Monday 13 March 2017

കൊട്ടിയൂർ പീഡനം: വൈദികനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തും

robin vadakkumcherry

കണ്ണൂര്‍ ∙ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ വൈദികനെ ഇന്ന് കോടതിയില്‍ തിരികെ നല്‍കും. നാലുദിവസത്തെ ചോദ്യം ചെയ്യലിന്‍റെ അടിസ്ഥാനത്തില്‍ വൈദികനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താനും അന്വേഷണം സംഘം തീരുമാനിച്ചു. വൈദികനെ കൂടാതെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത ഒമ്പതുപേരേയും അറസ്റ്റുചെയ്യാന്‍ കഴിയാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്.
പൊലീസിന്‍റെ നാലുദിവസത്തെ കസ്റ്റഡി അപേക്ഷയും പരിഗണിച്ചാണ് കോടതി ഫാ.റോബിനെ അന്വേഷണ സംഘത്തിന് കൈമാറിയത്. പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് പൊലീസ് വൈദികനെ തലശേരി അഡീഷണല്‍ ജില്ലാകോടതിയില്‍ തിരികെ നല്‍കും. കസ്റ്റഡി കാലാവധിയിലെ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും. വൈദികനെ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചതല്ലാതെ പൊലീസ് എവിടേയും തെളിവെടുപ്പിന് കൊണ്ടു പോയില്ല. വൈദികന്‍റെ ഡിഎന്‍എ പരിശോധനഫലം ഈ ആഴ്ച പുറത്തുവരുമെന്നാണ് പൊലീസ് പ്രതീക്ഷ. പെണ്‍കുട്ടിയുടെ ഡിഎന്‍എ ഫലവും വേഗത്തിലാക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.
കേസില്‍ പ്രതിചേര്‍ത്ത വയനാട് ജില്ലശിശുക്ഷേമസമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഫാ.തോമസ് തേരകത്തെ നാളെ വരെ അറസ്റ്റുചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം. പത്താം പ്രതി സി.ബെറ്റി ഇന്ന് ഹൈക്കോടതിയില്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. കേസിലെ മൂന്നു മുതൽ അ‍ഞ്ചുവരെയുള്ള ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉളപ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തലശേരി അഡീഷണല്‍ ജില്ലാകോടതിയുടെ പരിഗണനയിലാണ്.
മറ്റു പ്രതികളായ തങ്കമ്മ നെല്ലിയാനിയും സി. ലിസ് മരിയയും സി.അനീറ്റയും ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല. ഇവര്‍ക്കുവേണ്ടി പൊലീസ്, മഠങ്ങളിലെത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എട്ടാം പ്രതിയായ വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിന്‍റെ സൂപ്രണ്ട് സി.ഒഫീലിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. പ്രതികളെ അറസ്റ്റുചെയ്യാന്‍ കഴിയാതായതോടെ കേസിന്‍റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ കുടുങ്ങിയിരിക്കുകയാണ് അന്വേഷണസംഘം.
http://www.manoramaonline.com/news/just-in/kottiyooor-case-fr-robin-to-be-brought-to-court.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin