തോമാ പള്ളിയില്‍ രാവിലെ ഒന്‍പതിന്‌ ശുശ്രൂഷകള്‍ ആരംഭിക്കും. സെന്റ്‌ ആന്റണീസ്‌ കത്തോലിക്കാ പള്ളി, പരിപ്ര ചെറുപുഷ്‌പ ദേവാലയം, കല്ലുംമൂട്‌, മങ്കുഴി, കറ്റാനം സി.എസ്‌.ഐ പള്ളികള്‍, ചേപ്പാട്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ് പള്ളി, മര്‍ത്തോമാ പള്ളി, രാമപുരം മലങ്കര കത്തോലിക്കാ പള്ളി, ചൂളത്തെരുവ്‌ സെന്റ്‌ ജോസഫ്‌ ദേവാലയം എന്നിവിടങ്ങളിലും രാവിലെ ശുശ്രൂഷകള്‍ ആരംഭിക്കും.
കട്ടപ്പന: യേശുക്രിസ്‌തു വിശുദ്ധ കുര്‍ബാന സ്‌ഥാപിച്ചതിന്റെയും അന്ത്യ അത്താഴത്തിന്റെ ഓര്‍മപുതുക്കലായി ഇന്നലെ പെസഹാ വ്യാഴം ആചരിച്ചു. ഇതിന്റെ ഭാഗമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും ധ്യാനങ്ങളും ആരാധനകളും നടന്നു.
കുരുത്തോലകള്‍ ഉപയോഗിച്ച്‌ വിശ്വാസികള്‍ പെസഹാ അപ്പം തയാറാക്കി. പെസഹാ വ്യാഴത്തിലെ കുര്‍ബാനയില്‍ െവെദികന്‍ 12 പേരുടെ പാദം കഴുകി ചുംബിച്ചു. കുര്‍ബാനയ്‌ക്ക്‌ ശേഷം ്രെകെസ്‌തവ ഭവനങ്ങളില്‍ പെസഹാ അപ്പവും തേങ്ങാപ്പാല്‍ ഉപയോഗിച്ചുള്ള പാലും തയാറാക്കിയിരുന്നു.
ദുഃഖവെള്ളി ദിനമായ ഇന്നു വിശ്വാസികള്‍ പാപ പരിഹാരത്തിനായി കുരിശുമല കയറും. തുടര്‍ന്ന്‌ ഞായറാഴ്‌ച യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ പുതുക്കലായി ഈസ്‌റ്റര്‍ ആഘോഷിക്കും.
അടിമാലി: ക്രിസ്‌തുവിന്റെ അന്ത്യഅത്താഴത്തിന്റെ സ്‌മരണയില്‍ ക്രൈസ്‌തവര്‍ ഹൈറേഞ്ച്‌ മേഖലയില്‍ വിപുലമായി പെസഹാ ആചരിച്ചു. അടിമാലി, രാജാക്കാട്‌, മാങ്കുളം, മറയൂര്‍, കമ്പിളികണ്ടം തുടങ്ങിയ മേഖലയിലെ മുപ്പതോളം യാക്കോബായ ദേവാലയങ്ങളില്‍ ബുധനാഴ്‌ച സന്ധ്യയോടെ ആരംഭിച്ച പെസഹാ ശുശ്രൂഷകള്‍ പുലര്‍ച്ചെ വരെ നീണ്ടു.
മറ്റു വിവിധ ക്രിസ്‌ത്രീയ ദേവാലങ്ങളില്‍ ഇന്നലെ പകല്‍ പ്രത്യേക ശുശ്രൂഷകള്‍ നടന്നു. ആയിരങ്ങളാണു ദേവാലയങ്ങളില്‍ എത്തി പ്രാര്‍ഥനകളില്‍ പങ്കു കൊണ്ടത്‌.
പഴയനിയമ കാലത്ത്‌ ഫറവോന്റെ അടിമത്തത്തിലായ ദൈവജനത്തെ വിടുവിക്കാന്‍ ദൈവം ഓരോ വീടുകളിലും കുഞ്ഞാടിനെ അറുത്ത്‌ പെസഹാ പെരുന്നാള്‍ ആചരിച്ചതായാണു വിശ്വാസം. പിന്നീട്‌ ക്രിസ്‌തുവിന്റെ കാലത്ത്‌ മര്‍ക്കോസിന്റെ മാളികയില്‍ പെസഹാ പെരുന്നാളിനോടനുബന്ധിച്ചു നടന്ന അന്ത്യഅത്താഴ വേളയിലാണു കുര്‍ബാനയെന്ന കൂദാശ സ്‌ഥാപിച്ചത്‌.
ക്രിസ്‌തു അപ്പവും വീഞ്ഞും ശിഷ്യന്മാര്‍ക്കു വിഭജിച്ചു കൊടുത്തതിന്റെ ഓര്‍മ്മ പുതുക്കാനായി ദേവാലയങ്ങളിലും ക്രൈസ്‌തവ വീടുകളിലും അപ്പം മുറിക്കല്‍ ശുശ്രൂഷകള്‍ നടന്നു.
കാല്‍കഴുകി ചുംബിക്കുന്നതാണു ദൈവാലയങ്ങളിലെ പ്രധാന ചടങ്ങ്‌. യേശു ശിഷ്യന്മാരുടെ കാല്‍ കഴുകി ചുംബിച്ചതിന്റെ സ്‌മരണയിലാണു വൈദികര്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ കാലുകള്‍ കഴുകുന്നത്‌.
വൈദികന്‍ ശുശ്രൂഷകരുടെ ഒപ്പമെത്തി 12 വിശ്വാസികളുടെ കാലുകള്‍ കഴുകും.
അരയില്‍ചുറ്റിയ തൂവാല കൊണ്ട്‌ കാലുകള്‍ തുടയ്‌ക്കും. ഓരോരുത്തരുടെയും കാലുകള്‍ ചുംബിക്കുകയും ചെയ്യും. യേശുക്രിസ്‌തു തന്റെ 12 ശിഷ്യന്മാരുടെ കാല്‍കഴുകിയാണ്‌ എളിമയുടെയും ശുശ്രൂഷയുടെയും മാര്‍ഗം പഠിപ്പിച്ചത്‌.

 http://www.mangalam.com/religion/301062

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin