സിജോ പൈനാടത്ത്
കൊച്ചി: കാക്കനാട് രാജഗിരിവാലി
ഇന്നു ഭാരതസഭയുടെ ആഘോഷവേദിയാകും. തങ്ങള്‍ക്കായി ദൈവസന്നിധിയില്‍
മാധ്യസ്ഥ്യം യാചിക്കാന്‍ രണ്ടു വിശുദ്ധരെക്കൂടി ലഭിച്ചതിന്റെ ആത്മീയ ആഘോഷം.
കര്‍ദിനാള്‍മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സന്യസ്തരും
വിശ്വാസികളും വിശുദ്ധപദവിയുടെ ആഘോഷത്തില്‍ കൃതജ്ഞതയര്‍പ്പിക്കാന്‍
ഒത്തുകൂടുമ്പോള്‍, ഈ പകല്‍ കേരളസഭയ്ക്ക് അഭിമാനത്തിന്റെ ചരിത്രം.
ചാവറ
കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി
പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് ഭാരതസഭയുടെ കൃതജ്ഞതാബലിയും പൊതുസമ്മേളനവും
കാക്കനാട് രാജഗിരിവാലിയിലെ ചാവറ-എവുപ്രാസ്യ നഗറിലാണു നടക്കുന്നത്.
ഉച്ചയ്ക്ക് 1.30നു മെത്രാന്മാരും വൈദികരും ബലിയര്‍പ്പണത്തിന് ഒരുക്കമായി
പ്രദക്ഷിണമായി ബലിവേദിയിലേക്കെത്തും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു
കൃതജ്ഞതാബലിയര്‍പ്പണം. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍
മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്‍കും.
തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ചങ്ങനാശേരി ആര്‍ച്ച്ബിഷപ്
മാര്‍ ജോസഫ് പെരുന്തോട്ടം, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ്
താഴത്ത്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിങ്ങാലക്കുട ബിഷപ് മാര്‍
പോളി കണ്ണൂക്കാടന്‍, സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി
എന്നിവരും സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ സഭകളിലെ
മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സഹകാര്‍മികത്വം വഹിക്കും.
പ്രമുഖ ഗായകരുള്‍പ്പെടുന്ന 150 അംഗ ഗായകസംഘമാണു ഗാനശുശ്രൂഷ നയിക്കുന്നത്.
കൃതജ്ഞതാബലിക്കു മുന്നോടിയായി റെക്സ്ബാന്‍ഡിന്റെ സംഗീതവിരുന്നും ഉണ്ടാകും.
രാജഗിരിവാലിയില്‍
അഞ്ച് ഏക്കര്‍ സ്ഥലത്ത് 3.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൂറ്റന്‍
പന്തലാണ് ആഘോഷങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. 50,000 പേര്‍ക്ക്
ഇരിക്കാന്‍ കസേരകളുണ്ടാകും. പ്രധാന വേദിക്കു പുറമെ ഗായകസംഘത്തിനായി
പ്രത്യേക വേദി നിര്‍മിച്ചിട്ടുണ്ട്. പന്തലിലെ എല്ലാവര്‍ക്കും പരിപാടികള്‍
വീക്ഷിക്കുന്നതിനു വലിയ ടെലിവിഷന്‍ സ്ക്രീനുകളുണ്ട്.
കൃതജ്ഞതാബലിയെത്തുടര്‍ന്ന് എല്ലാവര്‍ക്കും ലഘുഭക്ഷണം വിതരണം ചെയ്യും.
പന്തലില്‍ ഫാനുകള്‍, കുടിവെള്ളം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. താത്കാലിക
മൂത്രപ്പുരകളും മാലിന്യസംസ്കരണ സംവിധാനങ്ങളും സജ്ജമാണ്.
വാര്‍ത്താമാധ്യമങ്ങള്‍ക്കു തത്സമയ സംപ്രേഷണത്തിന് സജ്ജീകരണം
ഒരുക്കിയിട്ടുണ്ട്.
സ്നേഹവിരുന്നിനെത്തുടര്‍ന്നു നടക്കുന്ന
പൊതുസമ്മേളനം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ.
സാല്‍വത്തോരെ പെനാക്കിയോ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
അധ്യക്ഷത വഹിക്കും. വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാര്‍,
മന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, മത, സാമൂഹ്യ,
രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വിശുദ്ധ പദവി പ്രഖ്യാപനത്തോടുബന്ധിച്ച് സിഎംഐ, സിഎംസി സഭകളുടെ
നേതൃത്വത്തിലുള്ള സാമൂഹ്യസേവന സംരംഭങ്ങളുടെ ഉദ്ഘാടനം ചടങ്ങില്‍ നടക്കും.
6,500 കാറുകള്‍ക്കും 1,000 ബസുകള്‍ക്കും പാര്‍ക്കിംഗ് സൌകര്യം
കൊച്ചി:
കാക്കനാട് രാജഗിരിവാലിയിലെ തിരുക്കര്‍മങ്ങള്‍ക്കും
ആഘോഷപരിപാടികള്‍ക്കുമായി വിശ്വാസികളുമായെത്തുന്ന ബസുകള്‍ക്കു കാക്കനാട്
മുനിസിപ്പല്‍ ഗ്രൌണ്ടില്‍ പാര്‍ക്കിംഗ് സൌകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ
പോലീസ് സൂപ്രണ്ട് അറിയിച്ചു. കാറുകള്‍ ഉള്‍പ്പെടെയുള്ള
ചെറുവാഹനങ്ങള്‍ക്കും പാര്‍ക്കിംഗിനു വിപുലമായ ക്രമീകരണങ്ങള്‍
ഒരുക്കിയിട്ടുണ്ട്. 6,500 കാറുകള്‍ക്കും 1,000 ബസുകള്‍ക്കും പാര്‍ക്കിംഗിനു
സൌകര്യമുണ്ടാകും.
ആലുവ, അങ്കമാലി ഭാഗത്തുനിന്നു വരുന്ന കാറുകള്‍
തൃക്കാക്കര കാര്‍ഡിനല്‍ സ്കൂള്‍ ഗ്രൌണ്ടിലും ഭാരതമാത കോളജ് ഗ്രൌണ്ടിലും
പാര്‍ക്കു ചെയ്യണം. ഇവിടന്ന് ആഘോഷവേദിയിലേക്കു പ്രത്യേക വാഹനസൌകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ നിന്നു ബസുകള്‍ ചിറ്റേത്തുകരയില്‍
ആളുകളെ ഇറക്കി വാസ്തുഗ്രാമം ജംഗ്ഷന്‍ വഴി കാക്കനാട് മുനിസിപ്പല്‍
ഗ്രൌണ്ടില്‍ പാര്‍ക്കു ചെയ്യണം.
പെരുമ്പാവൂര്‍, കോതമംഗലം,
കിഴക്കമ്പലം ഭാഗങ്ങളില്‍ നിന്നുള്ള കാറുകള്‍ ഇന്‍ഫോപാര്‍ക്ക് റോഡിലുള്ള
പാര്‍ക്കിംഗ് ഗ്രൌണ്ട്, എക്സ്പ്രസ് വേ പാര്‍ക്കിംഗ് ഗ്രൌണ്ട്
എന്നിവിടങ്ങളില്‍ പാര്‍ക്കു ചെയ്യണം. ഇവിടന്നുള്ള ബസുകള്‍ ആഘോഷവേദിയുടെ
മുന്‍വശത്ത് ആളുകളെ ഇറക്കി മുനിസിപ്പല്‍ ഗ്രൌണ്ടിലാണു പാര്‍ക്കു
ചെയ്യേണ്ടത്.
എറണാകുളം, കണ്ണമാലി, വൈപ്പിന്‍, വല്ലാര്‍പാടം
ഭാഗങ്ങളില്‍ നിന്നുള്ള കാറുകള്‍ ചെമ്പുമുക്ക് സെന്റ് മൈക്കിള്‍ പള്ളി
ഗ്രൌണ്ടിലും എന്‍ജിഒ ക്വാര്‍ട്ടേഴ്സ് പള്ളി ഗ്രൌണ്ടിലും പാര്‍ക്കു ചെയ്യണം.
ഈ ഭാഗത്തുനിന്നുള്ള ബസുകള്‍ വേദിക്കു സമീപം ആളുകളെ ഇറക്കി മുനിസിപ്പല്‍
ഗ്രൌണ്ടില്‍ പാര്‍ക്കു ചെയ്യേണ്ടതാണ്.
തൃപ്പൂണിത്തുറ, മൂവാറ്റുപുഴ,
വൈക്കം ഭാഗങ്ങളില്‍ നിന്നുള്ള കാറുകള്‍ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് പള്ളി
പരിസരത്തും ഇരുമ്പനം മനയ്ക്കപ്പടി ജംഗ്ഷനിലുള്ള പാര്‍ക്കിംഗ് ഗ്രൌണ്ടിലും
പാര്‍ക്കു ചെയ്യണം. ഈ ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ വേദിക്കു സമീപം ആളുകളെ
ഇറക്കി റെയില്‍വേ ഓവര്‍ബ്രിഡ്ജിനു സമീപത്തുള്ള കെആര്‍എല്‍ ക്വാര്‍ട്ടേഴ്സ്
റോഡിന്റെ വശങ്ങളില്‍ പാര്‍ക്കു ചെയ്യണം.
ദൂരസ്ഥലങ്ങളില്‍ പാര്‍ക്കു
ചെയ്യുന്ന വാഹനങ്ങളിലെ യാത്രക്കാരെ രാജഗിരിവാലിയില്‍ എത്തിക്കുന്നതിന്
രാജഗിരി കോളജിന്റെ വാഹനങ്ങളുണ്ടാകും. വാഹനങ്ങളില്‍ വരുന്ന യാത്രക്കാരും
ഡ്രൈവര്‍മാരും പോലീസിന്റെയും വോളന്റിയര്‍മാരുടെയും നിര്‍ദേശങ്ങള്‍
പാലിക്കണമെന്നു ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.
നിശ്ചിത
സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഗതാഗതതടസം ഉണ്ടാക്കാത്ത രീതിയില്‍ പാര്‍ക്കു
ചെയ്യണം. ഗതാഗതക്രമീകരണം സംബന്ധിച്ച ആവശ്യങ്ങള്‍ക്ക് 9447434092 എന്ന ഫോണ്‍
നമ്പറില്‍ വിളിക്കണമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.
ഭക്തിനിര്‍ഭരമായി ജാഗരണ പ്രാര്‍ഥ
കൊച്ചി:
ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി
പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് ഇന്നു കാക്കനാട് രാജഗിരിവാലിയില്‍
ദേശീയതലത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കു മുന്നോടിയായി ഇന്നലെ ജാഗരണ
പ്രാര്‍ഥന നടന്നു. വൈകുന്നേരം 6.30 മുതല്‍ 8.30 വരെ നടന്ന ജാഗരണ പ്രാര്‍ഥന
ജറുസലേം ധ്യാനകേന്ദ്രത്തിലെ ഫാ. ദേവസ്യ കാനാട്ട് നയിച്ചു. ബിഷപ് മാര്‍
ഗ്രേഷ്യന്‍ മുണ്ടാടന്‍ സന്ദേശം നല്‍കി.
രണ്ടു വിശുദ്ധരുടെയും
തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിച്ചിട്ടുള്ള പ്രാര്‍ഥനാ മണ്ഡപത്തില്‍ രാവിലെ
മുതല്‍ ആരാധനയും മധ്യസ്ഥ പ്രാര്‍ഥനയും നടന്നു. സിഎംഐ, സിഎംസി സഭകളിലെ
സന്യസ്തര്‍ നേതൃത്വം നല്‍കി.
ഉച്ചകഴിഞ്ഞു 3.30ന് ആഘോഷമായ
ദിവ്യബലിക്കു സിഎംഐ കൊച്ചി പ്രോവിന്‍സ് പാസ്ററല്‍ ആന്‍ഡ് ഇവാഞ്ചലൈസേഷന്‍
കൌണ്‍സിലര്‍ ഫാ. ജോയി ഊരേത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. 4.30നു
പ്രധാനവേദിയും പന്തലും ചുറ്റിയുള്ള ജപമാല പ്രദക്ഷിണമുണ്ടായിരുന്നു.
വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വണങ്ങുന്നതിന് പ്രാര്‍ഥനാമണ്ഡപത്തില്‍ ഇന്നലെ
നിരവധി വിശ്വാസികളെത്തി.
ഗായകസംഘത്തില്‍ 12 സന്യാസസഭകളിലെ പാട്ടുകാരും
കൊച്ചി:
കാക്കനാട് രാജഗിരിവാലിയിലെ ചാവറ-എവുപ്രാസ്യ നഗറില്‍ ഇന്ന് അര്‍പ്പിക്കുന്ന
കൃതജ്ഞതാബലിയില്‍ ഗാനമാലപിക്കാന്‍ 12 സന്യാസസഭകളിലെ പാട്ടുകാരുണ്ടാകും.
സിഎംഐ, വിന്‍സന്‍ഷ്യന്‍, എംഎസ്ടി, നോര്‍ബര്‍ട്ടൈന്‍, സിഎംസി, എഫ്സിസി,
സിഎച്ച്എഫ്, എസ്എബിഎസ്, സിഎസ്എന്‍, ഒഎസ്എസ്, എസ്എച്ച്, എസ്ഡി
സന്യാസസഭകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഗായകരാണു സംഘത്തിലുള്ളത്.
ഇവര്‍ക്കു പുറമേ അല്‍ഫോന്‍സ്, കെസ്റ്റര്‍, വില്‍സന്‍ പിറവം, എലിസബത്ത്
രാജു, സിസിലി തുടങ്ങി ക്രൈസ്തവ ഭക്തിഗാനരംഗത്തെ പ്രമുഖരും തൃശൂര്‍ ചേതന,
ജീസസ് യൂത്ത് എന്നിവയില്‍ നിന്നും വിശുദ്ധരുടെ കുടുംബങ്ങളില്‍ നിന്നുമുള്ള
കലാകാരന്മാരും ഗായകസംഘത്തിലുണ്ട്. 150 പേരുള്‍പ്പെട്ട കലാകാരന്മാരാണു
ഗായകസംഘത്തില്‍ അണിനിരക്കുന്നത്.
ബലിവേദിയോടു ചേര്‍ന്നു
ഗായകസംഘത്തിനായി പ്രത്യേക വേദിയും സജ്ജീകരിച്ചിട്ടുണ്ട്. കൃതജ്ഞതാബലിക്കു
മുന്നോടിയായി നാളെ ഉച്ചയ്ക്കു 12.30 മുതല്‍ റെക്സ്ബാന്‍ഡിന്റെ
ഗാനശുശ്രൂഷയും ഉണ്ടാകും. ഗായകസംഘം ഇന്നലെയും പരിശീലനം നടത്തി.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin