Sunday 4 January 2015

മദ്യനയത്തില്‍ സുധീരന്‍ - സര്‍ക്കാര്‍ വടംവലി നാളെ
Posted on: 05 Jan 2015


തിരുവനന്തപുരം: മദ്യനയത്തിന്റെ അടുത്ത ബലപരീക്ഷണവേദിയില്‍ ചേരിതിരിവ് ഉറപ്പാകുന്നു. പക്ഷേ, നിലപാടില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവില്ല. ചൊവ്വാഴ്ച വൈകീട്ട് 5.30ന് കെ.പി.സി.സി. ആസ്ഥാനത്താണ് പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനസമിതി യോഗം. പുതുക്കിയ മദ്യനയം തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളും യോഗത്തിന് മുമ്പാകെ വരും.

പുതുക്കിയ മദ്യനയം നിലവില്‍വന്നശേഷം കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂടിച്ചേരുന്ന ആദ്യ ചര്‍ച്ചാവേദിയാണിതെന്ന പ്രത്യേകതയുമുണ്ട്. മദ്യനയത്തില്‍ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ മറിച്ചാണ് കെ.പി.സി.സി. പ്രസിഡന്റിന്റെ നിലപാട്. ഈ നിലപാടിലെ വൈരുദ്ധ്യം ചൊവ്വാഴ്ചത്തെ യോഗത്തില്‍ ചൂടുയര്‍ത്തും.

കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗംപോലെ സര്‍ക്കാര്‍ പക്ഷത്തിന് പൂര്‍ണമായും അനുകൂലമായിരിക്കില്ല ചൊവ്വാഴ്ചത്തെ യോഗമെന്ന് വ്യക്തം. മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരാണ് സമിതിയിലെ അംഗങ്ങളില്‍ കൂടുതല്‍പേരും. പക്ഷേ, ഏറ്റവും ഒടുവിലായി പി.ജെ. കുര്യന്‍, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ലാലി വിന്‍സെന്റ് എന്നിവരെകൂടി കെ.പി.സി.സി. പ്രസിഡന്റ് ഈ സമിതിയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ നിലപാടിനെ പൂര്‍ണമായും ശരിവെയ്ക്കുന്ന നിലപാടായിരിക്കില്ല ഇവര്‍ കൈക്കൊള്ളുന്നതെന്ന് സുധീരനെ അനുകൂലിക്കുന്നവര്‍ പറയുന്നു.

എന്നാല്‍, ഇവര്‍ ഉള്‍പ്പെടെ സമിതിയിലെ ആരില്‍നിന്നും തീവ്രനിലപാടുകള്‍ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടിനെ അനുകൂലിക്കുന്നവരുടെ വാദം. മദ്യനയം സംബന്ധിച്ച ആദ്യ സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനസമിതി േയാഗത്തില്‍ സുധീരന്‍ മാത്രമാണ് ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പക്ഷേ, സര്‍ക്കാരിനെയും പാര്‍ട്ടിയേയും കൂടുതല്‍ അടുപ്പിക്കാനുള്ള ശ്രമങ്ങളായിരിക്കും തങ്ങള്‍ നടത്തുന്നതെന്നാണ് സമിതിയിലെ ഒരംഗം പറഞ്ഞത്. രണ്ടുപക്ഷത്തുനിന്നും വിട്ടുവീഴ്ചകള്‍ക്ക് സന്നദ്ധതയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഇതിനായി ൈകക്കൊള്ളുന്ന നടപടിക്രമങ്ങളില്‍ പുനരാലോചന വേണമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നേക്കും.

പുതിയ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അനുമതി ഉറപ്പാക്കണമെന്നതാണ് ഇതിലൊന്ന്. സുധീരനെ അനുകൂലിക്കുന്ന ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. ഇതിനകംതന്നെ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനെ മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവര്‍ എതിര്‍ക്കും. അവര്‍ ഇതിനെ ഒരു കെണിയായാണ് കാണുന്നത്. അനുമതി നിര്‍ബന്ധമാക്കിയാല്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങളോട് ഈ ലൈസന്‍സിന് അനുമതി നല്‍കരുതെന്ന് കെ.പി.സി.സി. പ്രസിഡന്റ് ആവശ്യപ്പെട്ടേക്കുമെന്ന് അവര്‍ സംശയിക്കുന്നു. മദ്യവില്പനയ്ക്ക് പുതുതായി ഒരനുമതിയും നല്‍കരുതെന്ന് നേരത്തെതന്നെ കെ.പി.സി.സി. പ്രസിഡന്റ് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതുമാണ്.

ഈ സ്ഥിതി കണക്കിലെടുത്താണ് 418 ബാറുകള്‍ക്ക് നേരത്തെയുണ്ടായിരുന്ന ലൈസന്‍സിന്റെ അനുബന്ധമായി ബിയര്‍-വൈന്‍ വില്പനയ്ക്ക് അനുമതി നല്‍കിയത്. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് നടക്കുന്ന ധൂര്‍ത്തും അഴിമതിയും സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയരും. ഉന്നതതലത്തില്‍ അന്വേഷണം വരുന്നതിന് മുമ്പ് സര്‍ക്കാര്‍തലത്തില്‍ തന്നെ ഉടന്‍ പരിശോധനയ്ക്കും നിഷ്പക്ഷമായ അന്വേഷണത്തിനും തുടക്കമിടണമെന്നും സമിതിയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആവശ്യപ്പെടും.
ഈ യോഗത്തിന് പിന്നാലെ ബുധനാഴ്ച യു.ഡി.എഫ്. നിയമസഭാകക്ഷി യോഗവും ചേരുന്നുണ്ട്. മുസ്ലിം ലീഗിന്റെ എതിര്‍പ്പ് മാനിച്ചുകൊണ്ടുതന്നെ സര്‍ക്കാരിന്റെ മദ്യനയത്തെ പിന്താങ്ങുന്ന തീരുമാനമായിരിക്കും ക്ലിഫ്ഹൗസില്‍ ചേരുന്ന ഈ യോഗത്തിലുണ്ടാവുക.

 http://www.mathrubhumi.com/online/malayalam/news/story/3348413/2015-01-05/kerala

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin