Tuesday 7 March 2017

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു പോലെ ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 06-03-2017 - Monday
വത്തിക്കാന്‍ സിറ്റി: പാപത്തിന്റെ പ്രലോഭനത്തിനെതിരായി പോരാടണമെങ്കില്‍ നമുക്ക് ദൈവവചനവുമായി അടുപ്പമുണ്ടായിരിക്കണമെന്ന്‍ ഫ്രാന്‍സിസ് പാപ്പ. നമ്മള്‍ എത്രമാത്രം നമ്മുടെ മൊബൈല്‍ ഫോണുമായി ഇടപഴകുന്നുവോ അതുപോലെ തന്നെ ബൈബിളുമായി ഇടപഴകണം എന്നും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. മാര്‍ച്ച് 5-ന് സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചു കൂടിയ വിശ്വാസികളോട് സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. 

മരുഭൂമിയില്‍ യേശു പിശാചിന്റെ പ്രലോഭനങ്ങളെ നേരിട്ടതിനെ കുറിച്ച് വിവരിക്കുന്ന വിശുദ്ധ മത്തായിയുടെ സുവിശേഷ ഭാഗത്തെ ആധാരമാക്കിയാണ് പാപ്പാ തന്റെ പ്രഭാഷണം നടത്തിയത്. "നാല്‍പ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ഈ നോമ്പ് കാലത്ത് യേശുവിന്റെ കാലടികളെ പിന്തുടരുവാനും, ദൈവവചനത്തിന്റെ സഹായത്തോട് കൂടി തിന്മക്കെതിരെ പോരാടുവാനുമാണ് ക്രിസ്ത്യാനികളെന്ന നിലയില്‍ നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ഇതിനായി നിങ്ങള്‍ക്ക് ബൈബിളുമായി അടുത്ത ബന്ധമുണ്ടായിരിക്കണം." 

എപ്പോഴും ബൈബിള്‍ വായിക്കുകയും അതിനെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുന്ന നിങ്ങള്‍ നിങ്ങളുടെ ഫോണിനെ പോലെ തന്നെ ബൈബിള്‍ എപ്പോഴും കൊണ്ട് നടന്നാല്‍ എന്താണ് കുഴപ്പം ? നമ്മള്‍ നമ്മുടെ ഫോണ്‍ എപ്പോഴും കൂടെ കൊണ്ട് നടക്കുന്നു. നമ്മള്‍ ഫോണ്‍ മറക്കുകയാണെങ്കില്‍ ഉടന്‍ തിരികെ വീട്ടില്‍ പോയി അതെടുക്കും. മൊബൈല്‍ ഫോണിനും വിശുദ്ധ ലിഖിതങ്ങള്‍ക്കും വിശ്വാസികള്‍ കൊടുക്കുന്ന പ്രാധാന്യത്തിന്റെ അന്തരത്തെ പാപ്പ ചൂണ്ടികാണിച്ചു. 

"ജ്ഞാനസ്നാന മദ്ധ്യേ പരിശുദ്ധാത്മാവ് യേശുവില്‍ ഇറങ്ങിവരികയും ഇതെന്റെ പ്രിയപുത്രനാണെന്ന് അറിയിക്കുകയും ചെയ്തു. അപ്പോള്‍ മുതല്‍ യേശു തന്റെ പ്രേഷിതദൗത്യം ആരംഭിക്കുകയായിരിന്നു. എന്നാല്‍ ആദ്യം യേശുവിന് മൂന്ന്‍ പ്രലോഭനങ്ങളെ മറികടക്കേണ്ടതായിട്ടുണ്ടായിരുന്നു. ഈ പ്രലോഭനങ്ങള്‍ വഴി അനുസരണയുടേയും, എളിമയുടേയും പാതയില്‍ നിന്നും യേശുവിനെ വ്യതിചലിപ്പിക്കുവാനാണ് സാത്താന്‍ ആഗ്രഹിച്ചിരുന്നത്". 

"പിശാചിന്റെ വിഷം പുരട്ടിയ കൂരമ്പുകളെ തടയുവാന്‍ തക്ക ശക്തിയുള്ള പരിചയാണ് ദൈവവചനം. യേശു വെറും വചനങ്ങളില്‍ വിശ്വസിച്ചിരുന്നവനല്ല, മറിച്ച് ദൈവവചനങ്ങളിലായിരുന്നു യേശുവിന്റെ വിശ്വാസം, അവന്‍ ദൈവവചനം ഉപയോഗിച്ചു, അതുവഴി ദൈവപുത്രന്‍ മരുഭൂമിയിലെ പരീക്ഷണത്തില്‍ വിജയിയായി. സാത്താന്റെ പ്രലോഭനങ്ങള്‍ക്കെതിരെ നമ്മളും ഇതു തന്നെയാണ് ചെയ്യേണ്ടത്". 

"ദൈവ വചനം എപ്പോഴും നമ്മുടെ ഹൃദയത്തില്‍ ഉണ്ടായിരിക്കണം. യാതൊന്നിനും നമ്മളെ ദൈവത്തില്‍ നിന്ന് അകറ്റുവാനോ, നന്മയുടെ പാതയില്‍ നിന്നും വ്യതിചലിപ്പിക്കുവാനോ സാധ്യമല്ല. ദിനംതോറുമുള്ള പ്രലോഭനങ്ങളെ വചനം വഴി നമ്മള്‍ അതിജീവിക്കണം. നമ്മുടെ സഹോദരന്‍മാരേയും, സഹായം ആവശ്യമുള്ളവരേയും നമ്മുടെ ശത്രുക്കളെയും സ്വീകരിക്കുവാനും സ്നേഹിക്കുവാനും കഴിയുന്ന ഒരു പുതുജീവിതം നയിക്കുവാന്‍ നമുക്ക് സാധിക്കണം". 

"ഈ നോമ്പ് കാലത്ത് ദൈവ വചനം ശ്രവിക്കുവാനും നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുവാനും നന്മയുടേയും അനുസരണയുടേയും ഉത്തമ ഉദാഹരണമായ പരിശുദ്ധ മറിയത്തോട് മാദ്ധ്യസ്ഥം യാചിക്കാം. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ കൊണ്ട് നടക്കുന്നത് പോലെ തന്നെ നിങ്ങളുടെ ബൈബിളും എപ്പോഴും കൊണ്ട് നടക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്.
http://pravachakasabdam.com/index.php/site/news/4354

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin