Friday 30 September 2016

ബാലിന്റെ ക്ഷേത്രത്തെ തകര്‍ത്ത ബൈബിളിലെ സംഭവം ചരിത്രപരമായ സത്യമാണെന്ന് ഇസ്രായേല്‍ ഗവേഷക സംഘം കണ്ടെത്തി

സ്വന്തം ലേഖകന്‍ 30-09-2016 - Friday
ലാച്ചിഷ്: ബൈബിളിലെ പഴയനിയമത്തില്‍ വിവരിക്കുന്ന, ബാലിന്റെ ക്ഷേത്രം യൂദന്മാര്‍ തകര്‍ത്തതിന്റെ തെളിവുകള്‍ ഇസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചു. ബൈബിളില്‍ വിവരിക്കുന്ന, ഇതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ചരിത്രസത്യങ്ങളാണെന്നതിന്റെ ശാസ്ത്രീയമായ തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പഴയനിയമത്തിലെ രാജാക്കന്‍മാരുടെ രണ്ടാം പുസ്തകത്തിലെ പത്താം അധ്യായത്തിലാണ് ഇതു സംബന്ധിക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. 

ബാലിന്റെ ആരാധകരെ യേഹു തന്ത്രപൂര്‍വ്വം ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച ശേഷം അവരെ നശിപ്പിക്കുകയും, ബാലിന്റെ ക്ഷേത്രത്തെ തകര്‍ക്കുകയുമാണ് ചെയ്തത്. ബാലിന്റെ ക്ഷേത്രം തകര്‍ക്കപ്പെട്ട സ്ഥലം ഒരു വിസര്‍ജന പ്രദേശമായി പിന്നീട് മാറിയെന്നും ബൈബിള്‍ പറയുന്നു. ഇസ്രായേലിലെ പുരാവസ്തു ഗവേഷകര്‍ ഇപ്പോള്‍ ടെല്‍ ലാച്ചിഷ് ദേശീയ പാര്‍ക്കിനു സമീപത്തു നിന്നും വിസര്‍ജനത്തിനായി പഴയനിയമത്തിലെ ആളുകള്‍ ഉപയോഗിച്ചുവന്നിരുന്ന ഒരു ശൗചാലയവും അതിന്റെ ഭാഗങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു ക്ഷേത്രത്തിന്റേതിനു സമാനമായ തകര്‍ന്ന നിര്‍മ്മിതികളും ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. 

ഒന്നാം ക്ഷേത്ര കാലഘട്ടങ്ങളിലെ പ്രധാനപ്പെട്ട മൂന്നു നഗര കവാടങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് ഇസ്രായേല്‍ അന്റികുറ്റീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. നഗരകവാടങ്ങളില്‍ മുതിര്‍ന്നവരും,ന്യായാധിപന്‍മാരും, ഗവര്‍ണറുമാരും, രാജക്കന്‍മാരും ഉള്‍പ്പെടുന്ന സംഘം ഇരിക്കുവാന്‍ ഉപയോഗിച്ചിരുന്ന ഇരിപ്പിടങ്ങളും ഗവേഷക സംഘം കണ്ടെത്തിയിരുന്നു. ഇത്തരം ഇരിപ്പിടങ്ങളിലിരുന്ന് ജനത്തെ നിരീക്ഷിക്കുന്നവരെ സംബന്ധിച്ചും ബൈബിളില്‍ വ്യക്തമായി പറയുന്നുണ്ട്. പുതിയ കണ്ടെത്തലുകള്‍ ബൈബിളിലെ കാര്യങ്ങള്‍ ചരിത്ര സത്യങ്ങളാണെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണെന്ന്‍ ജെറുസലേം പൈതൃക വകുപ്പ് മന്ത്രി സീവ് എല്‍കിന്‍ പ്രതികരിച്ചു. 
http://pravachakasabdam.com/index.php/site/news/2706

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin