Wednesday 6 April 2016

വൈദികനും വിദ്യാര്‍ഥിയും പെരിയാറില്‍ മുങ്ങിമരിച്ചു

mangalam malayalam online newspaper
പെരുമ്പാവൂര്‍: പെരിയാറില്‍ നീന്താനിറങ്ങിയ വിദ്യാര്‍ഥിയും രക്ഷിക്കാന്‍ ശ്രമിച്ച വൈദികനും മുങ്ങിമരിച്ചു. പെരുമ്പാവൂര്‍ സെന്റ്‌ ജോര്‍ജ്‌ ഇടവക വികാരി ഫാ. അഗസ്‌റ്റിന്‍ വൈരമണ്‍ (35), കൂവപ്പടി മഞ്ഞളി വീട്ടില്‍ പരേതനായ ജോയിയുടെ മകനും സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥിയുമായ ജോയല്‍ (13) എന്നിവരാണു മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ ഒരുമണിയോടെ തോട്ടുവ കടവിനു കിഴക്കുഭാഗത്തായിരുന്നു സംഭവം.
ഇടവകയിലെ സണ്‍ഡേ സ്‌കൂളിലെ വിശ്വാസോത്സവം 2016 (ഇന്റന്‍സീവ്‌ കോഴ്‌സി)ന്റെ ഭാഗമായാണ്‌ വിദ്യാര്‍ഥികള്‍ തോട്ടുവയിലുള്ള റെസ്‌റ്റ്‌ ഹൗസില്‍ എത്തിയത്‌. സംഘത്തിലുണ്ടായിരുന്ന ഒരു വിദ്യാര്‍ഥി പെരിയാറില്‍ നീന്തുന്നതുകണ്ട്‌ ഒപ്പം ഇറങ്ങിയതാണു ജോയല്‍. ജോയല്‍ ഒഴുക്കില്‍ പെട്ടതിനെത്തുടര്‍ന്ന്‌ ആദ്യമിറങ്ങിയ വിദ്യാര്‍ഥി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നു ഫാ. അഗസ്‌റ്റിന്‍ രക്ഷിക്കാനിറങ്ങിയെങ്കിലും അദ്ദേഹവും ഒഴുക്കില്‍പ്പെട്ടു. സംഭവമറിഞ്ഞെത്തിയ വഞ്ചിക്കാരും ഫയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വൈദികന്‍ സംഭവസ്‌ഥലത്തും ജോയല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു. ഇരുവരുടേയും മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ഇടവക പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ചു.
തുടര്‍ന്ന്‌ ജോയലിന്റെ മൃതദേഹം കൂവപ്പടിയിലുള്ള വസതിയിലേക്കു കൊണ്ടുപോയി. ഇന്നു രാവിലെ 8.30 ന്‌ മുടിക്കല്‍ എസ്‌.എച്ച്‌. സെമിത്തേരിയില്‍ സംസ്‌കരിക്കും. വൈദികന്റെ മൃതദേഹം രാവിലെ എട്ടിനു പെരുമ്പാവൂര്‍ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കുശേഷം സ്വദേശമായ വണ്ടിപ്പെരിയാറിലേക്കു കൊണ്ടുപോകും. വൈകുന്നേരം നാലിന്‌ വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്‌റ്റ്യന്‍ തെക്കെത്തേച്ചേരിലിന്റെ കാര്‍മികത്വത്തില്‍ മൂന്നാര്‍ മൗണ്ട്‌ കാര്‍മല്‍ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.
വിജയപുരം രൂപതാ മാധ്യമ കമ്മിഷന്‍ ഡയറക്‌ടറായിരുന്ന ഫാ. അഗസ്‌റ്റിന്‍ വിജയപുരം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ മൂന്നാര്‍ റീജണല്‍ ഡയറക്‌ടറായും ചിത്തിരപുരം, ഗൂഡാര്‍വിള, കല്ലാര്‍-വട്ടിയാര്‍, കാന്തല്ലൂര്‍, പള്ളിവാസല്‍ എന്നിവിടങ്ങളില്‍ വികാരിയായും സേവനമനുഷ്‌ടിച്ചിട്ടുണ്ട്‌. ആറുമാസം മുമ്പാണ്‌ പെരുമ്പാവൂരില്‍ എത്തിയത്‌.
വണ്ടിപെരിയാര്‍ സ്വദേശി വൈരമണ്‍ പുരയിടം സ്‌റ്റീഫന്റെ മകനായ ഫാ. അഗസ്‌റ്റിന്‍ 2005 ലാണ്‌ വൈദികപട്ടം സ്വീകരിച്ചത്‌. മാതാവ്‌ ഓമന. സഹോദരങ്ങള്‍ ജിജി, റെജി(രണ്ടുപേരും ബംഗളുരു). മരിച്ച ജോയലിന്റെ മാതാവ്‌ ഷീബ. ഐമുറി സെന്റ്‌ ആന്‍സ്‌ പബ്ലിക്‌ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിയായിരുന്നു ജോയല്‍. എല്‍.കെ.ജി. വിദ്യാര്‍ഥിയായ ജോമോന്‍ ഏക സഹോദരനാണ്‌.
നാടിനെ കണ്ണീരിലാഴ്‌ത്തിയ ദുരന്തം
പെരുമ്പാവൂര്‍: ഇടവകയേയും നാട്ടുകാരേയും കണ്ണീരിലാഴ്‌ത്തി ജോയല്‍ മടങ്ങുമ്പോള്‍ പ്രാരാബ്‌ദങ്ങള്‍ക്കിടയില്‍ കഴിയുന്ന ഒരു കുടുംബത്തിന്റെ പ്രതീക്ഷകൂടിയാണ്‌ ഇല്ലാതായത്‌. അമ്മയും കുഞ്ഞനുജനും അടങ്ങുന്നതാണ്‌ ജോയലിന്റെ കുടുംബം. ക്യാന്‍സര്‍ ബാധിതനായ പിതാവ്‌ ജോയി മരിച്ചിട്ട്‌ ഒരു വര്‍ഷം പിന്നിടുമ്പോഴാണ്‌ മരണം ജോയലിനെ കീഴ്‌പ്പെടുത്തിയത്‌.
പഠനത്തില്‍ മിടുക്കനായിരുന്ന എട്ടാം തരം വിദ്യാര്‍ഥി ജോയലിനെയും സഹോദരന്‍ എല്‍.കെ.ജി വിദ്യാര്‍ഥി ജോമോനേയും പാല്‍ ഡയറിയില്‍ ജോലിക്കു പോയാണ്‌ മാതാവ്‌ ഷീബ വളര്‍ത്തിയിരുന്നത്‌.
ഒഴുക്കില്‍പെട്ട ജോയലിനെ രക്ഷിക്കാനിറങ്ങിയ ഫാ. അഗസ്‌റ്റ്യനെയും മരണം തട്ടിയെടുത്ത്‌ നാടിന്‌ ഇരട്ട ആഘാതമായി. തോട്ടുവ കടവിന്‌ കിഴക്ക്‌ ഭാഗത്ത്‌ വര്‍ഷങ്ങളായി തുടരുന്ന മണല്‍വാരല്‍ മൂലം രൂപപ്പെട്ട കുഴികളാണ്‌ ദുരന്തത്തിനു കാരണമായത്‌.
- See more at: http://www.mangalam.com/print-edition/keralam/423035#sthash.iiKEI3PK.dpuf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin