Wednesday 29 March 2017


കേരളത്തിൽ മുസ്ലീം പളളികളെയും, ഹിന്ദു-മുസ്ലീം മതനേതാക്കളെയും ഐ.എസ് ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തൽ

ന്യൂഡൽഹി: കേരളത്തിൽ ഹിന്ദു-മുസ്ലീം മതനേതാക്കളെയും, ബി.ജെ.പി നേതാക്കളെയും വധിക്കാൻ ഭീകരവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. മുസ്ലീം പളളികൾക്കു നേരേ ആക്രമണമഴിച്ചു വിടാനും ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ കസ്റ്റഡിയിലുളള കാസർകോട് സ്വദേശിയാണ് വെളിപ്പെടുത്തിയത്.
ഇസ്ലാമിക് സ്റ്റേറ്റുമായുളള ബന്ധത്തേത്തുടർന്നാണ് കാസർകോട് സ്വദേശിയായ മൊയ്‌നുദ്ദീൻ പാറക്കടവത്തിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തു വരുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്താൻ പദ്ധയിട്ടിരുന്ന ഭീകരാക്രമണങ്ങളേക്കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഏജൻസിക്കു ലഭിച്ചത്.
ജമാ അത്തെ ഇസ്ലാമി, ഹിന്ദു നേതാക്കളെയായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ വർഷം കൊച്ചിയിൽ രാഹുൽ ഈശ്വർ പങ്കെടുത്തിരുന്ന പരിപാടിയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി ആക്രമണം നടത്തുന്നതിനും ഐ.എസ് പദ്ധതിയിട്ടിരുന്നു. അതേസമയം ഇതു നടപ്പാക്കാൻ സാധിച്ചില്ല.
തീവ്രവാദി ആക്രമണ ഭീഷണിയേത്തുടർന്ന് ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ, പി.കെ കൃഷ്ണദാസ്, എം.ടി രമേശ് എന്നിവർക്ക് കഴിഞ്ഞ വർഷം വൈ കാറ്റഗറി സുരക്ഷ ശുപാർശ ചെയ്തിരുന്നു. രഹസ്യാന്വേഷണ ഏജൻസിയുടെ ശുപാർശയേത്തുടർന്നായിരുന്നു ഇവർക്ക് സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. അതേസമയം സംസ്ഥാനത്ത് തുടർന്നു വന്ന സി.പി.എം ആക്രമണപരമ്പരകളുടെ പശ്ചാത്തലത്തിൽ പ്രവർത്തകർക്കു ലഭിക്കാത്ത സുരക്ഷ തങ്ങൾക്കും വേണ്ട എന്ന നിലപാടിൽ വൈ കാറ്റഗറി സുരക്ഷ ഇവർ ഒഴിവാക്കുകയായിരുന്നു. ഈ നേതാക്കളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യം വച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച് കേന്ദ്ര ഇന്റലിജൻസ് ഏജൻസി ശുപാർശ നൽകിയതെന്ന വസ്തുതയാണ് പുതിയ വെളിപ്പെടുത്തലിലൂടെ സ്ഥിരീകരിക്കുന്നത്.
മത നേതാക്കളെക്കൂടാതെ മുസ്ലീം പളളികളെയും ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിട്ടിരുന്നതായി മൊയ്‌നുദ്ദീൻ അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി. ടെഹ്‌റാൻ വഴി ഇസ്ലാമിക് സ്റ്റേറ്റിന്റെ ആസ്ഥാനത്തേക്ക് യാത്ര ചെയ്യും വഴി കേരളത്തിൽ നിന്നും കാണാതായ ഡോ. ഇജാസ്, മർവാൻ, മൻസദ്, ഹഫീസുദ്ദീൻ, പേരോർമ്മയില്ലാത്ത മറ്റൊരാൾ എന്നിവരെ കണ്ടിരുന്നതായും മൊയ്‌നുദ്ദീൻ എൻ.ഐ.എയോടു വെളിപ്പെടുത്തി.
അബുദാബിയിൽ വച്ച് കഴിഞ്ഞ ഡിസംബറിലാണ് മൊയ്‌നുദ്ദീൻ അറസ്റ്റിലാകുന്നത്. തുടർന്ന് ഇയാളെ ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറുകയായിരുന്നു.
http://www.janamtv.com/80054861/#.WNs6bG8rLIU

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin