സ്വരം മാറ്റി സി.പി.എം: : മാണി മന്ത്രിസ്‌ഥാനം രാജി വയ്‌ക്കണം: പിണറായി
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ കഴിഞ്ഞ ദിവസം വരെ മൃദുസമീപനം സ്വീകരിച്ചിരുന്ന സി.പി.എം. സ്വരം മാറ്റി. ധനമന്ത്രി കെ.എം. മാണി മന്ത്രിസ്‌ഥാനം രാജിവയ്‌ക്കണമെന്ന് ഇന്നലെ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മാണിയെ പിന്തുണക്കേണ്ടതില്ലെന്നു കേന്ദ്രനേതൃത്വം നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്നാണു പിണറായിയുടെ സ്വരംമാറ്റമെന്നാണു സൂചന. ആരോപണം ഉയര്‍ന്നിട്ടും മന്ത്രി മാണിയോട് മൃദുസമീപനം സ്വീകരിച്ചത് കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫ് പാളയത്തിലെത്തിക്കാന്‍ സ്വീകരിച്ച നടപടികളുടെ ബാക്കിയാണെന്ന ആരോപണം നിലനിന്നിരുന്നു.
ബാര്‍ കുംഭകോണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെയും പങ്കാളിത്തവും അഴിമതി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. ബാര്‍ കോഴ ഇടപാട് പുറത്തുവന്നതോടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.ഡി.എഫ്. സര്‍ക്കാരിന്റെ പ്രതിച്‌ഛായ തകര്‍ന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിനു ബാര്‍ കോഴക്കേസിലും വിജിലന്‍സിനെ കളിപ്പാട്ടമാക്കി മാറ്റാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരു കൂസലുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരുമായി ബന്ധപ്പെട്ട് 15 കോടി രൂപയുടെ അഴിമതി ഇടപാട് നടന്നെന്നു ബാര്‍ ഉടമകളുടെ പ്രതിനിധികള്‍ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവര്‍ അറിയിച്ചിരുന്നു. തെളിവുകള്‍ ശേഖരിക്കാനും നിഷ്‌പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു തരത്തിലുള്ള അന്വേഷണവും ആവശ്യമില്ലെന്നും ആക്ഷേപ വിഷയത്തില്‍ താന്‍ കക്ഷിയായതുകൊണ്ട് ഇക്കാര്യം തനിക്കറിയാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്‌തമാക്കിയതിനു പിന്നാലെയാണു വിജിലന്‍സ് അന്വേഷണ പ്രഖ്യാപനം വന്നത്. കോഴ ഇടപാടില്‍ വസ്‌തുതയും അടിസ്‌ഥാനവും ഉണ്ടെന്നു സര്‍ക്കാര്‍ പ്രാഥമിക നിഗമനത്തില്‍ എത്തിയതുകൊണ്ടാകണം അന്വേഷണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അതിനാല്‍ മാണി മന്ത്രിസ്‌ഥാനത്ത് തുടര്‍ന്നുകൊണ്ട് വിജിലന്‍സ് അന്വേഷണം നേരിടുന്നതു ഭൂഷണമെല്ലന്നും പിണറായി പറഞ്ഞു.
അതിനിടെ കെ,എം. മാണിയെ ഇടതുമുന്നണിയില്‍ കൊണ്ടുവരുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാന്‍ പോലും ഉദ്ദേശിക്കുന്നില്ലെന്നു സി.പി.എം. കേന്ദ്ര നേതൃത്വം വ്യക്‌തമാക്കി. മാണിയെ മുഖ്യമന്ത്രിയാക്കി യു.ഡി.എഫ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സി.പി.ഐയും വി.എസും ഈ നീക്കത്തിനെതിരായിരുന്നു. കെ.എം. മാണിയുമായി ഒരു ധാരണയും പാടില്ലെന്നും വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയില്‍ നല്‍കിയ കത്തിലും ആവശ്യപ്പെട്ടിരുന്നു.
ബാര്‍ കോഴയാരോപണത്തില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട വി.എസിന്റെ നിലപാടിനെ പിണറായി ഇന്നലെത്തന്നെ തിരുത്തി. ഏതന്വേഷണം വേണമെന്ന നിലപാട് പിന്നീട് അറിയിക്കുമെന്നും സി.ബി.ഐ. ആരോപണങ്ങള്‍ക്ക് അതീതമായ അന്വേഷണ ഏജന്‍സിയല്ലെന്നും പിണറായി പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്നു തൃശൂരില്‍ പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രി മന്ത്രി മാണിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണമല്ല പരാതിപരിശോധനയാണു നടത്തുന്നതെന്നു പിന്നീട് തിരുത്തി. പരാതിയുടെ നിജസ്‌ഥിതി സംബന്ധിച്ച പ്രാഥമിക പരിശോധന മാത്രം നടത്താനാണു തീരുമാനമെന്നും ചെന്നിത്തല വ്യക്‌തമാക്കി. മന്ത്രി കെ.എം. മാണിക്കെതിരേ സംസ്‌ഥാന സര്‍ക്കാര്‍ ഒരു അന്വേഷണത്തിനും ഉത്തരവിട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
കെ.എം മാണിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനില്ല: പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം: കെ.എം. മാണിയുമായി ചേര്‍ന്ന് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നില്ലെന്നു സി.പി.ഐ സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാണിയുമായി ചേര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നത് കഥയാണ്. അതില്‍ ഒരു കാര്യവുമില്ല. ആ നാടകമൊന്നും നടക്കാന്‍ പോകുന്നില്ലെന്നും പന്ന്യന്‍ വ്യക്‌തമാക്കി. ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി കെ.എം. മാണി ആരോപണ വിധേയനായ സാഹചര്യത്തില്‍ ഇടത് മുന്നണി യോഗം വിളിക്കണം. ഇത് സംബന്ധിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയെ സര്‍ക്കാരില്‍ നിന്ന് ഒഴിവാക്കി ജുഡീഷല്‍ അന്വേഷണം സിറ്റിംഗ് ജഡ്‌ജിയെ വെച്ച് നടത്തണമെന്നും പന്ന്യന്‍ പറഞ്ഞു. കെ.എം. മാണിയുടെ രാഷ്ര്‌ടീയ പാരമ്പര്യമല്ല ഇവിടെ പ്രശ്‌നം. എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് മാണിയെ വിശ്വാസമാണന്നാണ്. ജുഡീഷറിയും മുഖ്യമന്ത്രിയുടെ കൈയ്യിലാണെന്നാണ് തോന്നുക. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയും മാണി ധനമന്ത്രിയും ആയിരിക്കുമ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ല. സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തി ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സംസ്‌ഥാന സര്‍ക്കാരിനെ കുറിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ വെച്ച് അന്വേഷിപ്പിച്ചാല്‍ എന്താവുമെന്നാണ് പാമോലിന്‍ കേസില്‍ സുപ്രീം കോടതി ചോദിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ അവര്‍ ഏറ്റെടുക്കുമോയെന്ന് അറിയാത്തതിനാലാണ് അതാവശ്യപ്പെടാത്തതെന്നും സിറ്റിംഗ് ജഡ്‌ജിയെ അന്യ സംസ്‌ഥാനത്ത് നിന്ന് സര്‍ക്കാരിന് ലഭിക്കുമെന്നും പന്ന്യന്‍ പ്രതികരിച്ചു. മാണിയോടുള്ള സി.പി.എം നേതൃത്വത്തിന്റെ മൃദുസമീപനത്തെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകളെ സംബന്ധിച്ച ചോദ്യത്തിന് ഒരു ഇടതു പക്ഷക്കാരനും അഴിമതിക്കാരെ സംരക്ഷിച്ച് നിര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
http://www.mangalam.com/print-edition/keralam/246248
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin