ന്യൂഡല്‍ഹി:  ഇന്ത്യയുടെ 59 ശതമാനം പ്രദേശങ്ങളും ഭൂകമ്പ ബാധിത പ്രദേശങ്ങളെന്ന്‌ റിപ്പോര്‍ട്ട്. രാജ്യത്തെ 30 കോടിയിലധികം വരുന്ന കുടുംബങ്ങളില്‍ 95 ശതമാനവും വിവിധ തീവ്രതയിലുള്ള ഭൂകമ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ് വസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും, ബില്‍ഡിങ് മെറ്റീരിയല്‍സ് അന്‍ഡ് ടെക്‌നോളജി പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് തയ്യാറാക്കിയ പ്രത്യേക ഭൂപടത്തിലാണ് വിവരങ്ങളുള്ളത്. നാല് വിഭാഗങ്ങളിലായാണ് ഭൂകമ്പ മേഖലാ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. 
ഏറ്റവും തീവ്രതയേറിയതും വലിയ നാശനഷ്ടങ്ങള്‍ വരുത്തുന്നതുമായ പ്രദേശങ്ങള്‍ സോണ്‍ അഞ്ചിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഹിമാലയന്‍ മേഖല, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളും സോണ്‍ അഞ്ചില്‍ വരുന്നു.
സോണ്‍ നാല് വലിയ നാശനഷ്ടങ്ങള്‍ക്ക് സാധ്യത ഇല്ലാത്തതും എന്നാല്‍ തീവ്രതയേറിയ ഭൂകമ്പങ്ങള്‍ക്ക് കാരണമാകുന്നതുമായ പ്രദേശങ്ങളാണ്. ഹിമാലയന്‍ മേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളാണ് സോണ്‍ നാലില്‍ വരുന്നത്. 
quake zone map
കേരളമുള്‍പ്പെടുന്ന പ്രദേശങ്ങള്‍ സോണ്‍ മൂന്നിലാണ്. ഇടത്തരം പ്രകമ്പനങ്ങള്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളും. ചെറിയ നാശ നഷ്ടങ്ങള്‍ക്ക് കാരണമാകുന്ന ഭൂകമ്പങ്ങളാണ് സോണ്‍ മൂന്നില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്. സോണ്‍ രണ്ട് ചെറിയ ചലനങ്ങള്‍ മാത്രം വരുന്ന പ്രദേശങ്ങളാണ്.
ജില്ലാ ഭരണകൂടങ്ങള്‍ക്കും പ്രാദേശിക ഭരണ സംവിധാനങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഭൂപടത്തിന്റെ രൂപകല്‍പ്പന. ആളുകള്‍ക്ക് തങ്ങളുടെ പ്രദേശം എത്രത്തോളം ഭൂകമ്പ ഭീഷണിയുള്ള സ്ഥലത്താണ് ഉള്ളത് എന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിക്കും.
ചൊവ്വാഴ്ച പുറത്തിറക്കിയ ഭൂപടം ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ ലഭ്യമാക്കും. ഭവന നിര്‍മാണം, കെട്ടിട നിര്‍മ്മാണം തുടങ്ങിയയ്ക്ക് മുന്നോടിയായി മുന്‍കരുതല്‍ എടുക്കാന്‍ ഇത് സഹായകമാകും. 
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ ദുരന്ത പ്രതിരോധത്തിന് ഉതകുന്ന നടപടികള്‍ എടുക്കുന്നതിനുള്ള വിവരങ്ങള്‍ നല്‍കുക എന്നതും ഭൂപടത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ മെബൈല്‍ ആപ്പ് ഇതിനായി പുറത്തിറക്കും.
കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രി  വെങ്കയ്യ നായിഡുവാണ് ഭൂപടം പുറത്തിറക്കിയത്. ഇത് ഡിജിറ്റല്‍ രേഖയാക്കി മാറ്റും.
http://www.mathrubhumi.com/news/india/59-of-india-vulnerable-to-moderate-to-severe-quakes-malayalam-news-1.1369850