Thursday 15 January 2015

ഇന്ത്യയില്‍നിന്നുള്ള ഇടയന്‍: ഫാ. ജോസഫ്‌ വാസ്‌ ലങ്കയുടെ ആദ്യ വിശുദ്ധന്‍




കൊളംബോ: ഇന്ത്യന്‍ വംശജനായ കത്തോലിക്കാ മിഷനറി ജോസഫ്‌ വാസിനെ ശ്രീലങ്കയിലെ ആദ്യ വിശുദ്ധനായി ഫ്രാന്‍സിസ്‌ മാര്‍പാപ്പ പ്രഖ്യാപിച്ചു. ആഭ്യന്തര യുദ്ധത്തില്‍ പൊറുതിമുട്ടിയ ലങ്കന്‍ ജനതയുടെ ഒന്നിക്കലിനുള്ള മാതൃക എന്നു വിശേഷിപ്പിച്ചാണു വാസിനെ മാര്‍പാപ്പ വിശുദ്ധനായി വാഴിച്ചത്‌.
ഗാലേ ഫേസ്‌ മൈതാനത്തു നടന്ന വിശുദ്ധ കുര്‍ബാനമധ്യേ ആയിരങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു വിശുദ്ധ ഗണത്തിലേക്കുള്ള ഉയര്‍ത്തല്‍. ലോക സമാധാനത്തിനും നീതിക്കും വിശ്വാസി സമൂഹത്തിന്റെ ഒരുമയ്‌ക്കുമായി കത്തോലിക്കര്‍ വാസിനെ മാതൃകയാക്കണമെന്നും മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു.
17- ാം നൂറ്റാണ്ടില്‍ സുവിശേഷ ദൗത്യം നിര്‍വഹിച്ച ഫാ. വാസ്‌ ഡച്ച്‌ ഭീഷണി മറികടന്നു ലങ്കയില്‍ സിംഹള, തമിഴ്‌ വംശജര്‍ക്കിടയില്‍ കത്തോലിക്കാ വിശ്വാസം വളര്‍ത്തുന്നതിനുള്ള ചാലകശക്‌തിയായിരുന്നു. 1687ലാണ്‌ അദ്ദേഹം ശ്രീലങ്കയിലെത്തിയത്‌. പോര്‍ച്ചുഗീസുകാരെ കീഴടക്കി തീരമേഖലകളില്‍ ആധിപത്യമുറപ്പിച്ച ഡച്ചുകാര്‍ കത്തോലിക്കരെ വേട്ടയാടുന്ന കാലം. അന്നു വിശ്വാസവഴിയില്‍ ചിതറിപ്പോയവരെ ഒന്നിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ഈ ദൗത്യത്തിലെ വിജയം തന്നെയാണു ലങ്കന്‍ ജനതയുടെ ഒന്നിക്കലിനുള്ള മാതൃകയെന്ന്‌ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ മാര്‍പാപ്പയെ പ്രേരിപ്പിച്ചതും.
1651 ഏപ്രില്‍ 21നു ഗോവയിലായിലാണു വാസ്‌ ജനിച്ചത്‌. ലങ്കയിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ നീങ്ങിയ അദ്ദേഹം പീഡനങ്ങള്‍ക്കിടയിലും വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ ക്രൈസ്‌തവര്‍ക്കു കരുത്തേകി. സമൂഹം ഒറ്റപ്പെടുത്തിയ വസൂരി രോഗികളെ ഇരുകൈ നീട്ടി സ്വകീരിച്ച ഫാ. വാസ്‌ അവരെ ശുശ്രൂഷിച്ചു മാതൃക കാട്ടി. കത്തോലിക്കാ പുരോഹിതരുടെ പ്രവര്‍ത്തനം ഡച്ചുകാര്‍ നിരോധിച്ചതോടെ വേഷം മാറിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഇതിനിടെ ജയില്‍വാസവും അനുഭവിച്ചു. 1711 ല്‍ മരണം അദ്ദേഹത്തെ തേടിയെത്തുന്നതിനു വളരെ മുമ്പേ "ശ്രീലങ്കയുടെ അപ്പോസ്‌തലന്‍" എന്ന പേര്‌ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
1995 ലാണ്‌ ഫാ. വാസിനെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്‌. മരണാസന്നനായ ആണ്‍കുട്ടിയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നതാണ്‌ വത്തിക്കാന്‍ അംഗീകരിച്ച അദ്ദേഹത്തിന്റെ അത്ഭുതപ്രവൃത്തി.

 http://www.mangalam.com/print-edition/international/272422

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin