Tuesday 6 September 2016

മൃതശരീരത്തെ പുരോഹിതൻ അപമാനിച്ചു.-ഹൈന്ദവസഹോദരങ്ങൾ മാതൃകയായി.

http://almayasabdam.blogspot.co.uk/

ലീലാമ്മ ടീച്ചറിന്റെ മൃതശരീരത്തേയും വിശുദ്ധ മദർ തെരേസയെയും ഫാദർ ആന്റണി അപമാനിച്ചു. അമ്മയുടെ മൃതശരീരം മകന് ദഹിപ്പിക്കേണ്ടിവന്നു.




ചേർത്തല ഉഴുവ സെന്റ അന്നാസ് പള്ളിയിലെ കൈക്കാരനായിരുന്ന കളവംകോടം ചേന്നാട്ട് അഡ്വ എ . ജോർജ്ജിന്റെ  ഭാര്യ പട്ടണക്കാട് ഗവ. ഹൈസ്‌ക്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ലീലാമ്മയുടെ മൃതശരീരം പള്ളിസെമിത്തേരിയിൽ അടക്കുന്നത് ഫാദർ ആന്റണി തടയുകയായിരുന്നു. നിവൃത്തിയില്ലാതെ മകൻ ജി. ഷിജുവിന് അമ്മയുടെ മൃതശരീരം ദഹിപ്പിക്കേണ്ടിവന്നു. എല്ലാവിധ യുമായി ഹൈന്ദവസഹോദരങ്ങൾ ഉണ്ടായിരുന്നു. 
പള്ളി കൈക്കാരനായിരുന്ന ഷിജുവിന്റെ അച്ഛൻ ഒന്നരവർഷമായി ശരീരം പാതി തളർന്ന് കിടപ്പിലാണ്. ഷിജു പള്ളിയിൽ സ്ഥിരമായി ചെല്ലുന്നില്ലായെന്നും അമ്മയെ അടക്കണമെങ്കിൽ ഷിജു മാപ്പെഴുതി കൊടുക്കണമെന്നും ഫാദർ ആന്റണി പറഞ്ഞു . എന്നാൽ തന്റെ അമ്മയും അപ്പനും പള്ളിയിൽ സ്ഥിരമായി പോയിരുന്നവരായതിനാലും താൻ ഇപ്പോഴും ഈ ഇടവകാംഗമായതിനാലും മാപ്പപേക്ഷേ തരേണ്ടതില്ലെന്നും ഷിജു പറഞ്ഞത്രെ. ക്ഷുഭിതനായ ഈ പുരോഹിതൻ അടക്ക് നിഷേധിക്കുകയായിരുന്നു. 
എല്ലാ മനുഷ്യരിലും ദൈവത്തെകണ്ട മദർ തെരേസ ആരുടെയും ജാതിയോ മതമോ ചോദിച്ചിട്ടല്ല അവർക്ക് പരിചരണം നൽകിയത്. മദർ തെരേസ ദേവാലയങ്ങളിൽ സമയം ചിലവഴിച്ചിരുന്നില്ല . മഠത്തിലെ ജീവിതം സേവനത്തിനു പറ്റിയതല്ലെന്ന് കണ്ട് മഠം ഉപേക്ഷിച്ച് തെരുവിലേയ്ക്കിറങ്ങുകയായിരുന്നു. ആ പുണ്യാത്മാവിന്റെ വിശുദ്ധാഭിഷേകം നടന്ന അവസരത്തിൽ തന്നെ പുരോഹിതവേഷം കെട്ടിയ ഒരു മനുഷ്യൻ ഇവിടെ ചെയ്തത് എന്താണെന്ന് തിരിച്ചറിയണം. മദറിന്റെ പ്രവർത്തനം സഭക്കും ലോകത്തിനും അഭിമാനമായപ്പോൾ ഫാദർ ആന്റണി സഭാ സമൂഹത്തെയും മദറിനെയും അപമാനിക്കുകയായിരുന്നു.
ഇവിടെ യേശുവിന്റെ ദർശനം ഉൾക്കൊണ്ടത് പ്രദേശത്തെ ഹൈന്ദവ സഹോദരങ്ങളാണെന്നകാര്യം അഭിമാനകരമാണ്. നല്ലശമരിയാക്കാരന്റെ കഥയാണിവിടെ കണ്ടത്. ഹൈന്ദവ സംസ്‌കാരത്തിന്റെയും ആദർശത്തിന്റെയും തനിമയാണിവിടെ കണ്ടത്. ഈ പ്രവൃത്തി ലോകത്തിനു തന്നെ മാതൃകയാണ്  . ഇവിടെയാണ് ദൈവികചൈതന്യം കുടികൊള്ളുന്നത് എന്ന് ഉറക്കെപ്പറയുവാൻ അഭിമാനമുണ്ട് .
എന്തുകൊണ്ടും ഈ പുരോഹിതൻ നിയമനടപടിക്കു വധേയനാവേണ്ടവൻ തന്നെയെന്ന കാര്യത്തിൽ യാതോരു സംശയവുമില്ല. വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷനൽകുവാൻ നിയമിക്കപ്പെട്ടിട്ടുള്ള ഒരു ജോലിക്കാരൻ മാത്രമാണ് പുരോഹിതൻ. വിശ്വാസികളാണ് ഇദ്ദേഹത്തിന് ശമ്പളം നൽകുന്നത്. ഇവിടെ മനുഷ്യാവകാശലംഘനമാണ് നടന്നിരിക്കുന്നത്. ഷിജുവിനുംകുടുംബത്തിനുമുണ്ടായിട്ടുള്ള നഷ്ടത്തിനും മാനഹാനിക്കും ഈ പുരോഹിതൻ ഉത്തരവാദിയാണ്. ഷിജുവിന്റെ ആത്മീയരംഗത്തുള്ള അവകാശം നിക്ഷേധിക്കുകയാണുണ്ടായിട്ടുള്ളത്.ഫാദർ ആന്റണി ഇനി പുരോഹിതനായി തുടരുവാൻയോഗ്യതയില്ലാത്ത വ്യക്തിയാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട മറ്റു സംഘടനകളുമായി ആലോചിച്ച് നിയമനടപടികളുമായി മുന്നോട്ടു പോകുന്നതിനും ഷിജുവിന് പരിപൂർണ്ണ പിൻതുണനൽകുന്നതിനും കാത്തലിക്ക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ തീരുമാനിച്ചു. 
ഏതെങ്കിലും ഒരു വിശ്വാസിക്ക് ഇത്തരം സാഹചര്യമുണ്ടായാൽ അവർക്കാവശ്യമായ ആത്മിയ ശുശ്രൂഷനൽകുന്നതിന് സംഘടന തയ്യാറാണെന്നകാര്യം വിശ്വാസ സമൂഹത്തെ അറിയിക്കുകയും ചെയ്യുന്നു.
ഫോൺ . 9447105070. 9746474671.


                                                                            റെജി ഞള്ളാനി
                                                                                                ചെയർമാൻ
കാത്തലിക്ക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ .

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin