Tuesday 13 September 2016

ദൈവീക സ്നേഹത്തിന് വീണ്ടെടുക്കുവാന്‍ പറ്റാത്ത ഒരു പാപിയും ലോകത്തില്‍ ഇല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 12-09-2016 - Monday
വത്തിക്കാന്‍: ദൈവീക സ്നേഹത്തിന് വീണ്ടെടുക്കുവാന്‍ പറ്റാത്ത ഒരു പാപിയും ലോകത്തില്‍ ഇല്ലായെന്നും പാപിയായ മനുഷ്യന്‍ അനുതപിച്ചു തിരികെ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ദൈവമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസ സമൂഹത്തിന് ഞായറാഴ്ച നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്. നഷ്ടപ്പെട്ടു പോയതിനെ തിരിച്ചു കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തെ സൂചിപ്പിക്കുന്ന ഉപമകള്‍ അടങ്ങുന്ന ലൂക്കാ സുവിശേഷം 15ാം അധ്യായത്തെ ആസ്പദമാക്കിയാണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗം നടത്തിയത്. 

"ഇന്നത്തെ സുവിശേഷ ഭാഗം നമുക്ക് ഏറെ പ്രത്യാശ നല്‍കുന്ന ഒന്നാണ്. അതിനെ മുഴുവനായി നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം. ദൈവത്തിന് രക്ഷിക്കുവാന്‍ കഴിയാത്ത ഒരു പാപവുമില്ല. അവിടുത്തെ കാരുണ്യത്തിന് വീണ്ടെടുക്കുവാന്‍ പറ്റാതെ പോയ ഒരു പാപിയും ലോകത്തില്‍ ഇല്ല. ദൈവം നമുക്ക് നല്‍കുവാന്‍ ആഗ്രഹിക്കുന്ന ഒരു അനുഗ്രഹവും അവിടുന്ന് മുടക്കുകയില്ല, നാം പാപിയായിരിക്കുന്ന അവസ്ഥയിലും ദൈവം നമ്മേ തീവ്രമായി സ്‌നേഹിക്കുന്നു. നമ്മുടെ മടങ്ങി വരവിനായി അവിടുന്ന് കാത്തിരിക്കുന്നു". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 

99 ആടുകളേയും വിട്ട ശേഷം നഷ്ടപ്പെട്ട ഒരാടിനെ തേടി പോകുന്ന നല്ല ഇടയന്റെ ഉപമയും, നഷ്ടപ്പെട്ടു പോയ തന്റെ നാണയം അന്വേഷിച്ച് കണ്ടെത്തിയ ശേഷം സന്തോഷിക്കുന്ന സ്ത്രീയുടെ ഉപമയും, ധൂര്‍ത്ത പുത്രന്റെ മടങ്ങി വരവില്‍ സന്തോഷിക്കുന്ന പിതാവിന്റെ ഉപമയും പാപ്പ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. 

"ഈ എല്ലാ ഉപമകളിലും നഷ്ടപ്പെട്ടു പോയതിനെ തിരിച്ചു കിട്ടുമ്പോള്‍ ഉണ്ടാകുന്ന ദൈവീക സന്തോഷത്തെ കുറിച്ച് നമുക്ക് സൂചന നല്‍കുന്നുണ്ട്. നഷ്ടപ്പെട്ടു പോയ തന്റെ ആടിനെ കണ്ടെത്തിയ ഇടയന്‍ മറ്റുള്ളവരെ വിളിച്ചു കൂട്ടി തന്റെ സന്തോഷത്തില്‍ പങ്ക് ചേരാന്‍ ഏവരെയും ക്ഷണിക്കുന്നു. സ്ത്രീയും നാണയം കണ്ടെത്തുമ്പോള്‍ അയല്‍ക്കാരോടും സുഹൃത്തുക്കളോടും സന്തോഷം പങ്കുവയ്ക്കുന്നു. ധൂര്‍ത്ത പുത്രന്‍ മടങ്ങി വരുമ്പോള്‍ പിതാവ് വിരുന്ന് ഒരുക്കി സന്തോഷിക്കുന്നു. ഇതില്‍ നിന്നെല്ലാം കര്‍ത്താവായ യേശു നമ്മോടു പറയുന്നത്, ഒരു പാപി മാനസാന്തരപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ദൈവമാണെന്ന സത്യമാണ്". പിതാവ് വിശദീകരിച്ചു. 

പാപം ഉപേക്ഷിച്ച് നമ്മള്‍ മടങ്ങി വരുന്നതും കാത്തു ദൈവം ക്ഷമയോടെ കാത്തിരിക്കുകയാണെന്നും പിതാവ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. സ്നേഹപിതാവായ ദൈവത്തിന്റെ ഈ സന്തോഷത്തോട് ചേര്‍ന്നു പോകുന്നതാണു കരുണയുടെ ജൂബിലി വര്‍ഷമെന്നും പിതാവ് പറഞ്ഞു. മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗബോണിലെ സംഘര്‍ഷങ്ങള്‍ക്ക് ശമനം ഉണ്ടാകുവാന്‍ പിതാവ് പ്രത്യേകം പ്രാര്‍ത്ഥിച്ചു. വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ ലദിസ്ലാവ് ബുക്കൊവ്വിഞ്ഞിസ്കിയേയും തന്റെ പ്രസംഗത്തിന്റെ അവസാനത്തില്‍ പാപ്പ പ്രത്യേകം സ്മരിച്ചു. 
http://pravachakasabdam.com/index.php/site/news/2537

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin