Tuesday 21 March 2017

ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്‍ കോട്ടയോ!

March 21, 2017
കേരളം അതിവേഗം സ്മാര്‍ട്ടാകുന്നു എന്നാണ് ഭരണക്കാര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ സ്മാര്‍ട്ടാകുന്ന കേരളത്തില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത ദുരിതാവസ്ഥയാണുള്ളതെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. അക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കാര്യത്തിലാണ് കേരളം അതിവേഗം സ്മാര്‍ട്ടാവുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്നത് ഇവിടേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ നാം നല്‍കിയ വിശേഷണമാണ്. എന്നാല്‍ ഇപ്പോള്‍ ദൈവംപോലും ഇവിടെനിന്ന് ഭയന്നോടിക്കഴിഞ്ഞു. ഓരോ ദിവസവും പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും നിറയുന്ന കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ ദൈവത്തേപ്പോലും ഭയപ്പെടുത്തുന്നു. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ കോട്ടയായി മാറിയെന്ന് പറയുന്നത് എത്രയോ ശരി.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളാണ് അടുത്തകാലത്ത് ഏറ്റവും വര്‍ദ്ധിച്ചത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അക്രമങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും കവര്‍ച്ചകളുമെല്ലാം ഓരോ ദിവസവും നമ്മെ ഭയപ്പെടുത്തിയിരുന്നെങ്കില്‍, ഇപ്പോള്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അതെല്ലാം മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി. ചരമവാര്‍ത്തകള്‍ കൊടുക്കുന്നതുപോലെയാണ് പത്രങ്ങള്‍ പീഡനവാര്‍ത്തകള്‍ നല്‍കുന്നത്. അതിനായി ഒരു പേജുതന്നെ മാറ്റിവച്ചിരിക്കുന്നു. ദൃശ്യമാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്കായി പ്രത്യേകപരിപാടി അവതരിപ്പിക്കുന്നു.
ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍വരെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. ഇപ്പോള്‍ ഒന്നാം സ്ഥാനത്തിനായി കുതിക്കുകയാണ്. ദിവസംതോറും രണ്ടില്‍ കൂടുതല്‍ പീഡനക്കേസുകള്‍! ഇരകളാകുന്നത് കൂടുതലും കുട്ടികളാണെന്നതാണ് ദാരുണം. വാത്സല്യവും സ്‌നേഹവും സംരക്ഷണവും കരുതലും കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടവര്‍ തന്നെയാണ് പല കേസുകളിലും അവരെ ഇരകളാക്കുന്നത്. ലാളിച്ച് വളര്‍ത്തേണ്ട പ്രായത്തില്‍ കഴുത്തുഞെരിക്കുന്ന ക്രൂരത.
മറ്റ് അക്രമസംഭവങ്ങളുടെ കാര്യത്തിലും കേരളം ഒന്നാം സ്ഥാനത്തിനായി മത്സരിക്കുകയാണ്. തട്ടിക്കൊണ്ടുപോകലിലും കവര്‍ച്ചയിലും രാഷ്ട്രീയകൊലപാതകങ്ങളിലുമൊക്കെ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളാണ് മുന്നില്‍ നിന്നിരുന്നതെങ്കില്‍ കേരളം അവരെയും പിന്നിലാക്കുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചു. ദേശീയ തലത്തില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചു. പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം കണ്ണൂരില്‍ മാത്രം രാഷ്ട്രീയ കൊലപാതകങ്ങളില്‍ പൊലിഞ്ഞത് ഏട്ട് ജീവനുകളാണ്.
നൂറിലേറെ ആക്രമണക്കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ നാലെണ്ണം നടന്നത് മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലും. അതില്‍ ഇരകളായത് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍. ഇരകള്‍ക്ക് പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ല. നീണ്ട ഇടവേളയ്ക്കു ശേഷമാണ് കണ്ണൂര്‍ വീണ്ടും കൊലപാതക രാഷ്ട്രീയത്തിലേക്ക് കടന്നത്. തങ്ങളുടെ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഭരണത്തിലിരിക്കുമ്പോള്‍ കൊലനടത്തിയാലും സംരക്ഷണം ലഭിക്കുമെന്ന അക്രമികള്‍ക്കുള്ള ഉറപ്പാണ് പിണറായി ഭരണത്തില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം.
എല്ലാം ശരിയാക്കാമെന്ന മോഹന വാഗ്ദാനം നല്‍കിയാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരം കിട്ടിക്കഴിഞ്ഞപ്പോള്‍ അവര്‍ അക്രമികള്‍ക്ക് പറുദീസയൊരുക്കുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ കയറി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദലിതര്‍ക്കും സിപിഎമ്മിനെ എതിര്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ജീവിക്കാന്‍ കഴിയില്ല എന്ന സ്ഥിതിവന്നു. സ്ത്രീ സുരക്ഷാ പദ്ധതികള്‍ ഏറെ പരസ്യമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവ നടപ്പില്‍ വരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അക്രമികള്‍ക്കും ഗുണ്ടകള്‍ക്കും രക്ഷപ്പെടാനുളള പിന്‍വാതിലുകള്‍ രാഷ്ട്രീയ സ്വാധീനത്താല്‍ തുറന്നിട്ടിരിക്കുന്നു. പോലീസിന് മൂക്കുകയറിട്ടിരിക്കുന്നു. സിപിഎമ്മുകാരോ സിപിഎം അനുഭാവികളോ കുറ്റകൃത്യത്തിലേര്‍പ്പെടുമ്പോള്‍ അവരെ സംരക്ഷിക്കേണ്ട ബാധ്യതയാണ് ഇപ്പോള്‍ പോലീസിനുള്ളത്. ജനങ്ങളുടെ സംരക്ഷകരാകേണ്ട പോലീസ് അക്രമികള്‍ക്ക് പരവതാനി വിരിക്കുന്നു.
എല്ലാ കാര്യത്തിലും പോലീസിന് വീഴ്ചപറ്റിയെന്നാണ് മുഖ്യമന്ത്രിയുടെ കുമ്പസാരം. ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്നതില്‍ പോലീസ് അനാസ്ഥ കാട്ടിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു, പോലീസിന് വീഴ്ചപറ്റിയെന്ന്. പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും പോലീസിന്റെ വീഴ്ച മുഖ്യമന്ത്രി സമ്മതിച്ചു. സദാചാര ഗുണ്ടകള്‍ അഴിഞ്ഞാടിയപ്പോഴും പോലീസിന്റെ വീഴ്ച മുഖ്യമന്ത്രിക്ക് ശരിവയ്‌ക്കേണ്ടി വന്നു. വാളയാര്‍ സംഭവത്തിലും മിഷേലിന്റെ മരണത്തിലുമെല്ലാം ഇതേ പല്ലവി മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥകാണുമ്പോള്‍ വീഴ്ചപറ്റിയത് കേരളത്തിലെ ജനങ്ങള്‍ക്കാണെന്ന് ബോധ്യപ്പെടും. പത്തു മാസങ്ങള്‍ക്ക് മുമ്പ് പിണറായിവിജയനെ അധികാരത്തിലെത്തിച്ചതാണ് ആ വലിയ വീഴ്ച!

http://www.janmabhumidaily.com/news586380
ജന്മഭൂമി: http://www.janmabhumidaily.com/news586380#ixzz4bvwKiFPc

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin