Friday 25 March 2016

യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു

കുരിശില്‍ നിന്നും രക്ഷപെട്ട യേശു ഭാരതത്തിലെത്തിയെന്നും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തശേഷം മതപഠനങ്ങളുമായി കാശ്മീരിനടുത്തെവിടെയോ ഒരു ആശ്രമത്തില്‍ ശിഷ്ടകാലം കഴിച്ചെന്നുമുള്ള വാദങ്ങളും തെളിവുകളും കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്.


വിശ്വാസികളും അനുയായികളും ദൈവങ്ങളുടെ ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും തങ്ങള്‍ പ്രചരിപ്പിക്കുന്നതു മാത്രം വിശ്വസിക്കാന്‍ ലോകത്തെ എന്നും സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ടിരിക്കും. മറ്റൊരുവിധ അന്വേഷണങ്ങളെയോ, കണ്ടെത്തലുകളെയോ പരിഗണിക്കാന്‍ അവര്‍ തയ്യാറാകില്ല. എന്നുവച്ച് അത്തരം വിവാദങ്ങള്‍ക്ക് പഞ്ഞമുണ്ടാകാറുമില്ല. കാര്‍ട്ടൂണിന്റെ രൂപത്തിലും ആത്മകഥകളും അഭിമുഖങ്ങളായും പാഠപുസ്തകത്തിന്റെ രൂപത്തിലുമൊക്കെ 'അവന്‍' വന്നുകൊണ്ടേയിരിക്കുന്നു. യേശുവിന്റെ ജനനവും മരണവുമായി ബന്ധപ്പെട്ട വേറിട്ട ചിന്തകളും വ്യത്യസ്ത നിലപാടുകളുമാകട്ടെ എന്നും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. 'ഡാവിഞ്ചി കോഡ്' പുസ്തകരൂപത്തിലും സിനിമാരൂപത്തിലും വരുത്തിവച്ച പുകിലുകള്‍ ലോകം മറന്നിട്ടില്ല.
യേശു കുരിശില്‍ വെച്ച് മരണമടഞ്ഞെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ക്ക് ക്രിസ്തുമതത്തോളം തന്നെ പഴക്കമുണ്ട്. കുരിശില്‍ നിന്നും രക്ഷപെട്ട യേശു ഭാരതത്തിലെത്തിയെന്നും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തശേഷം മതപഠനങ്ങളുമായി കാശ്മീരിനടുത്തെവിടെയോ ഒരു ആശ്രമത്തില്‍ ശിഷ്ടകാലം കഴിച്ചെന്നുമുള്ള വാദങ്ങളും തെളിവുകളും കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഭാരതീയ/ബുദ്ധ ദര്‍ശനങ്ങളുമായി യേശുവിന്റെ ആശയങ്ങള്‍ക്കുണ്ടായിരുന്ന സാദൃശ്യങ്ങളും 12 വയസ്സു മുതല്‍ 30 വയസ്സുവരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളിലെ അവ്യക്തതയും റഷ്യന്‍ ചരിത്രകാരനും സഞ്ചാരിയുമായിരുന്ന നിക്കോളാസ് നോതോവിച്ചാണ് ആധുനികലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചത്.

1887ല്‍ കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍നിന്നും ലഡാക്കിലേക്ക് ഹിമാലയത്തിനു കുറുകെ ഒരു സാഹസികയാത്രയ്ക്ക് നോതോവിച്ച് ഒരുങ്ങി. സാഹസികമായ യാത്രയ്‌ക്കൊടുവില്‍ അദ്ദേഹം സമുദ്രനിരപ്പില്‍ നിന്നും 3500 മീറ്റര്‍ ഉയരത്തിലുള്ള ലഡാക്കിലെ സോജിലാ ചുരത്തിലെത്തി. അവിടുത്തെ ഒരു ബുദ്ധവിഹാരത്തില്‍ ഊഷ്മളമായ സ്വീകരണം നോതോവിച്ച് ഏറ്റുവാങ്ങി. അവിടുത്തെ ലാമയില്‍ നിന്നാണ് യൂറോപ്യനായ 'ക്രിസ്ത്യന്‍ ദലൈലാമ'യെക്കുറിച്ച് നോതോവിച്ച് കേള്‍ക്കുന്നത്. യേശുവിനെക്കുറിച്ച് വാചാലനായ ലാമ യേശു ജീവിച്ച വിഹാരത്തെക്കുറിച്ചും അവിടെ സൂക്ഷിച്ചിട്ടുള്ള യേശുവിന്റെ പ്രബോധനങ്ങളും പ്രവര്‍ത്തികളും രേഖപ്പെടുത്തിയിട്ടുള്ള എഴുത്തുകളെക്കുറിച്ചും വിവരങ്ങള്‍ നല്‍കി. വിഹാരം തേടി യാത്രയായ നോതോവിച്ച് വളരെ കഷ്ടപ്പാടുകള്‍ക്കു ശേഷം ആ എഴുത്തുകള്‍ നേരില്‍ക്കണ്ടു. ഈസ എന്നു വിളിപ്പേരുണ്ടായിരുന്ന ആ ഗുരുവിന്റെ ജീവിതവിവരണവും യേശുവിന്റെ ജീവിതവുമായുള്ള സാമ്യവും നോതോവിച്ചിനെ ഞെട്ടിച്ചു.യേശുദേവന്‍

അമൂല്യമായ വിവരങ്ങളുമായി നാട്ടില്‍ തിരിച്ചെത്തിയ നോതോവിച്ചിന് വളരെ തണുത്ത സ്വീകരണമാണ് മതചരിത്രകാരില്‍നിന്നും സഭാപ്രമുഖരില്‍നിന്നും ലഭിച്ചത്. എല്ലാരംഗങ്ങളിലും തഴയപ്പെട്ട നോതോവിച്ച് ക്രമേണ വിസ്മൃതിയില്‍ അലിഞ്ഞില്ലാതായി. നോതോവിച്ച് പരാമര്‍ശിച്ച ബുദ്ധവിഹാരം സന്ദര്‍ശിച്ച സ്വാമി അഭേദാനന്ദനും ഇതേ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി

നോതോവിച്ചിന്റെ കണ്ടെത്തെലുകളില്‍നിന്നാണ് ഹോള്‍ഗര്‍ കേസ്റ്റന്റെ 'യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു' എന്ന കൃതിയുടെ ജനനം. യൂറോകേന്ദ്രീകൃതമായ ചരിത്രത്തില്‍ നിന്നുപരിയായി യേശുവിന്റെ ജീവിതത്തെ വിവിധ ദേശങ്ങളുടെയും സംസ്‌കാരങ്ങളുടെയും ചരിത്രവുമായി തുലനം ചെയ്യാന്‍ കേസ്റ്റന്‍ ശ്രമിച്ചിട്ടുണ്ട്, ഭാരതീയ വിജ്ഞാനങ്ങളും ദര്‍ശനങ്ങളും എത്രമാത്രം യൂറോപ്പിനെ സ്വാധീനിച്ചിരുന്നു എന്നദ്ദേഹം സ്ഥാപിക്കുന്നു. യേശുവിന്റെ കുരിശുമരണത്തോടു ബന്ധപ്പെട്ട ടൂറിനിലെ ശവക്കച്ചയും സംസ്‌കാരവും ഉയര്‍ത്തെഴുന്നേല്‍പും കേഴ്സ്റ്റന്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്. ചരിത്രത്തിന്റെയും പൗരാണികഗ്രന്ഥങ്ങളുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് കേഴ്സ്റ്റന്‍ തന്റെ വാദഗതികള്‍ നിരത്തുന്നത്. അവയില്‍ ചിലതുമാത്രം ചുവടെ ചേര്‍ക്കുന്നു.

1. പുരാതനമായ പട്ടുനൂല്‍പ്പാതയിലൂടെ സഞ്ചരിച്ച് ഭരതത്തിലെത്തിയ യേശു ഭാരതീയ/ബൗദ്ധ ദര്‍ശനങ്ങളില്‍ അവഗാഹം നേടി തിരികെ നാട്ടിലേക്കുപോയി.
2. യേശു കുരിശില്‍ മരിച്ചില്ല. കല്ലറയില്‍നിന്നും പരുക്കുകളോടെ രക്ഷപെട്ട അദ്ദേഹം തിരികെ ഇന്ത്യയിലെത്തി. ശിഷ്ടകാലം ഇവിടെത്തന്നെ ജീവിച്ചു.
3. ടൂറിനിലെ ശവക്കച്ച വ്യാജമാണ്.
4. ശ്രീനഗറില്‍വെച്ച് മരിച്ച യേശുവിനെ ഇപ്പോഴും തദ്ദേശവാസികള്‍ ദിവ്യപുരുഷനായി വാഴ്ത്തുന്നു.

1981ല്‍ പ്രസിദ്ധീകരിച്ച ജീസസ് ലിവ്ഡ് ഇന്‍ ഇന്ത്യ എന്ന വിവാദകൃതി യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്നപേരില്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് റോയ് കരുവിളയാണ്.

(കടപ്പാട്: ഡി.സി. ബുക്‌സ്)

'യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു' വാങ്ങാം
http://www.mathrubhumi.com/books/book-reviews/yeshu-indiayil-jeevichirunnu-malayalam-news-1.179204

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin