Sunday 20 March 2016

അഭയാർഥികൾക്കായി മാർപാപ്പയുടെ അഭ്യർഥന

by സ്വന്തം ലേഖകൻ
http://www.manoramaonline.com/news/world/in-pope-in-palm-sunday-service.html
popeവത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഓശാന ഞായറാഴ്ച ശുശ്രൂഷയുടെ ഭാഗമായി നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ കർദിനാൾമാർക്കൊപ്പം പങ്കെടുക്കുന്ന ഫ്രാൻസിസ് മാർപാപ്പ.
വത്തിക്കാൻ സിറ്റി ∙ അഭയാർഥികളോടു പുറംതിരിഞ്ഞു നിൽക്കരുതെന്നു ഫ്രാൻസിസ് മാർപാപ്പ രാഷ്ട്രങ്ങളോട് അഭ്യർഥിച്ചു. ഏതെങ്കിലും രാജ്യത്തിന്റെ പേരെടുത്തു പറയാതെ, ഇക്കാര്യത്തിൽ ചിലർ കൈകഴുകി ഒഴിഞ്ഞുമാറുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
ഓശാന ഞായറാഴ്ച ശുശ്രൂഷയ്ക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നേതൃത്വം നൽകിയശേഷം സംസാരിക്കുകയായിരുന്നു മാർപാപ്പ. ക്രിസ്തുവിനു നീതി നിഷേധിക്കപ്പെട്ടതു വിവരിക്കുന്ന വേദഭാഗം ഉദ്ധരിച്ചശേഷമാണ് അഭയാർഥികളുടെ പ്രശ്നം അദ്ദേഹം പരാമർശിച്ചത്.
ക്രിസ്തു ശിഷ്യരുടെ പാദങ്ങൾ കഴുകിയതനുസ്മരിക്കുന്ന കാൽ കഴുകൽ ഉൾപ്പെടെ രണ്ടു ശുശ്രൂഷയ്ക്കു പെസഹാവ്യാഴാഴ്ച മാർപാപ്പ കാർമികത്വം വഹിക്കും. റോമിലെ കൊളോസിയത്തിൽ കുരിശിന്റെ വഴിയും ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയുമാണ് പിറ്റേന്നത്തെ രണ്ടു കർമങ്ങൾ. ശനി, ഞായർ ദിനങ്ങളിൽ ഈസ്റ്റർ വിജിലിനും കുർബാനയ്ക്കും അദ്ദേഹം നേതൃത്വം നൽകും.
∙ ഇൻസ്റ്റാഗ്രാമിലും മാർപാപ്പ
ട്വിറ്ററിനു പുറമേ ഇൻസ്റ്റാഗ്രാമും ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ചു തുടങ്ങി. ട്വിറ്ററിൽ മാർപാപ്പയുടെ വാക്കുകൾക്കായി കാത്തിരിക്കുന്നത് 2.6 കോടി ആളുകളാണ്. വത്തിക്കാൻ കമ്യൂണിക്കേഷൻസിന്റെ ചമുതലയുള്ള മോൺസിഞ്ഞോർ ഡാരിയോ വിഗാനോയാണ് ഇക്കാര്യം അറിയിച്ചത്. ഫ്രാൻസിസ് എന്നതിന്റെ ഫ്രഞ്ച് പദമായ @Franciscus ആണ് അദ്ദേഹം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഉപയോഗിക്കുന്നത്.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin