Friday 3 March 2017

പതിനാറുകാരിയുടെ അച്ചനില്‍ നിന്നുള്ള അവിഹിത ഗര്‍ഭവും പിതൃത്വം അച്ഛനു വിറ്റതും (ജോസഫ് പടന്നമാക്കല്‍)

EMALAYALEE SPECIAL  28-Feb-2017

ചില ഓണ്‍ലൈന്‍ പത്രങ്ങളിലും സോഷ്യല്‍ മീഡിയാകളിലും വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഒരു ലേഖനമാണിത്. കത്തോലിക്കാ സഭ എക്കാലത്തേക്കാളും അതിദയനീയമായ അവസ്ഥകളാണ് തരണം ചെയ്യുന്നത്. കുട്ടികളെ പീഡിപ്പിക്കുന്ന പുരോഹിതരോടൊപ്പം തട്ടിപ്പും കൊള്ളയും നടത്തുന്ന പുരോഹിതരും മെത്രാന്‍മാര്‍ വരെയും സഭയില്‍ പെരുകി കഴിഞ്ഞിരിക്കുന്നു. അവരില്‍ പലരും മാന്യമായി സഭയുടെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നതും ശോചനീയമാണ്. റോമില്‍ നിന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ നേരിട്ടു വന്നാലും തീരാത്ത പ്രശ്‌നങ്ങളുമായി സീറോ മലബാര്‍ സഭ അത്രമാത്രം അധഃപതിച്ചിരിക്കുന്നു. സഭയെ ഇഷ്ടമില്ലാത്തവര്‍ സഭ വിട്ടു പോകരുതോയെന്നാണ് എതിര്‍ക്കുന്നവരോട് ഈ പുരോഹിതരും ചില കുഞ്ഞാടുകളും ചോദിക്കുന്നത്. സഭയെന്നാല്‍ അവരുടെ തന്തമാര്‍ സ്ഥാപിച്ചതെന്നാണ് വിചാരം. സഭയുടെ സ്വത്തുക്കളും കോളേജുകളും, ആശുപത്രികളും കുഞ്ഞുങ്ങളും വീട്ടില്‍ പ്രായമാകുന്ന പെണ്‍കുട്ടികളും ഇവരുടെ തറവാട്ടു സ്വത്തായി മാറി കഴിഞ്ഞിരിക്കുന്നു. എവിടെയും വ്യപിചാരം ചെയ്തു നടക്കാമെന്ന ലൈസന്‍സ് സഭ പുരോഹിതര്‍ക്കു നല്‍കിയോയെന്നും തോന്നിപ്പോവും. അടുത്തകാലത്ത് കഴുത്തില്‍ ബെല്‍റ്റില്ലാതെ ഇത്തരക്കാരുടെ കര്‍ട്ടനു പുറകിലുള്ള നാടകങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതായും കേള്‍ക്കുന്നു. 

എങ്കിലും നല്ല പുരോഹിതരും സഭയില്‍ ഉണ്ടെന്നും അവരെ ബഹുമാനിക്കുന്നുവെന്നും അറിയിക്കട്ടെ. കപടതയില്ലാത്ത അത്തരക്കാരെ അധികാര സ്ഥാനങ്ങളില്‍ കാണാനും പ്രയാസമാണ്. 

പുരോഹിതരുടെ കൊള്ളരുതായമകളും സ്ത്രീ ബാലപീഡനങ്ങളും സംബന്ധിച്ച വാര്‍ത്തകളെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി സാധാരണ തള്ളി കളയുകയാണ് പതിവായിട്ടുള്ളത്. ഏറ്റവും പുതിയതായി കേട്ടത് കൊട്ടിയൂര്‍ പള്ളി വികാരി ഫാദര്‍ റോബിന്‍ പതിനാറു വയസുള്ള ഒരു കുട്ടിയെ ഗര്‍ഭിണീയാക്കിയ കഥയാണ്. അദ്ദേഹത്തിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമുള്ളതുകൊണ്ട് ഫാദര്‍ റോബിന്‍ഹുഡ് എന്നു വിളിക്കുന്നതിലും തെറ്റില്ല. സിനിമാനടി ഭാവനയെ പീഡിപ്പിച്ചപ്പോള്‍ സിനിമാ ലോകത്തിലെ വന്‍തോക്കുകളുടെ കഥകള്‍ പുറത്തു വരാന്‍ തുടങ്ങി. എന്നാല്‍ പൗരാഹിത്യ ലോകത്ത് അതിലും ഭീകരമായ സംഭവങ്ങള്‍ നടക്കുന്നുവെന്ന തെളിവാണ് നാല്പത്തിയെട്ടു വയസുള്ള ഈ പുരോഹിതന്‍ ഒരു പെണ്‍കുട്ടിയെ ഗര്‍ഭണിയാക്കിയശേഷം കളിച്ച കളികളെല്ലാം! സഭയിലെ വമ്പന്മാര്‍ അദ്ദേഹത്തെ പരിരക്ഷിക്കാന്‍ ശ്രമിക്കുന്നു. 

ഫാദര്‍ റോബിന്‍ സഭയുടെ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുകയും കോടിക്കണക്കിനു രൂപായുടെ സഭാവക സ്ഥാവര സ്വത്തുക്കളും സ്‌കൂളുകളും ആശുപത്രി സ്ഥാപനങ്ങളും കൈകാര്യവും ചെയ്യുന്നു. ഉത്തരവാദിത്വപ്പെട്ട പല കോര്‍പ്പറേറ്റു സ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ കീഴിലാണ്. ഒരു കുട്ടിയ്ക്ക് ഗര്‍ഭം കൊടുത്ത തന്റെ കഥകള്‍ പുറത്തു വന്നശേഷം വീണ്ടും സമൂഹത്തിന്റെ മുമ്പില്‍ മാന്യനായി നടക്കാന്‍ അങ്ങേയറ്റം പരിശ്രമിച്ചു. സഭയുടെയും പുരോഹിതന്റെയും മാനം രക്ഷിക്കാനും ഒപ്പം മറ്റു പുരോഹിതരും അഭിവന്ദ്യരുമുണ്ടായിരുന്നു. ഏതായാലും അവസരോചിതമായി വേണ്ടപ്പെട്ടവര്‍ ഇടപെട്ടതുമൂലം റോബിന്റെ പദ്ധതികള്‍ മുഴുവന്‍ പാളിപ്പോയി.

കൊട്ടിയൂര്‍ പള്ളി വികാരിയായി ജനസമ്മതനായി കഴിഞ്ഞിരുന്ന അദ്ദേഹം ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടി പ്രസവിച്ചു കഴിഞ്ഞാണ് പുറംലോകം കഥകളറിയുവാന്‍ തുടങ്ങിയത്. അതുവരെ സമര്‍ത്ഥമായി പൊതുജനങ്ങളുടെ കണ്ണില്‍ മണ്ണിട്ടുകൊണ്ടിരുന്നു. അനേക മാസങ്ങളായി ഈ പെണ്‍കുട്ടിയെ പള്ളി മുറിയില്‍ വിളിച്ചു വരുത്തി പുരോഹിതന്‍ പീഡിപ്പിക്കുന്നുണ്ടായിരുന്നു. പ്രസവിച്ച പെണ്‍കുട്ടിയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വവും കുഞ്ഞിന്റെ പിതൃത്വവും പെണ്‍കുട്ടിയുടെ മാതാവിന്റെ സമ്മതത്തോടെ സ്വന്തം പിതാവേറ്റെടുത്തു. പത്തു ലക്ഷം രൂപ അത്തരം ഒരു സാഹസത്തിനു തയ്യാറായ പെണ്‍കുട്ടിയുടെ പിതാവിന് ഈ പുരോഹിതന്‍ നല്‍കുകയും ചെയ്തു.

പെണ്‍കുട്ടി ഗര്‍ഭം ധരിച്ച നാളുകള്‍ മുതല്‍ മാതാപിതാക്കള്‍ ഗര്‍ഭവിവരം പൊതുജനമറിയാതെ അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ സഭയുടെ രഹസ്യ സങ്കേതത്തിലുള്ള 'തൊക്കിലങ്ങാടി' ക്രിസ്തുരാജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ ഒരു ആണ്‍കുഞ്ഞിനെ അവള്‍ പ്രസവിക്കുകയും ചെയ്തു. ഹോസ്പിറ്റല്‍ ചെലവുകള്‍ മുഴുവന്‍ ജനിച്ച കുഞ്ഞിന്റെ പിതൃത്വത്തിനുത്തരവാദിയായ പുരോഹിതന്‍ വഹിക്കുകയും ചെയ്തു. 

പ്രസവം കഴിഞ്ഞയുടന്‍ അമ്മയെയും കുഞ്ഞിനേയും മാനന്തവാടിയില്‍ എവിടെയോ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുകയായിരുന്നു. അതിന് സഭയിലെ വമ്പന്മാരുടെ സഹായവും ഉണ്ടായിരുന്നു. പ്രസവിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായുള്ള തീരുമാനമനുസരിച്ച് ജനിച്ച കുഞ്ഞിന്റെ പിതൃത്വത്തിനുത്തരവാദിയായ പുരോഹിതന്‍ പത്തു ലക്ഷം രൂപാ കൈ മാറുകയും ചെയ്തു. കുട്ടിയുടെ ഭാവി കാര്യങ്ങളും വിദ്യാഭ്യാസവും നോക്കിക്കൊള്ളാമെന്നു സമ്മതിക്കുകയും ചെയ്തു. പ്രത്യുപകാരമായി എല്ലാം രഹസ്യമായി സൂക്ഷിക്കണമെന്ന് മാത്രം വ്യവസ്ഥയുമുണ്ടായിരുന്നു. ഇതിനിടയില്‍ ജനിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ എത്തിക്കുകയും ചെയ്തു. പ്രസവിച്ച ഈ പെണ്‍കുട്ടിയ്ക്ക് വിവാഹ സമയമാകുമ്പോള്‍ ഒരാളിനെ കണ്ടുപിടിച്ചു കൊടുത്തുകൊള്ളാമെന്നും വിവാഹ ചെലവുകള്‍ വഹിച്ചുകൊള്ളാമെന്നും പുരോഹിതന്‍ വാക്കും കൊടുത്തിരുന്നു.

പ്രസവിച്ച ഈ പെണ്‍കുട്ടിയ്ക്ക് വൈദികനെ ഇഷ്ടമായിരുന്നു. സ്വന്തം പിതാവ് തന്നെ ഗര്‍ഭത്തിനുത്തരവാദിയെന്ന് പറയാന്‍ താത്പര്യമുണ്ടായിരുന്നില്ല. സ്വന്തം അപ്പന്‍ ഈ കുഞ്ഞിന്റെ പിതാവ് കൂടിയെന്ന് പറഞ്ഞാല്‍ അത് കൂടുതല്‍ അപമാനകരമാകുമെന്നും പറഞ്ഞു. അതിന്റെ പേരില്‍ മാതാപിതാക്കളുമായി ശണ്ഠ കൂടുകയും ഭീഷണിക്കു മുമ്പില്‍ ആ പെണ്‍കുട്ടി അങ്ങനെയൊരു ലജ്ജാകരമായ തീരുമാനത്തിന് സമ്മതിക്കുകയും ചെയ്തു.

സ്വന്തം പിതാവ് മകളെ ഗര്‍ഭിണിയാക്കിയെന്ന വാര്‍ത്ത നാട് മുഴുവന്‍ പരന്നു. പ്രസവിച്ച പെണ്ണിന്റെ സമപ്രായക്കാരായ കൂട്ടുകാരും ടെലിഫോണ്‍ വഴി എല്ലായിടങ്ങളിലും സന്ദേശം എത്തിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ചൈല്‍ഡ് കെയര്‍കാരുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അവര്‍ പിതാവിനെയും മാതാവിനെയും ചോദ്യം ചെയ്ത സമയത്തും ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം പിതാവ് തന്നെയെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. മാതാപിതാക്കള്‍ക്ക് പരാതിയില്ലെന്നും ജനിച്ച കുഞ്ഞിനെ നോക്കിക്കൊള്ളാമെന്നും അവര്‍ അറിയിച്ചു.

പത്തു ലക്ഷം രൂപയ്ക്ക് പിതൃത്വം ഏറ്റെടുത്തെങ്കിലും ചൈല്‍ഡ് കെയര്‍കാര്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരുന്നു. പ്രസവിച്ച കുഞ്ഞിന്റെ അമ്മയായ പതിനാറുകാരി പെണ്‍കുട്ടിയെയും ചോദ്യം ചെയ്തു. എന്നാല്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതാണെന്നും ജനിച്ച കുഞ്ഞിന്റെ പിതൃത്വം ചുമത്തി പിതാവിനെ അറസ്റ്റു ചെയ്യാന്‍ പോവുന്നുവെന്നു ചൈല്‍ഡ് കെയര്‍കാര്‍ അറിയിച്ചപ്പോള്‍ പെണ്‍കുട്ടി തളര്‍ന്നു പോയിരുന്നു. ഉണ്ടായ വിവരം മുഴുവനായി ചൈല്‍ഡ് കെയറുകാരെ അറിയിക്കുകയും ജനിച്ച കുഞ്ഞിന്റെ ഉത്തരവാദി പുരോഹിതനാണെന്നു പറയുകയും ചെയ്തു.

ഫാദര്‍ റോബിനെ സംബന്ധിച്ച് മറ്റുള്ള അഴിമതികളും പുറത്തു വന്നിട്ടുണ്ട്. ഇദ്ദേഹം സഭാവക സ്‌കൂളുകളുടെയെല്ലാം മേലെ കോര്‍പറേറ്റ് മാനേജരായിരുന്നു. മാനേജരെന്ന നിലയില്‍ പുരോഹിതന്റെ കാമാവേശത്തെ ജോലിയിലിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് തടയാനും സാധിക്കുമായിരുന്നില്ല.

ആദ്യകാലങ്ങളില്‍ ഈ കണ്ണന്‍ പുരോഹിതന്‍ ദീപികയുടെ ഡയറ്കടര്‍മാരില്‍ ഒരാളായിരുന്നു. വിദേശങ്ങളിലേയ്ക്കു പെണ്‍കുട്ടികളെ കയറ്റിയയക്കുന്ന തൊഴിലുമുണ്ടായിരുന്നു. 

ഇടയ ജനങ്ങളെ സന്മാര്‍ഗ ജീവിതം നയിക്കുവാന്‍ ഉപദേശിക്കുന്നതിനും മിടുക്കനായിരുന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മില്‍ സംസാരിക്കാന്‍ പോലും അനുവദിക്കില്ലായിരുന്നു. പെണ്‍കുട്ടികള്‍ക്ക് തന്നെയായ കൗണ്‍സിലിംഗും ഇയാള്‍ നടത്തുമായിരുന്നു. 

തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ഈ പുരോഹിതന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമുണ്ട്. അങ്ങനെ നല്ലയൊരു പുതിയ റോബിന്‍ഹുഡായും തെളിയിച്ചിട്ടുണ്ട്. 

പതിനാറുകാരിയുടെ ഗര്‍ഭത്തിനുത്തരവാദിയായ ഫാദര്‍ റോബിനെതിരെ ചൈല്‍ഡ് കെയര്‍കാര്‍ കേസ് ചാര്‍ജ് ചെയ്തു. ഇതറിഞ്ഞ പുരോഹിതന്‍ ഉടന്‍തന്നെ പള്ളിയില്‍ നിന്നുമുങ്ങി. ഇടവകജനത്തോട് ക്യാനഡായില്‍ ഒരു ധ്യാനം നയിക്കാന്‍ പോവുന്നുവെന്നും അറിയിച്ചു. നെടുമ്പാശേരിവഴി വിദേശത്ത് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അതിനുള്ള സൗകര്യങ്ങളൊക്കെ മുകളിലുള്ള അധികാരികള്‍ ചെയ്തു കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ കൈവശമുള്ള മൊബൈല്‍ ഫോണിന്റെ ദിശ മനസിലാക്കി ചാലക്കുടിക്കു സമീപം വെച്ച് അറസ്റ്റ് ചെയ്തു. മൂന്നു മണിക്കൂര്‍കൂടി കഴിഞ്ഞാല്‍ അദ്ദേഹം ക്യാനഡായ്ക്ക് സ്ഥലം വിടുമായിരുന്നു. പക്ഷെ അതിനു മുമ്പ് പോലീസിനു പുരോഹിതനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചു. കൈവശമുണ്ടായിരുന്ന പാസ്‌പ്പോര്‍ട്ടും ടിക്കറ്റും വിസായും പോലീസ് പിടിച്ചെടുത്തു. അവിടെ രക്ഷപെടാനുള്ള പദ്ധതികള്‍ മുഴുവന്‍ പാളിപ്പോയി.

സാധാരണ കള്ളനാണയങ്ങളായ പുരോഹിതരെപ്പറ്റി പറയുമ്പോള്‍ വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാകും. എന്നാല്‍ ഇത്തരം പിശാചുക്കളെ സഭയില്‍നിന്നും ഇല്ലാതാക്കുന്നത് അവരുടെ ആത്മീയ വളര്‍ച്ചക്ക് ആവശ്യമെന്നും മനസിലാക്കണം. ഏതായാലും പോലീസ് പ്രതിയേയും കൊണ്ട് ഇടവകയില്‍ എത്തിയപ്പോള്‍ ഇടവക ജനങ്ങള്‍ ഫാദര്‍ റോബിനെതിരെ വലിയ പ്രകോപനങ്ങള്‍ സൃഷ്ടിച്ചു. അവിടെ അദ്ദേഹത്തിനെതിരെ കല്ലേറുമുണ്ടായിരുന്നു. ദീപികയ്ക്കും മനോരമയ്ക്കും ഇത്തരം വാര്‍ത്തകള്‍ ലഭിക്കാറില്ല. റോബിന്‍ ദീപികയില്‍ ജോലി ചെയ്യുമ്പോഴും അവിഹിത ബന്ധങ്ങുളുണ്ടായിരുന്നു. പിന്നീട് ജീവന്‍ ടീവിയില്‍ ജോലി ചെയ്യുന്ന സമയത്തും കലാകാരികളുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.

മാനന്തവാടിയിലെ കോര്‍പ്പറേറ്റ് മാനേജര്‍ സ്ഥാനം ഫാദര്‍ റോബിനായിരുന്നു. 

പോലീസ് പിടിച്ചുകഴിഞ്ഞാണ് സഭ ഈ വൈദികനെ തള്ളിപ്പറഞ്ഞത്. അതിനുമുമ്പ് സഭയെതന്നെ അദ്ദേഹം വിലയ്ക്കു മേടിച്ചിരിക്കുകയായിരുന്നു. യഥാസമയം വേണ്ട വിധത്തില്‍ സഭ ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ നടത്തിയിരുന്നെങ്കില്‍ ഒരു മഹാവിപത്തില്‍ നിന്നും മാനഹാനിയില്‍ നിന്നും രക്ഷപെടാമായിരുന്നു. സഭയുടെ ഒരു തീരുമാനത്തിനായി ഒമ്പതു മാസം കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും പുരോഹിതന്‍ നിയമത്തിന്റെ കുടുക്കിലായി പോയി. ഇത്തരത്തിലുള്ള നൂറു കണക്കിന് പുരോഹിതര്‍ സഭയ്ക്കുള്ളിലുണ്ട്. അവരെയെല്ലാം നേരാം വിധം കൈകാര്യം ചെയ്തില്ലെങ്കില്‍ സഭ അഭിമുഖീകരിക്കാന്‍ പോവുന്നത് ഒരു വലിയ ദുരന്തത്തിലേയ്‌ക്കെന്നും മനസിലാക്കുക. ഇതിലേക്കായി കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെയും മറ്റു പ്രമുഖരായ സഭാനേതൃത്വത്തിന്റെയും ശ്രദ്ധ ആവശ്യമാണ്. വേലിതന്നെ വിളവ് തിന്നുന്ന നിലപാടുകളാണ് ഇന്ന് സഭയ്ക്കുള്ളിലുള്ളത്. തൃശൂര്‍, കോതമംഗലം, കാഞ്ഞിരപ്പള്ളി, ഇടുക്കി രൂപതകളില്‍ മെത്രാന്മാരെ പുറത്താക്കാനുള്ള സമയവും അതിക്രമിച്ചിരിക്കുന്നു. വെറുക്കപ്പെട്ടവരെന്നു അറിയപ്പെടുന്ന ഇത്തരം ഇത്തിക്കണ്ണികള്‍ ഉള്ളടത്തോളം കാലം സഭയെന്നും ആത്മീയാന്ധകാരത്തില്‍ ജീവിക്കും. 

http://www.emalayalee.com/varthaFull.php?newsId=138708

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin