Sunday 24 April 2016

സുവിശേഷ പ്രഘോഷണത്തിന്റെ കാര്യത്തിൽ ഒരു വിശ്വാസിക്ക് നിശ്ശബ്ദത പാലിക്കാനാവില്ല: ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 23-04-2016 - Saturday





















http://pravachakasabdam.com/index.php/site/news/1222
ജീവൻ നഷ്ടപ്പെടുത്തിയും കർത്താവിലുള്ള തങ്ങളുടെ വിശ്വാസം പ്രഘോഷിക്കാൻ തയ്യാറായ അപ്പോസ്തലന്മാരെ പോലെ എല്ലാ ക്രൈസ്തവരും യേശുവിന്റെ നാമം വഹിക്കാൻ തയ്യാറാകണം എന്ന് ഫ്രാൻസിസ് മാർപാപ്പ. സാന്താ മാർത്തയിലെ ദിവ്യബലിമദ്ധ്യേയുള്ള പ്രഭാഷണത്തിലാണ് അദ്ദേഹം വിശ്വാസികളോട് ഇപ്രകാരം ആഹ്വാനം ചെയ്തത്

ക്രൈസ്തവ ജീവിതത്തിന് അർത്ഥം നൽകുന്ന മൂന്ന് തലങ്ങളാണ് സുവിശേഷ പ്രഘോഷണം, മാദ്ധ്യസ്ഥ പ്രാർത്ഥന, പ്രത്യാശ എന്നിവ എന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.

ഒന്നാമത് സുവിശേഷപ്രഘോഷണം: "യേശു മരിച്ച് ഉയിർത്തെഴുന്നേറ്റു എന്നതാണ് നമ്മുടെ സുവിശേഷ പ്രഘോഷണത്തിന്റെ കാതൽ. യഹൂദർക്കും വിഗ്രഹാരാധകർക്കും മുമ്പിൽ ജീവൻ പോലും ബലികഴിക്കാൻ തയ്യാറായി അപ്പോസ്തലന്മാർ സുവിശേഷ പ്രഘോഷണം നടത്തി.

യേശുവിന്റെ നാമത്തിൽ ഒരു മുടന്തന്റെ രോഗം ഭേദമായതിനു ശേഷം, പത്രോസും യോഹന്നാനും, ജനപ്രമാണികളുടെയും പുരോഹിതപ്രമുഖൻമാരുടെയും മുമ്പാകെ ഹാജരാക്കപ്പെട്ടപ്പോൾ, യേശുവിന്റെ നാമത്തിൽ സംസാരിക്കുന്നതിൽ നിന്നും പുരോഹിതർ അവരെ വിലക്കുന്നു. "ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് പറയാതിരിക്കാനാവില്ല" എന്ന് പറഞ്ഞ് അവർ യേശുവിനെ പ്രഘോഷിക്കുന്നു.

ഈ പ്രഘോഷണമാണ് നമ്മൾ അനുകരിക്കേണ്ടത്. ക്രിസ്തു ഉയിർത്തെഴുന്നേറ്റു, ക്രിസ്തു ജീവിച്ചിരിക്കുന്നു, നമ്മുടെ യാത്രയിൽ അവിടുന്ന് നമ്മോടൊപ്പമുണ്ട്.

രണ്ടാമത് മാദ്ധ്യസ്ഥ പ്രാർത്ഥനയെ പറ്റി പിതാവ് വിശദീകരണം നൽകി. "നമുക്കു വേണ്ടി പിതാവിനോട് മാദ്ധ്യസ്ഥ പ്രാർത്ഥന നടത്താമെന്ന് യേശു അവസാനത്തെ അത്താഴ സമയത്ത് അപ്പോസ്തലന്മാരോട് വാഗ്ദാനം ചെയ്തു. യേശു നമുക്കു വേണ്ടി പിതാവിനോട് പ്രാർത്ഥിക്കുന്നു. അതാണ് മാദ്ധ്യസ്ഥം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോൾ നമുക്കും ദൈവത്തിനും ഇടയ്ക്കുള്ള മദ്ധ്യസ്ഥനാണ് യേശു. മനുഷ്യകുലത്തിനു വേണ്ടി താനേറ്റുവാങ്ങിയ മുറിവുകൾ പിതാവിനു മുമ്പിൽ നിരത്തി യേശു നമുക്കു വേണ്ടി പിതാവിനോട് പ്രാർത്ഥിക്കുന്നു."

നമ്മൾ മറ്റുള്ളവർക്ക് വേണ്ടി മാദ്ധ്യസ്ഥ പ്രാർത്ഥന നടത്തുമ്പോൾ അത് ക്രിസ്തുവിന്റെ യോഗ്യതയാൽ ക്രിസ്തുവിന്റെ നാമത്തിൽ ക്രിസ്തുവിന്റെ പ്രാർത്ഥനയോട് ചേർത്ത് വക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് പാപികളായ നമ്മുടെ മാദ്ധ്യസ്ഥ പ്രാർത്ഥനകൾ പിതാവായ ദൈവത്തിന്റെ സന്നിധിയിൽ എത്തുന്നത്.

പ്രഭാഷണം അവസാനിപ്പിക്കുന്നതിനു മുമ്പ് മാർപാപ്പ മൂന്നാമത്തെ ക്രൈസ്തവ തലമായ പ്രത്യാശയെ പറ്റി സംസാരിച്ചു. "കർത്താവിന്റെ പുനരാഗമനം പ്രതീക്ഷിക്കുന്നയാളാണ് ക്രൈസ്തവൻ. ക്രിസ്തുവിന്റെ പുനരാഗമനത്തിൽ തിരുസഭ വിശ്വസിക്കുന്നു. അതാണ് പ്രത്യാശ!"

നമുക്കെല്ലാവർക്കും സ്വയം ചോദിക്കാം. ഞാന്‍ യേശുവിനെ എന്റെ ജീവിതത്തിൽ എങ്ങനെയാണ് പ്രഘോഷിക്കുന്നത്? എനിക്കു വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുന്ന യേശുവിന് എന്റെ ജീവിതത്തിലെ സ്ഥാനമെന്താണ്? എന്റെ പ്രത്യാശ ഏതു വിധത്തിലുള്ളതാണ്? കർത്താവിന്റെ ഉത്ഥാനത്തിൽ ഞാൻ സത്യമായും വിശ്വസിക്കുന്നുവോ? എനിക്കു വേണ്ടി യേശു മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുന്നു എന്ന് ഞാൻ വിശ്വസിക്കുന്നുവോ?" മനസ്സാക്ഷിയിൽ നിന്നും ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഉപദേശിച്ചു കൊണ്ട് പിതാവ് പ്രസംഗം ഉപസംഹരിച്ചു

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin