ഡമാസ്‌കസ്: മെത്രാപ്പോലീത്തമാരുടെ പേരിലുള്ള സഭയുടെ സ്വത്തുക്കള്‍ സഭയ്ക്ക് തന്നെ കൈമാറണമെന്ന് യാക്കോബായ സഭ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ.  ശ്രേഷ്ഠ കതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് അയച്ച കല്‍പ്പനയിലാണ് പാത്രിയര്‍ക്കീസ് ബാവ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 
യാക്കോബായ സഭയുടെ പലസ്വത്തുക്കളും സ്‌കൂളുകളും ചാരിറ്റി സ്ഥാപനങ്ങളുടെയുമൊക്കെ ഉടമസ്ഥാവകാശം മെത്രാപ്പോലീത്തമാരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ പേരിലോ സ്വകാര്യ ട്രസ്റ്റിന്റെ പേരിലോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് പാത്രിയര്‍ക്കീസ് ബാവ കല്‍പ്പന അയച്ചത്. 
The Syriac Orthodox Patriarchate of Antioch
പാത്രിയാര്‍ക്കീസ് ബാവ കതോലിക്ക ബാവയ്ക്കയച്ച കല്‍പ്പന
സ്വത്തുവകകള്‍ അതാത് ഭദ്രാസനങ്ങളിലേക്ക് കൈമാറി സഭയുടെ പേരിലേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. മെയ് മാസത്തില്‍ ചേരുന്ന സഭയുടെ വാര്‍ഷിക സുന്നഹദോസ് ഈ വിഷയം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സഭാ കേസുമായി ബന്ധപ്പെട്ട് എതിര്‍വിഭാഗം ഇത് ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നും ബാവ കല്‍പ്പനയില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. സഭാ ഭരണഘടനയും പാരമ്പര്യവും അനുസരിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നടപടിയെടുത്ത് സഭാസ്വത്തുക്കളുടെ ഉടമസ്ഥതയ്ക്കായി കൂടുതല്‍ തര്‍ക്കങ്ങളുണ്ടാകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.
http://www.mathrubhumi.com/news/kerala/the-syriac-orthodox-patriarchate-of-antioch-malayalam-news-1.994378