Wednesday 19 November 2014

ആള്‍ദൈവം രാംപാല്‍ അറസ്‌റ്റില്‍: ആറു സ്‌ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

mangalam malayalam online newspaperന്യൂഡല്‍ഹി/ചണ്ഡിഗഡ്‌: രണ്ടു ദിവസം നീണ്ട പോലീസ്‌ നടപടികള്‍ക്കൊടുവില്‍ ആള്‍ദൈവം രാംപാല്‍ (63) അറസ്‌റ്റില്‍. ഇന്ന്‌ ഹിസാര്‍ കോടതിയില്‍ ഹാജരാക്കും. കൊലപാതകക്കേസില്‍ പ്രതിയായ ഇയാളെ പിടികൂടാനുള്ള ശ്രമം ഹിസാറിനെ കലാപ ഭൂമിയാക്കിയിരുന്നു.
അണികളുടെ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന്‌ ആറു പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്കു പരുക്കേറ്റു. 10,000 അനുയായികളെ ബലംപ്രയോഗിച്ചു നീക്കിയശേഷമാണു പോലീസിനു രാംപാലിനു സമീപമെത്താന്‍ കഴിഞ്ഞത്‌. ഇദ്ദേഹത്തെ ഹിസാറില്‍ വൈദ്യപരിശോധനയ്‌ക്കു വിധേയനാക്കി.
ഭീകരവിരുദ്ധ പോരാട്ടത്തെ അനുസ്‌മരിപ്പിക്കുന്ന പോലീസ്‌ നടപടിയാണു ഹിസാറില്‍ ഉണ്ടായത്‌. രാംപാലിനെ രക്ഷിക്കാന്‍ 14,000 അണികളാണ്‌ ആശ്രമത്തില്‍ തടിച്ചുകൂടിയത്‌. സ്‌ത്രീകളെയും കുട്ടികളെയും ആശ്രമ അധികൃതര്‍ പരിചയായി ഉപയോഗിച്ചതിനാല്‍ പോലീസ്‌ മുന്നേറ്റം എളുപ്പമായിരുന്നില്ല.
ചൊവ്വാഴ്‌ചയാണു രാംപാലിനെ അറസ്‌റ്റ്‌ ചെയ്യാന്‍ ഹിസാറിലെ ആശ്രമത്തില്‍ പോലീസ്‌ എത്തിയത്‌. പെട്രോള്‍ ബോംബെറിയുകയും വെടിവയ്‌ക്കുകയും ചെയ്‌തു രാംപാലിന്റെ അണികള്‍ തടസം തീര്‍ത്തു. ആശ്രമത്തിലേക്കു ഭക്ഷണവും വെള്ളവും തടഞ്ഞാണ്‌ അണികളെ പുറത്തെത്തിച്ചത്‌. പട്ടിണികിടന്നും രാംപാലിനെ സംരക്ഷിക്കാന്‍ നാലായിരത്തോളം പേര്‍ പോലീസ്‌ എത്തുമ്പോള്‍ ആശ്രമത്തിലുണ്ടായിരുന്നു.
അര്‍ധസൈനികര്‍ അടക്കം ഇരുപത്തിഅയ്യായിരത്തിലധികം വരുന്ന സംഘമാണ്‌ ഇന്നലെ വൈകിട്ട്‌ ആശ്രമത്തില്‍ പ്രവേശിച്ചത്‌. 12 ഏക്കര്‍ വരുന്ന ആശ്രമത്തിനുള്ളില്‍ കടന്നെങ്കിലും രാംപാലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആശ്രമത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും എത്താന്‍ പോലീസിനു കഴിഞ്ഞതുമില്ല. അതിനിടെ രാംപാലിന്റെ സഹോദരനായ പുരുഷോത്തം ദാസിനെ പിടികൂടാന്‍ കഴിഞ്ഞതു വഴിത്തിരിവായി. ഇയാളുടെ സഹായത്തോടെയാണു രാംപാലിന്റെ രഹസ്യതാവളം പോലീസ്‌ കണ്ടെത്തിയതെന്നാണു സൂചന.
രാംപാലിനും അനുയായികള്‍ക്കുമെതിരേ രാജ്യദ്രോഹകുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാതായി ഹരിയാന പോലീസ്‌ അറിയിച്ചു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 121 (രാജ്യത്തിനെതിരേ യുദ്ധം ചെയ്യുക), 121എ (രാജ്യത്തിനെതിരേ നിയമലംഘനം നടത്താനുള്ള ഗൂഢാലോചന), 122 (രാജ്യത്തിനെതിരേ യുദ്ധം ചെയ്യുന്നതിന്‌ ആയുധങ്ങള്‍ ശേഖരിക്കുക), കൊലപാതകം, കൊലപാതകശ്രമം, കലാപം സൃഷ്‌ടിക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങളാണു രാംപാലിനും അനുയായികള്‍ക്കുമെതിരേ ചുമത്തിയിട്ടുള്ളത്‌. മരിച്ച നിലയില്‍ കണ്ടെത്തിയ സ്‌ത്രീകളെ ആശ്രമം അന്തേവാസികള്‍ പോലീസിനു കൈമാറി. സ്‌ത്രീകള്‍ എങ്ങനെയാണു മരിച്ചതെന്നു പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷമേ പറയാന്‍ കഴിയൂവെന്നു ഡി.ജി.പി: എസ്‌.എന്‍. വസിഷ്‌ഠ്‌ വ്യക്‌തമാക്കി.
2006-ല്‍ ഒരു കൊലപാതകക്കേസില്‍ പ്രതിയായ രാംപാലിനെ അറസ്‌റ്റിനുശേഷം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. എന്നാല്‍, കോടതിയില്‍ ഹാജരാകാന്‍ 43 തവണ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. വെള്ളിയാഴ്‌ചയ്‌ക്കകം ഹാജരാക്കണമെന്നു ഹരിയാന പോലീസിനു കോടതി നിര്‍ദേശം നല്‍കി. അതേത്തുടര്‍ന്നാണു പോലീസ്‌ ആശ്രമം വളഞ്ഞത്‌.
രാംപാലിന്റെ സഹോദരനും ആശ്രമം നടത്തിപ്പുകാരനുമായ പുരുഷോത്തംദാസ്‌, ആശ്രമം വക്‌താവ്‌ രാജ്‌ കപൂര്‍, ഇരുനൂറോളം സായുധരായ അനുയായികള്‍ തുടങ്ങിയവരെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പുരുഷോത്തം ദാസിനെ 14 ദിവസത്തെ കസ്‌റ്റഡിയില്‍ വിട്ടിട്ടുണ്ട്‌.

http://www.mangalam.com/print-edition/india/252544

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin