Saturday 18 April 2015

ആഗ്രയില്‍ ക്രൈസ്തവ ദേവാലയം ആക്രമിച്ചു




സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ വീണ്ടും ആക്രമണം. ആഗ്ര കന്റോണ്‍മെന്റിനു
സമീപത്തുള്ള പ്രതാബ്പുരയിലുള്ള സെന്റ് മേരീസ് ദേവാലയത്തിനു നേരെ ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.

പള്ളിയുടെ മുന്‍വശത്തുണ്ടായിരുന്ന മാതാവിന്റെ നാലു രൂപങ്ങളും രൂപക്കൂടും തകര്‍ത്തു. ഒരു രൂപത്തില്‍ പട്ടിത്തുടല്‍ തൂക്കി. പള്ളിയുടെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിന്റെ ചില്ലുകളും അക്രമികള്‍ തകര്‍ത്തു. കാറില്‍ നിന്നുള്ള അലാറം കേട്ട് വൈദികര്‍ സ്ഥലത്തെത്തുമ്പോഴേക്കും മതിലുചാടി അക്രമികള്‍ രക്ഷപ്പെടുകയായിരുന്നെന്നും പള്ളി വികാരി ഫാ. യൂജിന്‍ മൂണ്‍ ലാസറസ് അറിയിച്ചു.

രാവിലെ മൂന്നു മണിയോടെയാണ് സംഭവം നടന്നതെന്നു പോലീസ് പറയുന്നു. സംഭവത്തില്‍ രകബ്ഗഞ്ച് പോലീസ് എഫ്ഐആര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. വികാരി ഉള്‍പ്പെടെ മൂന്നു വൈദികര്‍ പള്ളി കോമ്പൌണ്ടില്‍ തന്നെയാണ് താമസിക്കുന്നത്. കാറില്‍ നിന്നുള്ള അലാറം ശബ്ദിച്ചതോടെ തങ്ങള്‍ പള്ളിയുടെ മുന്നിലെത്തിയതായും അപ്പോള്‍ ചില ആളുകള്‍ ഓടിപ്പോകുന്നതായും വൈദികര്‍ മൊഴി നല്‍കി.

മാതാവിന്റെയും ഉണ്ണിയേശുവിന്റെയും രൂപത്തിലെ, ഉണ്ണിയേശുവിന്റെ തലയും മാതാവിന്റെ കൈയുമാണ് തകര്‍ത്തിരിക്കുന്നത്. ഒരാള്‍ വലിപ്പത്തിലുള്ള മാതാവിന്റെ രൂപത്തില്‍ പട്ടിത്തുടല്‍ തൂക്കിയതു ക്രൈസ്തവ വിഭാഗത്തെ അവഹേളിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും ഫാ. ലാസറസ് പറഞ്ഞു. ജില്ല പോലീസ് അധികാരികളും സംഭവസ്ഥലം സന്ദര്‍ശിച്ച് സുരക്ഷ ക്രമീകരണങ്ങള്‍ നടത്തി.

ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ ആക്രമണം നടക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ക്രൈസ്തവ ദേവാലയവും മിഷനറി സ്കൂളും അക്രമികള്‍ കഴിഞ്ഞ മാര്‍ച്ച് 20ന് തകര്‍ത്തിരുന്നു. ഇതേത്തുടര്‍ന്നു ദേവാലയങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ആഗ്രയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.

അക്രമികള്‍ക്കെതിരെ 24 മണിക്കൂറിനുള്ളില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആഗ്രയിലെ ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെട്ടു.

 http://www.deepika.com/ucod/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin