Sunday 19 April 2015

ഫ്രാൻസീസ് മാർപാപ്പായെ സ്വയംവിരമിക്കലിൽനിന്ന് പിന്തിരിപ്പിക്കുക - മുഖക്കുറി
PF 1

ഈയിടെ മെക്‌സിക്കൻ ടെലിവിഷൻ ചാനലായ 'ടെലെവിസ'യ്ക്കനുവദിച്ച അഭിമുഖത്തിൽ ഫ്രാൻസീസ് പാപ്പാ നടത്തിയ വിരമിക്കൽ സൂചന ലോകമെമ്പാടുമുള്ള നവീകരണദാഹികളായ സഭാസ്‌നേഹികളുടെ മനസ്സുകളിൽ ആശങ്കയുടെ ഇരുൾവീഴ്ത്തുന്നു. ''എനിക്കു തോന്നുന്നു, ചെറിയ കാലത്തേക്കാണ് ദൈവം എന്നെ നിയോഗിച്ചതെന്ന്. കുറച്ചു സമയത്തേക്കുള്ള ദൗത്യമാണിതെന്നു മനസ്സ് പറയുന്നു,'' എന്നു പറഞ്ഞുകൊണ്ടാണദ്ദേഹം രണ്ടുമൂന്നു വർഷത്തേക്കേ താൻ മാർപാപ്പയായി ഉണ്ടാകൂ എന്നു സൂചിപ്പിച്ചത്.  കഴിഞ്ഞ വർഷവും സമാനമായ ഒരഭിപ്രായപ്രകടനം അദ്ദേഹം നടത്തുകയുണ്ടായി. 'ചെറിയ ഒരു ജീവിതകാലമേ തന്റെ മുമ്പിൽ അവശേഷിക്കുന്നുള്ളൂ' വെന്നും, 'ദൗത്യം തുടരാൻ ആരോഗ്യം അനുവദിച്ചില്ലെങ്കിൽ സ്ഥാനം ഒഴിയു'മെന്നുമാണ് അന്നദ്ദേഹം പറഞ്ഞത് (ഉദ്ധരണികൾ 2015 മാർച്ച് 15-ലെ മംഗളത്തിൽനിന്ന്). അദ്ദേഹത്തിന്റെ ഈ വാക്കുകളെല്ലാം സൂചിപ്പിക്കുന്നത്, അദ്ദേഹത്തെ എന്തൊക്കെയോ ആകുലചിന്തകൾ അലട്ടുന്നുണ്ട് എന്നാണ്.

തന്റെ വാക്കുകളും പ്രവൃത്തികളും ലോകമെങ്ങും പ്രകീർത്തിക്കപ്പെടുന്നുണ്ടെങ്കിലും, അതനുസരിച്ചുള്ള ചലന ങ്ങൾ സഭയിലുണ്ടായിക്കാണാത്തതിൽ, തന്റെ വചനങ്ങൾ മാംസമായിത്തീരാത്തതിൽ, ഖിന്നഹൃദയനായിരിക്കാം, അദ്ദേഹം. തന്റെ നിലപാടുകളെ തുറന്നെതിർക്കുന്ന യാഥാസ്ഥിതിക കർദ്ദിനാളന്മാരുടെയും മെത്രാന്മാരുടെയും ഒരു പടതന്നെ സഭയിലുണ്ടെന്ന് കഴിഞ്ഞ ഒക്‌ടോബറിൽ നടന്ന അസാധാരണ സിനഡിൽ ലോകം കണ്ടതാണ്. പല്ലിറുമ്മിച്ചിരിക്കുന്നവരും തന്നെ വ്യക്തിപരമായി പ്രകീർത്തിച്ചും വാഴ്ത്തിപ്പാടിയും നിഷ്‌ക്രിയത്വത്തിൽ അഭിരമിക്കുന്ന കപടഹൃദയരുമാണു ഭൂരിപക്ഷം കൂരിയാത്തലവന്മാരും സിനഡംഗങ്ങളുമെന്നും, തങ്ങളുടെ രാജകീയജീവിതം നിർബാധം തുടരാൻ തന്റെ അവസാനം കാത്തിരിക്കുന്നവരാണവരിലേറെയുമെന്നും അദ്ദേഹത്തിനറിയാം. ചുരുക്കത്തിൽ, താൻ സഭയിൽ വിഭാവനംചെയ്യുന്ന വിപ്ലവാത്മകമാറ്റങ്ങൾ നടപ്പിൽ വരുത്താൻ തന്നോടൊപ്പം തുനിഞ്ഞിറങ്ങിയിട്ടുള്ള അധികം മെത്രാന്മാരോ കർദ്ദിനാളന്മാരോ സഭയിലുള്ളതായി അദ്ദേഹം കാണുന്നുണ്ടാവില്ല. ഈ സാഹചര്യത്തിൽ, അസാധാരണ സിനഡ് ജനങ്ങളിലുയർത്തിയിട്ടുള്ള പ്രതീക്ഷയ്ക്കു മങ്ങലേൽക്കാൻ ഇടയുണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടാകാം. അതിപ്രധാനമായ അടുത്ത സിനഡിനുള്ള, മൂന്നാം വത്തിക്കാൻ സിനഡിനുള്ള, ഒരുക്കങ്ങൾതന്നെ അതിന്റെ ലക്ഷ്യത്തെ അട്ടിമറിക്കുന്ന വിധത്തിലാകാൻപോകുന്നു എന്ന ആപൽസൂചന ‘ഇമവേീഹശര ഇവൗൃരവ ഞലളീൃാ കിലേൃിമശേീിമഹ’ (ഇഇഞക) നൽകിയിരുന്നത് ഇത്തരുണത്തിൽ ഓർക്കാവുന്നതാണ്. ഔദ്യോഗികമായി രൂപംകൊടുത്ത കമ്മിറ്റികൾതന്നെ മാർപാപ്പായുടെ ലക്ഷ്യത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, അതെല്ലാം കാണുന്ന ഫ്രാൻസീസ് പാപ്പായ്ക്ക് നിരാശ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരു ഏകാധിപതിയെപ്പോലെ എല്ലാ ആധികാരികസമിതികളിലേക്കും കയറിച്ചെന്ന് ഇടപെടാൻ അദ്ദേഹത്തിനാവില്ലല്ലോ.

കർദ്ദിനാളന്മാരും മെത്രാന്മാരും മാത്രമല്ല, വിശ്വാസിസമൂഹവും സഭയിലൊരു മാറ്റം വരുത്താൻ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം കാണുന്നുണ്ടാകണം. മാറ്റം അനിവാര്യമാണെന്ന ചിന്ത വ്യാപകമാക്കേണ്ടതും അതിനായി നിരന്തരം സമ്മർദ്ദം ചെലുത്തേണ്ടതും പ്രവർ ത്തിക്കേണ്ടതും സഭയിലെ ജനമാണ്; സഭാപൗരന്മാരാണ്. കാരണം, അന്തിമവിശകലനത്തിൽ ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണ്. ജനങ്ങൾ അഭിലഷിക്കുന്നതും അവർ ഏറ്റുവാങ്ങാൻ തയ്യാറുള്ളതുമായ മാറ്റങ്ങളേ എവിടെയും നിലനിൽക്കൂ. അടിത്തട്ടിലെ ചലനങ്ങളാണ് മുകൾത്തട്ടിൽ സ്ഥായിയായ മാറ്റങ്ങൾക്കു കാരണമാ കുന്നത്. ജനാഭിലാഷങ്ങളുൾക്കൊള്ളുന്ന ഒരധികാരി മുകൾത്തട്ടിൽ വന്നാലും ജനങ്ങൾ സജ്ജരല്ലെങ്കിൽ സ്വന്തം നിലയിൽ വലിയ മാറ്റങ്ങളൊന്നും വരുത്താൻ ആർക്കും സാധിക്കില്ല. പ്രബോധിപ്പിക്കാനും ജനങ്ങളോട് ഉണരാനാഹ്വാനം ചെയ്യാനും അവരുണരുന്നതിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരാനുമേ എത്ര നല്ല  ഭരണാധികാരിക്കും കഴിയൂ.

വാസ്തവത്തിൽ, ഫ്രാൻസീസ് മാർപാപ്പാ സ്ഥാനമേറ്റപ്പോൾ മുതൽ അതാണു ചെയ്തുകൊണ്ടിരിക്കുന്നത്. യേശുവിന്റെ ഹൃദയം തൊട്ടറിഞ്ഞുള്ള വചനവ്യാഖ്യാനങ്ങൾവഴി പരമ്പരാഗതമായി നിലനിന്നുപോന്ന എത്രയോ ആധികാരികസഭാനിലപാടുകളെയാണ് അദ്ദേഹം തിരുത്തിക്കുറിച്ചത്! ആദ്ധ്യാത്മികശുശ്രൂഷയ്ക്ക് എണ്ണമറ്റ ദൈവശാസ്ത്രസിദ്ധാന്തങ്ങൾ അനാവശ്യമാണെന്നു തുറന്നടിച്ചും, അപ്രമാദിത്വമുള്ളത് മാർപാപ്പായ്‌ക്കോ മെത്രാൻ സംഘത്തിനോ അല്ല; മറിച്ച്, ദൈവജനക്കൂട്ടായ്മയ്ക്കാണെന്നു പഠിപ്പിച്ചും, അഭിഷിക്തർ ജീവിക്കേണ്ടത് പ്രഭുക്കളെപ്പോലെയല്ലെന്ന് ഉപദേശിച്ചും, സഭ ഒരു സ്ഥാപനമല്ല, അമ്മയാണെന്നു ചൂണ്ടിക്കാട്ടിയുമുള്ള അദ്ദേഹത്തിന്റെ ഹൃദയഹാരിയായ എണ്ണമറ്റ പ്രബോധനങ്ങൾകൊണ്ട്, അല്പമെങ്കിലും തുറന്ന മനസ്സുള്ളവരുടെയെല്ലാം ബോധമണ്ഡലം വികസിതമാക്കാൻ അദ്ദേഹത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. നിരീശ്വരർക്കുപോലും രക്ഷയുണ്ട് എന്നു പറഞ്ഞ് 'കത്തോലിക്കാ സഭയിലൂടെ മാത്രമേ രക്ഷയുള്ളൂ' എന്നും, 'യേശുവിലൂടെയല്ലാതെ രക്ഷയില്ല' എന്നുംമറ്റുമുള്ള കത്തോലിക്കാസഭയുടെ അതിയാഥാസ്ഥിതിക മതമൗലികവാദനിലപാടുകളെ ചവറ്റുകുട്ടയിലെറിഞ്ഞ് ഒരു നവ ആത്മീയതയ്ക്കു വഴിയൊരുക്കുവാനും, സർവ്വമതസമഭാവനയുടേതായ ഒരന്തരീക്ഷത്തി നു തിരികൊളുത്തി ഇന്നു ലോകത്തിനു ഭീഷ ണിയായിരിക്കുന്ന മതതീവ്രവാദസാഹചര്യത്തിന് അയവുവരുത്താനും അദ്ദേഹത്തിനു കഴിഞ്ഞിട്ടു ണ്ട്.

വിശാലമായ ഈ ക്രൈസ്തവകാഴ്ചപ്പാടിന്റെ വെളിച്ചത്തിൽ, കത്തോലിക്കാസഭയിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ച് വാതോരാതെ  സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം, അടുത്ത നാൾവരെ. അതിനായി വത്തിക്കാൻ കേന്ദ്രീകരിച്ച് ഒട്ടേറെ അഴിച്ചുപണികൾ നടത്തുകയും മാറ്റത്തിനു തടസ്സം സൃഷ്ടിച്ച് അധികാരസ്ഥാപനങ്ങളായി നിലകൊള്ളുന്ന കൂരിയാകളെ ശാസിക്കുകയും തിരുത്താനാവശ്യപ്പെടുകയുംചെയ്തു, അദ്ദേഹം. മെത്രാന്മാരുടെ അധികാരശൈലി
യെയും സ്വേച്ഛാധിപത്യവാഞ്ഛയെയും ആർഭാടജീവിതത്തെയും വിമർശിക്കുകയും അതിനെതിരെ താക്കീതു നൽകുകയും ചെയ്തു. പലരെയും സ്ഥാനത്യാഗം ചെയ്യിക്കുകവരെ ചെയ്തു, അദ്ദേഹം.

എന്നാൽ, ഇതെല്ലാംകണ്ട് കൈയടിച്ചും, മാർപാപ്പായ്ക്കു ജയ് വിളിച്ചും, മഹാത്മാവെന്നു പുകഴ്ത്തിയും, ഗ്യാലറിയിലെ കസേരകളിൽ കൃതകൃത്യതാഭാവത്തിൽ വെറുതെയിരിക്കുക യായിരുന്നു ജനങ്ങൾ. ഫലത്തിൽ, സഭാനവീകരണം മാർപാപ്പായും മെത്രാന്മാരുംചേർന്നു നടത്തേണ്ട ഒന്നാണെന്ന സമീപനത്തിലാണ് വിശ്വാസിസമൂഹം ഇന്നും. മാർപാപ്പാ ഇത്രയൊക്കെ പറഞ്ഞിട്ടും തങ്ങളുടെ രൂപതകളിലെ മെത്രാന്മാരും ഇടവകകളിലെ വികാരിമാരും എന്തുകൊണ്ട് ആ മാറ്റങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്നില്ല എന്ന് അമർഷംപൂണ്ടു കഴിയുന്ന വിശ്വാസിസമൂഹം, സ്വന്തം ഇടവകകളിലും രൂപതകളിലും മാർപാപ്പായുടെ ആഹ്വാന ങ്ങൾക്കനുസൃതമായി തങ്ങൾ ഒന്നും പ്രവർ ത്തിക്കുന്നില്ല എന്ന വസ്തുത കാണാതെ പോകു ന്നു എന്നതാണു വൈരുദ്ധ്യം. ഒരു മാർപാപ്പതന്നെ ഇത്ര ധൈര്യപ്പെടുത്താനുണ്ടായിട്ടും മെത്രാനെയും വികാരിയെയും കപ്യാരെയുംവരെ ഭയപ്പെട്ടും, മരിച്ചടക്കും പിള്ളേരുടെ വിവാഹവുമൊക്കെ വേണ്ടവണ്ണം നടത്തിത്തരാതിരുന്നാലോ എന്നാശങ്കപ്പെട്ടും പേടിത്തൊണ്ടന്മാരായി 99% വിശ്വാസികളും കഴിയുമ്പോൾ, സഭയിൽ എങ്ങനെ നവീകരണം സംഭവിക്കും? ''ദൈവികശുശ്രൂഷ ലഭിക്കുകയെന്നത് വിശ്വാസികളുടെ അവകാശമാണ്. അതിനു പണം വാങ്ങുന്നത് തെറ്റാണ്, കൊടുംപാതകമാണ്; അതനുവദിച്ചുകൊടുക്കരുത്.....'' (കാണുക 'സത്യജ്വാല' ഡിസം. ലക്കം പേജ് 18) എന്ന് മാർപാപ്പാ വിശ്വാസികളോട് ഉച്ചൈസ്തരം വിളിച്ചുപറഞ്ഞിട്ടും, അതു ചെവിക്കൊള്ളാൻ ധൈര്യം കാട്ടാത്ത വിശ്വാസിസമൂഹത്തിന്, സഭാനവീകരണത്തെപ്പറ്റി പറയാൻ എന്തർഹതയാണുള്ളത്? ''പൗരോഹിത്യാധിപത്യത്തെ ഇല്ലായ്മ ചെയ്യാൻ ഞാനാഗ്രഹിക്കുന്നു'', എന്നു പറഞ്ഞ മാർപാപ്പയെ പിന്തുണച്ച്, സ്വന്തം ഇടവകയിലും രൂപതയിലും നടക്കുന്ന പുരോഹിതാധിപത്യപരമായ നടപടികൾക്കെതിരെ പരസ്യമായൊന്നു പ്രതികരിക്കാൻപോലും തയ്യാറാകാത്തവർക്ക് എങ്ങനെ മാർപാപ്പയെ അനുസരിക്കാത്ത മെത്രാന്മാരെയും വൈദികരെയും കുറ്റപ്പെടുത്താനാകും?  സഭയിൽ കാര്യങ്ങളൊന്നും നേർവഴിക്കല്ല നടക്കുന്നതെന്നു പറഞ്ഞ്, ''നിങ്ങൾ നിങ്ങളുടെ രൂപതകളെ പ്രശ്‌നഭരിതമാക്കുക'' (ഇൃലമലേ ാല ൈശി ്യീൗൃ റശീരലലെ)െ എന്ന് സ്ഥാനമേറ്റുടനെതന്നെ യുവാക്കളോട് ആഹ്വാനം ചെയ്തപ്പോൾ, തീർച്ചയായും സഭയെ നേർവഴിക്കു തിരിക്കുവാൻ തയ്യാറാകുന്ന ഒരു യുവനേതൃന്നിര ഉരുത്തിരിയുമെന്ന പ്രതീക്ഷ  ഫ്രാൻസീസ് പാപ്പായ്ക്ക് ഉണ്ടായിരുന്നിരിക്കണം. അതും അസ്ഥാനത്തായതായി അദ്ദേഹം ഇന്നു കാണുന്നുണ്ടാകണം. ''.... 

സ്വയം ന്യായീകരിക്കുന്ന ഫരിസേയ മനോഭാവത്തോടെ സഭയുടെയും ക്രൈസ്തവ ജീവിതത്തിന്റെയും വാതിൽക്കൽ മടിച്ചുനിൽക്കുന്നത് അപകടകരമായ അനാസ്ഥയാണെ'ന്നു ചൂണ്ടിക്കാട്ടി, 'മറ്റുള്ളവർ എന്തു കരുതുമെന്നു ചിന്തിക്കാതെയും തന്റെ സൽപ്പേരും സ്ഥാനമാനങ്ങളും സുഖസൗകര്യങ്ങളും പണയപ്പെടുത്തിയും, ഭീതിയില്ലാതെ ഇറങ്ങിച്ചെല്ലു'വാൻ  അദ്ദേഹം പുരോഹിതരെയും ആഹ്വാനം ചെയ്യുകയുണ്ടായി (കാണുക 'സത്യജ്വാല' 2014 ഡിസം. ലക്കം, പേജ് 18). എന്നാൽ, മെത്രാൻഭീതി സൃഷ്ടിക്കുന്ന 'തമസ്സല്ലോ സുഖപ്രദം' എന്ന വയറ്റിപ്പിഴപ്പു ന്യായത്താൽ, ഒന്നു മുരളുകപോലും ചെയ്യാതെ തിരിഞ്ഞു കിടന്നുറങ്ങുകമാത്രമാണ് അവരും ചെയ്തത്....

ഈ സാഹചര്യത്തിൽ തന്റെ സാഹസികപരിശ്രമങ്ങൾ ക്ലച്ചുപിടിക്കാതെ പോകുകയാണല്ലോ എന്നദ്ദേഹത്തിനു തോന്നുക തികച്ചും സ്വാഭാവികംമാത്രം. ഇങ്ങനെയൊരു സാഹചര്യം മുമ്പിൽ കണ്ടുകൊണ്ടായിരുന്നു 'സത്യജ്വാല' യുടെ ഒരു 'മുഖക്കുറി'യിൽ മുമ്പ് ഇങ്ങനെ എഴുതിയത്: ''....അതുകൊണ്ട് സഭാനവീകരണത്തിൽ ദത്തശ്രദ്ധരായവരും അവരുടെ സംഘടനകളും ചെയ്യേണ്ടത്, സഭയിൽ വരേണ്ട മാറ്റം സംബന്ധിച്ച് ഫ്രാൻസീസ് മാർപാപ്പാതന്നെ പ്രഖ്യാ പിച്ചുകഴിഞ്ഞ നയവ്യതിയാനങ്ങൾ  സഭയിൽ കൊണ്ടുവരുവാൻ അദ്ദേഹത്തെ ശക്തമായി പിന്തുണയ്ക്കുക എന്നതാണ്. ഇതു ചെയ്യുന്നില്ലെങ്കിൽ, ജന പിന്തുണയില്ലെന്നു കരുതി സ്വന്തം നിലപാടിൽനിന്നു മാർപാപ്പാതന്നെ പിൻവലിഞ്ഞെന്നുവരാം...'' (2013 - ജൂലൈ ലക്കം). തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാത്ത സ്വയാധികാരസഭകളിലെ മെത്രാന്മാരെ നിയന്ത്രിക്കുന്നതിൽ അദ്ദേഹത്തിന് വളരെ പരിമിതികളുണ്ടു താനും. (അതുകൊണ്ടാണല്ലോ, 'മാർപാപ്പായെ ഞാൻ വകവയ്ക്കുന്നി'ല്ലെന്നും 'അദ്ദേഹം എന്നെ ഒന്നും ചെയ്യാൻ പോകുന്നി'ല്ലെന്നും ഇടുക്കി ബിഷപ്പ് ഒരിക്കൽ തുറന്നടിച്ചത് (കാണുക, 'സത്യജ്വാല'  2014 ഏപ്രിൽ ലക്കം: പേജ്, 27). നൈയാമിക നൂലാമാലകളും, നേരിട്ടു ബന്ധപ്പെടുവാനാവാത്തത്ര ദൂരവും മൂലം, മാർപാപ്പായ്ക്കു തനതായി കാതലായ ഒരു മാറ്റവും സഭയിൽ കൊണ്ടുവരുവാൻ സാധ്യമല്ല എന്നാണിതു കാണിക്കുന്നത്. എന്നാൽ, ആഗോള സഭയുടെ മുഴുവൻ ആദ്ധ്യാത്മികാചാര്യനായ മാർപാപ്പായെ അനുസരിക്കുന്നതിൽനിന്നു വിശ്വാസികളെ വിലക്കുന്ന ഒരു നിയമവും ഇന്നില്ല; ഉണ്ടാകുകയുമില്ല. അദ്ദേഹത്തിന്റെ പ്രബോധനങ്ങളും നിർദ്ദേശങ്ങളും തങ്ങളുടെ രൂപതകളിൽ പ്രാവർത്തി കമാക്കണമെന്ന് വിശ്വാസികളാവശ്യപ്പെട്ടാൽ മെത്രാന്മാർക്കോ വികാരിമാർക്കോ അതിനെതിരെ ഒന്നും ചെയ്യാനാവില്ല. മറിച്ച്, മാർപാപ്പായെ അനുസരിക്കാൻ അവർ നിർബന്ധിതരാകുകയും ചെയ്യും.

അതിനാൽ, സഭാനവീകരണരംഗത്തേക്ക് കടന്നുവരുക എന്ന വെല്ലുവിളി യേശുവിൽ ധീരരായി വിശ്വാസികൾ  ഏറ്റെടുക്കേണ്ടിയിരിക്കുന്നു. സഭയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു മാർപാപ്പാ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി, അതിൻപ്രകാരം ഓരോ രൂപതയിലും വരുത്തേണ്ട മാറ്റങ്ങൾ സമൂർത്തമായി അവതരിപ്പിച്ച്, അവ നടപ്പിൽ വരുത്താനാവശ്യപ്പെടേ ണ്ടിയിരിക്കുന്നു; ഓരോ രൂപത യെയും കേന്ദ്രീകരിച്ച് ആശയ പ്രചാരണങ്ങളും പ്രക്ഷോഭണ പരിപാടികളും പ്രാർത്ഥനാ യജ്ഞങ്ങളും നടത്തേണ്ടിയിരിക്കുന്നു, നാം. ഇതിനൊക്കെപ്പുറമേ, അടിയന്തിരമായി ചെയ്യേണ്ട മറ്റൊരു കാര്യം, അദ്ദേഹത്തെ സഭയ്ക്കും ഈ ലോകത്തിനും ആവശ്യമുണ്ടെന്ന് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി, സ്ഥാനത്യാഗം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആലോചനകളിൽനിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുക എന്നതാണ്. 

ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുംനിന്ന് സ്ഥാനത്യാഗതീരുമാനത്തിൽനിന്നു പിന്തിരിയണമെന്നഭ്യർത്ഥിച്ച് അദ്ദേഹത്തിന്റെ പേരിൽ കത്തുകളും ഇ-മെയിൽ സന്ദേശങ്ങളും പ്രവഹിക്കുകയാണെന്നറിയുന്നു. ഇന്ത്യയിൽ കെ.സി.ആർ.എം. അതിനു മുൻകൈ എടുക്കുകയാണ്. ലോകമെമ്പാടുമുള്ളവർ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഫ്രാൻസീസ് മാർപാപ്പാ ആ സ്ഥാനത്തു തുടരണം എന്നാഗ്രഹിക്കുന്നവർ ക്രൈസ്തവർ മാത്രമല്ല, ലോകത്തിലെ മുഴുവൻ മതസ്ഥരു മാണ്. കാരണം, അദ്ദേഹത്തിന്റെ ഓരോ കാൽവയ്പും ലോകസമാധാനവുംകൂടി ലക്ഷ്യംവച്ചുള്ളതാണ്. അതിനാൽ, ജാതി-മത-വർഗ്ഗ-വർണഭേദമില്ലാതെ സകലരും ഈ ഉദ്യമത്തിൽ പങ്കുചേരണം എന്നഭ്യർത്ഥിക്കുന്നു. കത്തിന്റെ മലയാളം-ഇംഗ്ലീഷ് മാതൃകകൾ 5, 6 പേജുകളിൽ കൊടുത്തിട്ടുണ്ട്. ഒപ്പം, അവ അയച്ചു തരേണ്ട വിലാസങ്ങ ളും ഇ-മെയിൽ ഐഡികളും കൊടുത്തിട്ടുണ്ട്. ദയവായി ഒരു ഇൻലന്റിലോ കവറിലോ എഴുതിയോ ടൈപ്പുചെയ്‌തോ, കൊ ടുത്തിട്ടുള്ള ഏതെങ്കിലും ഒരു വിലാസത്തിൽ അയയ്ക്കുക. അല്ലെങ്കിൽ, ഇ- മെയിൽ ചെയ്യുക. അതെല്ലാം ശേഖരിച്ച് മാർപാപ്പായ്ക്ക് ഒന്നിച്ച് അയയ്ക്കുവാനാണ് കെ.സി. ആർ.എം. പദ്ധതിയിട്ടിരിക്കുന്നത്.

കഴിഞ്ഞആയിരം വർഷത്തി നിടയിലാദ്യമായി സഭാനഭസ്സിൽ മഹാതേജസ്സോടെ ഉദിച്ചുയർന്ന നവീകരണസൂര്യനാണ് ഫ്രാൻ സീസ് മാർപാപ്പാ. മതജീർണ്ണതമൂലം സ്‌നേഹ ശൂന്യമായിത്തീർന്ന ഇന്നത്തെ ഇരുൾമൂടിയ ലോകത്തിലേക്ക് അയയ്ക്കപ്പെട്ട സ്‌നേഹപ്രവാചകനും ആദ്ധ്യാ ത്മികഗുരുവുമാണ് അദ്ദേഹം. അദ്ദേഹത്തെ നമുക്കു നഷ്ടപ്പെട്ടുകൂടാ; ഈ ലോകത്തിനു നഷ് ടപ്പെട്ടുകൂടാ; അദ്ദേഹം മുന്നോട്ടുവച്ച കാൽ പിൻവലിക്കാൻ നാം അനുവദിച്ചുകൂടാ. ദൗത്യ നിർവ്വഹണത്തിൽ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്നും കർമ്മനിരതരാകുമെന്നുംകൂടി അദ്ദേഹത്തിന് ഉറപ്പു നൽകേണ്ടിയിരിക്കുന്നു, നാം. ഈ കാലഘട്ടത്തിന്റെ ദിശാനിർണ്ണയത്തിൽ ഫ്രാൻസീസ് മാർപാപ്പയുടെ പങ്ക് ഒഴിവാക്കാനാവാത്തതാണെന്ന സന്ദേശം അദ്ദേഹത്തിനും ലോകത്തിനും നൽകുന്നതിൽ നാം വിജയിച്ചാൽ, തീർച്ചയായും കാലത്തിന്റേതായ ആ വിളി കേൾക്കാൻ അദ്ദേഹം തയ്യാറാകും. നമുക്ക് കൂടുതൽ കർമ്മനിരതരാകാം...

ജോര്‍ജ്ജ് മൂലേച്ചാലില്‍ -എഡിറ്റർ

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin