Wednesday 21 September 2016

അന്തര്‍ദേശീയ നേതാക്കളില്‍ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വത്തിന്റെ ഉടമയാണ് ഫ്രാൻസിസ് മാർപാപ്പായെന്ന് വത്തിക്കാനിലെ പുതിയ ബ്രിട്ടീഷ് അംബാസിഡർ

സ്വന്തം ലേഖകന്‍ 20-09-2016 - Tuesday
ലണ്ടൻ: അന്തര്‍ദേശീയ നേതാക്കളില്‍ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വത്തിന്റെ ഉടമയാണ് ഫ്രാൻസിസ് മാർപാപ്പായെന്ന് വത്തിക്കാനിലെ പുതിയ ബ്രിട്ടീഷ് അംബാസിഡർ സാലി അക്‌സ്വോര്‍ത്തി. വത്തിക്കാനിലെ തങ്ങളുടെ അംബാസിഡറായി സാലി അക്‌സ്വോര്‍ത്തിയെ നിയമിച്ചുകൊണ്ടുള്ള ബ്രിട്ടന്റെ ഉത്തരവ് ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കണ്ട് ഏല്‍പ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വത്തിക്കാനില്‍ ബ്രിട്ടന്റെ അംബാസിഡറാകുവാന്‍ സാധിക്കുന്നത്, ഏറെ അഭിമാനിക്കുവാന്‍ വകനല്‍കുന്ന കാര്യമാണെന്നും, യുകെയും വത്തിക്കാനുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനം താന്‍ നടത്തുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

"പ്രസംഗിക്കുന്ന മഹത്തായ കാര്യങ്ങള്‍ പ്രവര്‍ത്തിയില്‍ കൂടി നടപ്പിലാക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അന്തര്‍ദേശീയ നേതാക്കളില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വത്തിന്റെ ഉടമയും അദ്ദേഹമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി ജനം കാതോര്‍ത്തിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ജനം മാതൃകയായി ഏറ്റെടുക്കുന്നു. അത്തരം ഒരു നേതാവിന്റെ രാജ്യത്ത് അംബാസിഡറായി സേവനം അനുഷ്ഠിക്കുവാന്‍ കഴിഞ്ഞത് വലിയ അവസരമായി ഞാന്‍ കാണുന്നു". സാലി അക്‌സ്വോര്‍ത്ത് പറഞ്ഞു. 

യുകെയും വത്തിക്കാനും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകള്‍ കൂടുതല്‍ വിപുലമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. വിശ്വാസത്തിന്റെയും ആരാധനയുടെ കാര്യങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും ഉള്ളത് സമാനമായ നിലപാടുകളാണ്. മനുഷ്യാവകാശ പ്രശ്‌നങ്ങളിലും മതസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിലും അന്തര്‍ദേശീയ തലത്തില്‍ വത്തിക്കാനുമായി ഒരുമിക്കുവാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. ലൈംഗീക പീഡനങ്ങള്‍ക്കെതിരെയും അടിമകളെ പോലെ മനുഷ്യരെ പണിയെടുപ്പിക്കുന്നതിനെരേയും രാജ്യങ്ങള്‍ക്ക് ഐക്യത്തോടെ പ്രവര്‍ത്തിക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

നീഗല്‍ ബേക്കറായിരുന്നു സാലി അക്‌സ്വോര്‍ത്തിനു മുമ്പ് വത്തിക്കാനിലെ യുകെയുടെ അംബാസിഡര്‍. 1986-ല്‍ ഫോറിന്‍ ഓഫീസറായി സേവനം ആരംഭിച്ച സാലി അക്‌സ്വോര്‍ത്തി റഷ്യ, ജര്‍മ്മനി, യുക്രൈന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. 
http://pravachakasabdam.com/index.php/site/news/2606

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin