Tuesday 14 March 2017

യേശുവിനെ അടക്കം ചെയ്ത കല്ലറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂര്‍ത്തിയായി

സ്വന്തം ലേഖകന്‍ 13-03-2017 - Monday
ജെറുസലേം: ക്രിസ്തുവിനെ അടക്കം ചെയ്ത കല്ലറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂര്‍ത്തിയായി. മാര്‍ച്ച് 22-ന് പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷയോടെയാണ് കല്ലറ വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുക. യേശുവിന്റെ കല്ലറയേ ഉള്ളിലാക്കി പണിത 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചര്‍' ദേവാലയത്തില്‍ കഴിഞ്ഞ മാർച്ചിലാണു കല്ലറയുടെയും അനുബന്ധ മേഖലയുടെയും പുനരുദ്ധാരണം ആരംഭിച്ചത്. 326–ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മ വിശുദ്ധ ഹെലേനയാണ് ക്രിസ്തുവിനെ അടക്കിയ കല്ലറ കണ്ടെത്തിയത്. പിന്നീട് ഇവിടെ ദേവാലയം പണിയുകയായിരിന്നു. 

തിരുശരീരം സംസ്കരിച്ച കല്ലറയുടെ മുകളിലായി മാര്‍ബിളില്‍ പണിത 'എഡിക്യൂള്‍' എന്ന പ്രത്യേക നിര്‍മ്മിതിയില്‍ സ്പര്‍ശിച്ചാണ് വിശ്വാസികള്‍ ഇവിടെയെത്തുമ്പോള്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം അവിടുത്തെ തിരുശരീരം കിടത്തിയ കല്ലറയുടെ ഉപരിതലത്തെ മാര്‍ബിള്‍ ഫലകം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം അവസാനമാണ് നീക്കിയത്. ക്രിസ്താബ്ദം 1555-നു ശേഷം ആദ്യമായിട്ടാണ് കല്ലറയുടെ ഉപരിഘടന തുറന്നത്. ഉപരിഘടന മാറ്റിയപ്പോൾ കല്ലറയിൽ പല വസ്തുക്കള്‍ ഉള്ളതായി കണ്ടെത്തിയിരിന്നു. 

ആറു ക്രൈസ്തവ വിഭാഗങ്ങളും നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയും ഏതൻസിലെ നാഷണൽ ടെക്നിക്കൽ യൂണിവേഴ്സിറ്റിയും സംയുക്തമായി ചേർന്നാണു പുനരുദ്ധാരണം നടത്തിയത്. കത്തോലിക്കാ സഭയും, ഗ്രീക്ക് ഓര്‍ത്തഡോക്സ്‌ സഭയും, അര്‍മേനിയന്‍ അപ്പോസ്തോലിക സഭയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 3.3 ദശലക്ഷം ഡോളര്‍ ചിലവിട്ടു. നേരത്തെ കല്ലറയുടെ ഉപരിഘടന തുറന്നതിനു പിന്നാലെ, കല്ലറ സ്ഥിതി ചെയ്യുന്ന 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചറില്‍' നിരവധി അത്ഭുതങ്ങൾ നടന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരിന്നു.
http://pravachakasabdam.com/index.php/site/news/4405

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin