Monday 12 January 2015

ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ ശ്രീലങ്കയില്‍


 
 
കൊളംബോ: മൂന്നുദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ കൊളംബോയിലെത്തും. പ്രാദേശികസമയം ഇന്നു വൈകുന്നേരം ആറിനു റോമില്‍നിന്നു പ്രത്യേക വിമാനത്തില്‍ തിരിക്കുന്ന മാര്‍പാപ്പയും സംഘവും നാളെ രാവിലെ 9.30ന് കൊളംബോയിലെ സിരിമാവോ ബന്ധാരനായകെ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേരും.

പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തില്‍ മാര്‍പാപ്പയെ സ്വീകരിക്കും. തുടര്‍ന്നു ശ്രീലങ്കന്‍ ബിഷപ്സ് കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്ന മാര്‍പാപ്പ വൈകുന്നേരം അഞ്ചിനു പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 6.15ന് കൊളംബോയിലെ ബന്ദാരനായകെ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സര്‍വമത സമ്മേളനത്തില്‍ പങ്കെടുക്കുന്ന മാര്‍പാപ്പ വിവിധ മതനേതാക്കളുമായി കൂടിക്കാഴ്ചയും നടത്തും.

ബുധനാഴ്ച രാവിലെ കൊളംബോയിലെ ഗാല്ലെ ഫേസ് ഗ്രീന്‍ പാര്‍ക്കിലെ തുറന്ന വേദിയില്‍ ദിവ്യബലിയര്‍പ്പിക്കുന്ന മാര്‍പാപ്പ ശ്രീലങ്കയുടെ അപ്പസ്തോലന്‍ വാഴ്ത്തപ്പെട്ട ജോസഫ് വാസിനെ വിശുദ്ധനായി പ്രഖ്യാപിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു രണ്ടിനു ഹെലികോപ്ടര്‍ മാര്‍ഗം മാധു നഗരത്തിലേക്കു പോകുന്ന മാര്‍പാപ്പ അവിടത്തെ മരിയന്‍ തീര്‍ഘാടനകേന്ദ്രത്തില്‍ ദിവ്യബലിയര്‍പ്പിക്കും.

തുടര്‍ന്നു കൊളംബോയിലേക്കു മടങ്ങുന്ന മാര്‍പാപ്പ വ്യാഴാഴ്ച രാവിലെ നഗരപ്രാന്തത്തിലുള്ള ബൊലാവാലനയിലെ ഔര്‍ ലേഡി ഓഫ് ലങ്ക ചാപ്പല്‍ സന്ദര്‍ശിച്ചശേഷം രാവിലെ ഒന്‍പതിനു ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്കു പോകും.

15 മുതല്‍ 19 വരെയാണു മാര്‍പാപ്പയുടെ ഫിലിപ്പീന്‍സ് സന്ദര്‍ശനം. മാര്‍പാപ്പയ്ക്കു സ്വാഗതമേകി കൊളംബോ നഗരവീഥികളിലെങ്ങും കൂറ്റന്‍ ബോര്‍ഡുകളും കമാന ങ്ങ ളും പേപ്പല്‍ പതാകകളും നിരന്നുകഴിഞ്ഞു. നഗരത്തില്‍ ശക്തമായ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൈന്യത്തിനാണു സുരക്ഷാചുമതല. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ കൊളംബോയിലെ ആര്‍ച്ച്ബിഷപ്സ് ഹൌസില്‍ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. 
 http://www.deepika.com/ucod/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin