Saturday 30 August 2014

മോഡിയെക്കണ്ട കര്‍ദിനാളിന്‌ പിണറായിയുടെ വിമര്‍ശനം

mangalam malayalam online newspaper

തിരുവനന്തപുരം: കര്‍ദിനാള്‍ ക്ലിമ്മിസ്‌ കാതോലിക്കാ ബാവയ്‌ക്കു സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ രൂക്ഷവിമര്‍ശം. നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്‌ചയെ ക്ലിമ്മിസ്‌ ന്യായീകരിക്കുന്നതു മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തുമെന്നു ദേശാഭിമാനിയിലെ ലേഖനത്തില്‍ പിണറായി കുറ്റപ്പെടുത്തി. എന്നാല്‍, പിണറായിയുടെ വിമര്‍ശനത്തോടു പ്രതികരിച്ച്‌ വിവാദത്തിനില്ലെന്നു കര്‍ദിനാള്‍ പറഞ്ഞു.
മോഡിക്കു സ്വീകാര്യത വര്‍ധിപ്പിക്കാനും മതനിരപേക്ഷപ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനുമേ കര്‍ദിനാളിന്റെ വാക്കുകള്‍ ഉപകരിക്കൂവെന്നു പിണറായി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മതേതരഘടന നേരിടുന്ന വെല്ലുവിളി ഗൗരവത്തോടെ കാണാന്‍ കര്‍ദിനാളിനു കഴിയുന്നില്ല. വര്‍ഗീയതയില്‍ അടിത്തറയുള്ള വിദ്വേഷാത്മകഭരണമാണു മോഡിയുടേത്‌. അതിനെതിരേ മതനിരപേക്ഷശക്‌തികള്‍ കൂട്ടായ ചെറുത്തുനില്‍പ്പിനു സാധ്യത തേടുന്ന സന്ദര്‍ഭമാണിത്‌. ഓഗസ്‌റ്റ്‌ മൂന്നിനു മോഡിയെ സന്ദര്‍ശിച്ചശേഷം, ഇന്ത്യന്‍ മതനിരപേക്ഷതയ്‌ക്കു മുന്നിലുള്ള വിപത്തുകളെക്കുറിച്ചു ബാവ സംസാരിക്കുമെന്നാണു മതനിരപേക്ഷവാദികളും ന്യൂനപക്ഷങ്ങളും കരുതിയത്‌. ബാവയുടെ പ്രസ്‌താവന മോഡിക്കു സന്തോഷമുണ്ടാക്കുന്നതാണെങ്കിലും മതേതരചിന്തയുള്ളവരില്‍ ആശങ്കയുളവാക്കുന്നതാണ്‌.
മറിച്ചു ചിന്തിക്കാന്‍ സാഹചര്യമില്ലെന്നു പറയുന്ന കര്‍ദിനാള്‍ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. ഇന്ത്യ ഹിന്ദുരാജ്യമാണെന്നും ഇവിടെയുള്ളവരെല്ലാം ഹിന്ദുക്കളാണെന്നുമുള്ള ആര്‍.എസ്‌.എസ്‌. സര്‍സംഘചാലക്‌മോഹന്‍ ഭഗവതിന്റെ പ്രസ്‌താവന അസ്വീകാര്യമെന്നു മോഡി ഒരിക്കലും പറഞ്ഞിട്ടില്ല. ഇതേ പ്രസ്‌താവന ബി.ജെ.പിയുടെ എം.പി. സ്വാമി ആദിത്യനാഥ്‌ പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചപ്പോഴും പ്രധാനമന്ത്രി മിണ്ടിയില്ല. ഇവരുടെ നിലപാടു മാനദണ്ഡമാക്കിയാല്‍ കാതോലിക്കാ ബാവപോലും ഹിന്ദുവായിരിക്കും. ആര്‍.എസ്‌.എസിന്റെ താല്‍പര്യപ്രകാരം പാഠ്യപദ്ധതി പൊളിച്ചെഴുതാന്‍ നീക്കം നടക്കുന്നു. സഭയുടെ അധീനതയിലുള്ള സ്‌കൂളുകളില്‍ ആര്‍.എസ്‌.എസ്‌. പ്രത്യയശാസ്‌ത്രാടിസ്‌ഥാനത്തിലുള്ള സിലബസ്‌ സ്വീകാര്യമാണോയെന്നും പിണറായി ലേഖനത്തില്‍ ഉന്നയിച്ചു.
ചരിത്രം തങ്ങള്‍ക്കനുസൃതമായി മാറ്റിയെഴുതാനുള്ള ഫാസിസ്‌റ്റ്‌ തന്ത്രത്തിന്റെ ഭാഗമായി ആര്‍.എസ്‌.എസ്‌. നേതാവിനെ അധ്യക്ഷനാക്കി ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു. ഹിന്ദുത്വ ആശയങ്ങള്‍ കുത്തിനിറയ്‌ക്കുകയും ഏകീകൃത സിവില്‍ കോഡും മതപരിവര്‍ത്തനവും ലൗ ജിഹാദുമൊക്കെ ചര്‍ച്ചയാകുകയും ചെയ്യുന്നു. വര്‍ഗീയകലാപങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന അമിത്‌ ഷായെ ബി.ജെ.പി. അധ്യക്ഷനാക്കി. 2009-ല്‍ ഒഡീഷയില്‍ ക്രൈസ്‌തവരെ തെരഞ്ഞുപിടിച്ച്‌ കൊലപ്പെടുത്തിയതും കലാപത്തില്‍പെട്ടവര്‍ക്കു സി.പി.എം. അഭയം നല്‍കിയതും പിണറായി ഓര്‍മിപ്പിക്കുന്നു. വിശ്വസിക്കാന്‍ സി.പി.എമ്മുകാരേ ഉള്ളെന്നാണു ഘട്ടക്ക്‌ ആര്‍ച്‌ ബിഷപ്‌ പറഞ്ഞത്‌. അദ്ദേഹം കൂടി ഉള്‍പ്പെട്ട ബിഷപ്പുമാരുടെ സമിതിയുടെ അധ്യക്ഷനായ കാതോലിക്ക ബാവ, അന്നു ക്രിസ്‌ത്യാനികളോടു ചര്‍ച്ചയ്‌ക്കില്ലെന്നു പറഞ്ഞ പാര്‍ട്ടിയുടെ നേതാവില്‍ വിശ്വാസമര്‍പ്പിക്കുന്നത്‌ ആപത്താവും. സംഘപരിവാര്‍ ഭരണത്തെ മഹത്വവല്‍കരിക്കുന്ന വാക്കുകള്‍ കര്‍ദിനാളില്‍നിന്ന്‌ ഉണ്ടാകരുതായിരുന്നുവെന്നു പിണറായി ചൂണ്ടിക്കാട്ടുന്നു.
- See more at: http://www.mangalam.com/print-edition/keralam/223093#sthash.CFd6oBNX.dpuf
or
https://www.blogger.com/blogger.g?blogID=3405608279508582992#editor/target=post;postID=561754551123525109

3 comments:

  1. ഭാഗം-1,
    അഭിവന്ദ്യ പിതാക്കന്മാരുടെ അറിവിനുവേണ്ടി തയ്യാറാക്കിയ ലേഖനം

    ഞങ്ങളുടെ വചനത്തെ കേട്ടാല്‍മതി പ്രവര്‍ത്തിയെ നോക്കണ്ട.

    പാലായില്‍ നടന്ന മെത്രാന്‍ സിനഡ് ഒരു പ്രതിഷേധകത്ത്

    പാലായില്‍ നടന്ന മെത്രാന്മാരുടെ അഖിലേന്ത്യ സമ്മേളനശേഷം കര്‍ദ്ദിനാള്‍ ജോര്‍ജ് പിതാവിന് കൊടുത്ത പ്രതിഷേധ കത്താണിത്. ഇതുവരെ അതിനു മറുപടി ഒന്നും ലഭിച്ചില്ല. അടുത്തമാസം അമേരിക്കയില്‍ ഒരു സീറോമലബാര്‍ സഹായമെത്രാനെ വാഴിക്കുന്നതിനു തയ്യാറെടുക്കുന്നു. അതിനു രണ്ടുലക്ഷം ഡോളര്‍ ആണു എസ്റ്റിമേറ്റ്. എല്ലാ സീറോമെത്രന്മാരും അതിനായി അമേരിക്കയില്‍ ഏത്തുമെന്നറിയുന്നു. വീണ്ടും നടക്കാന്‍പോകുന്ന ഒരു ധൂര്‍ത്ത് ഇല്ലാതാക്കാന്‍ കാരണമാകുമെന്ന പ്രത്യാശയാല്‍ ആ കത്ത് പ്രസിധീകരിക്കുകയാണ്.

    2014 ഫെബ്രുവരി ആദ്യ ആഴ്ച്ചയില്‍ പാലാ രൂപതയുടെ ആഥിധേയത്വത്തില്‍ CBCI സമ്മേളനം നടന്നു. അത്യാവശ്യം എഴുന്നേറ്റു നടക്കാവുന്ന മെത്രാന്മാരുള്‍പ്പെടെ ഇന്‍ഡ്യയിലെ എല്ലാ പിതാക്കന്മാരും അതില്‍ സംബന്ധിച്ചു. ഇന്‍ഡ്യാരാജ്യം കണ്ടതിലുംവെച്ച് ആധുനിക സൗകര്യങ്ങളോടെ നടന്ന ഒരു സമ്മേളനമായിരുന്നു അത്. കോടികള്‍ ചിലവഴിച്ച് പാലാ രൂപത പണിത പുതിയ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ സെന്ററില്‍വെച്ചു നടന്ന ആദ്യ സമ്മേളനമായിരുന്നു അത്. വല്ലപ്പോഴും നടക്കുന്ന സമ്മേളനങ്ങള്‍ക്കുവേണ്ടി വാടകയ്ക്ക് എടുക്കാവുന്ന ജനറേറ്റര്‍ ഒഴിവാക്കി അരകോടിയോളം രൂപ ചിലവഴിച്ച് മൂന്ന് വമ്പന്‍ ജനറേറ്ററുകളാണ് വിലയ്ക്കു വാങ്ങിയത്. ഇങ്ങനെ സമ്മേളനത്തിന്റെ പേരില്‍ ധാരാളം വസ്തുവകകള്‍ പാലാരൂപത വാങ്ങിക്കൂട്ടി, ജനറേറ്റര്‍ ഒരു ഉദാഹരണം മാത്രം.

    ധൂര്‍ത്ത് ഒഴിവാക്കണമെന്നും ആഘോഷചിലവ് കുറച്ച് പാവങ്ങളെ സഹായിക്കണമെന്നും പറഞ്ഞ് മെത്രാന്മാര്‍ എത്രയോ ഇടയലേഖനങ്ങളാണ് ഇടവകകളില്‍ വായിപ്പിച്ചിരിക്കുന്നത്. പുത്തന്‍ കുര്‍ബാനകള്‍ക്കും മെത്രാഭിഷേകങ്ങള്‍ക്കും മെത്രാന്മാരുടെ സമ്മേളനങ്ങള്‍ക്കും ധൂര്‍ത്ത് ഒഴിവാക്കാനാകാത്ത യാഥാര്‍ത്ഥ്യമായി മെത്രാന്മാര്‍ തന്നെ കൊണ്ടുനടക്കുകയും ചെയ്യുന്നു. നന്നായി മദ്യപിക്കുന്ന ഒരു വൈദികനോട് സുഹൃത്ത് ഒരിക്കല്‍ ചേദിച്ചു മദ്യപിക്കരുതെന്ന് പ്രസംഗിച്ചിട്ട് അച്ചന്‍ മദ്യപിക്കുന്നത് ശരിയാണോ എന്ന്; അച്ചന്‍പറഞ്ഞു നിങ്ങള്‍ കുടുംബ ജീവിതക്കാരാണ് നിങ്ങള്‍ മദ്യപിച്ചാല്‍ കുടുംബം പട്ടിണിയിലാകും കുടുംബം ഒന്നുമില്ലാത്ത ഞങ്ങള്‍ക്ക് ഒരു സന്തോഷം ഒക്കെ വേണ്ടെ എന്ന്. എന്റെ പ്രവര്‍ത്തിയെ നോക്കണ്ട വചനത്തെ നോക്കിയാമതിയെന്ന് എന്റെ ചെറുപ്പകാലത്ത് പറഞ്ഞ വയോധികനായ ഒരു വൈദികനെയും ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും മാര്‍പാപ്പമാരുടെ ശ്ലൈഹികപ്രബോധനങ്ങളും ഇവരെ ആരെയും ബാധിക്കുന്നേ ഇല്ല.

    CBCI സമ്മേളനത്തിനു തന്നെ 50 കോടി രൂപ ചിലവായെന്നു പലരും പറഞ്ഞു കേള്‍ക്കുന്നു. മെത്രാന്മാര്‍ക്കും ചില സേവകര്‍ക്കും പുറമെ ആട്,പന്നി, കോഴി, കരിമീന്‍, നന്മീന്‍, കൊഞ്ച് തുടങ്ങിയ ജന്തുക്കള്‍ക്കും മത്സ്യ ജീവി വര്‍ഗങ്ങള്‍ക്കും മാത്രമായിരുന്നു മതിലിനകത്ത് പ്രവേശനം ഉണ്ടായിരുന്നത്. മറ്റാരും കടക്കാതിരിക്കാന്‍ സമ്മേളനവേദിക്കടുത്ത് ഒരു പോലീസ് സ്റ്റേഷനും സ്ഥാപിച്ചിരുന്നു. ഫ്രാന്‍സിസ് പാപ്പ ഈ മാമാങ്കത്തെക്കുറിച്ചറിഞ്ഞാല്‍ പാലാ മെത്രാനെതിരെ നടപടി ഉറപ്പാണ്. സഭയുടെ 430 ലക്ഷം ഡോളര്‍ ഉപയോഗിച്ച് സ്വന്തം അരമന മോടിപിടിപിച്ച ജര്‍മ്മിനിയിലെ ആഡംബര ബിഷപ്പ് ഫാല്‍സ് പീറ്റര്‍ ടെബാര്‍ട്‌സ് വാന്‍ എല്‍സ്റ്റിന്റെ രാജി ആവശ്യപ്പെട്ട മാര്‍പാപ്പ പാലാ ബിഷപ്പിന്റെ ഈ ധൂര്‍ത്ത് അറിഞ്ഞാല്‍ നടപടിയെടുക്കുകതന്നെചെയ്യും.

    ജര്‍മ്മിനിയിലെ ധൂര്‍ത്തനായ മെത്രാനെ ഉടന്‍ സസ്‌പെന്റ് ചെയ്യുകയും അന്വേഷണ ശേഷം കഴിഞ്ഞ ആഴ്ച്ച രാജി സ്വീകരിച്ചിരിക്കുകയുമാണ്. അദ്ദേഹത്തെ വത്തിക്കാനിലുള്ള ശുദ്ധീകരണസ്ഥലത്ത് ഇരുത്തിയിരിക്കുന്നുതായി വാര്‍ത്ത ഉണ്ടായിരുന്നു. മൂന്നടി വീതിയുള്ള കട്ടിലും ഡ്രോ ഇല്ലാത്തമേശയും കൈകളില്ലാത്ത കസേരയും കൊടുത്താണ് ഇരുത്തിയിരിക്കുന്നത്. എറണാകുളത്തുണ്ടായിരുന്ന ബിഷപ്പ് തട്ടുങ്കല്ലും വേറെയും കുറേ മെത്രാന്മാരും പ്രസ്തുത സ്ഥലത്ത് കൂട്ടുകാരായുണ്ട്. ഒരു കാലത്ത് കര്‍മ്മലീത്താക്കാര്‍ എറണാകുളത്ത് വൈദികര്‍ക്കായി സ്ഥാപിച്ച ശുദ്ധീകരണ സ്ഥലത്തെക്കാളും അല്പം മെച്ചമായതാണ് വത്തിക്കാനില്‍ മെത്രാന്മാര്‍ക്കായി ഉള്ളത്.

    ReplyDelete
  2. ഭാഗം-2,
    കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ എറണാകുളം പട്ടണത്തിലൂടെ തനിയെ നടന്ന് യാചകര്‍ക്ക് വസ്ത്രവും കേക്കും കൊടുത്ത് വാര്‍ത്താ പ്രാധാന്യം നേടിയ സീറോമലബാര്‍ സഭാതലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി സ്വന്തം ലളിതജീവിതത്തിനും സുതാര്യതയ്ക്കും അവധികൊടുത്തുകൊണ്ടാണ് പാലായിലെ സമ്മേളനത്തിനെത്തിയത്. ഇതുകണ്ടപ്പോള്‍ നാട്ടിന്‍പുറങ്ങളിലെ ചില പ്രാര്‍ത്ഥനക്കാരെയാണ് ഓര്‍മ്മ വരുന്നത്. പ്രാര്‍ത്ഥനാക്കൂട്ടത്തില്‍ ചെല്ലുമ്പോള്‍ ഭയങ്കര പ്രാര്‍ത്ഥനയും പൊങ്ങച്ചം പറയുന്നവരുടെ സംഘത്തില്‍ ചെല്ലുമ്പോള്‍ മുഴുത്ത കള്ളവും പറയുന്നവരുണ്ട്. ഒരു വ്യക്തിയില്‍ അടിസ്ഥാനപരമായി വന്നമാറ്റം സാഹചര്യം മാറുമ്പോള്‍ മാറില്ല അത് ദൈവത്താല്‍ നിക്ഷിപ്തമാണ്. മെത്രാന്മാരുടെ ഈ ഹൈടക് ധൂര്‍ത്ത് കുറയ്ക്കുവാന്‍ മാര്‍ ആലഞ്ചേരി ഒന്നും ചെയ്തില്ല, ഭൂരിപക്ഷത്തോടു ചേര്‍ന്ന് ആമോദിക്കുകയും ചെയ്തു. ക്രിസ്മസ് ദിനത്തില്‍ യാചകരോടൊത്താകാനും, പെസഹാ വ്യാഴാഴ്ച്ച കാലുകഴുകാനും ഇറങ്ങിവന്നിട്ടു തിരികെ ഉന്നതങ്ങളിലേക്ക് കയറിപോകുന്നവരെ എത്രമാത്രം വിശ്വസിക്കണം എന്നു ചിന്തിക്കേണ്ടതാണ്. കയ്യും കാലും പ്ലാസ്റ്ററിട്ട് കിടക്കുന്ന ധീരജ് എന്ന യുവാവിനോടൊത്തുനിന്നുള്ള പടം പത്രത്തില്‍ വരാന്‍ അനുവദിച്ച് പാവങ്ങളുടെ പിതാവായി മാറുന്ന ആലഞ്ചേരി പിതാവിന് തന്റെ അധികാരപരിധിയില്‍ നടക്കുന്ന ധൂര്‍ത്ത്കുറയ്ക്കാന്‍ സാധിക്കാത്തില്‍ നമുക്ക് പരിതപിക്കേണ്ടിയിരിക്കുന്നു.

    ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിന്മേല്‍ മലയോര ജനതയ്ക്കുണ്ടായ ആശങ്ക കുറയ്ക്കുവാന്‍ മാര്‍ ആലഞ്ചേരിയുടെ ഭാഗത്തുനിന്നും ഒരു നീക്കവും ഉണ്ടായില്ല. ഓരോ ജില്ലയിലും പരസ്പര വിരുദ്ധമായ നിലപാടുകള്‍ ആവര്‍ത്തിച്ച് അദ്ദേഹം ജനങ്ങളെ കൂടുതല്‍ ദുഖത്തിലാക്കുകയും ചെയ്തു. കടലില്‍വെച്ച് രണ്ട് മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായി ആലോചനകൂടാതെ സംസാരിച്ച് മാര്‍ ആലഞ്ചേരി വെട്ടിലാകുകയും പിന്നീട് വിശദീകരണം കൊടുക്കേണ്ടി വരികയും ചെയ്തു. ഈ പ്രവര്‍ത്തി തന്റെ സ്ഥാനത്തിനു ചെരുന്നതായിരുന്നില്ല.

    അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പുകള്‍ വിറ്റുകിട്ടുന്ന തുകകളും അവിടെ വീഴുന്ന നേര്‍ച്ച പണത്തിന്റെ ഹുങ്കും കൈമുതലാക്കിയാണ്CBCIസമ്മേളനം പാലാ രൂപത അടിപൊളിയാക്കിയത്. സിസ്റ്റര്‍ ഊര്‍സുലാമ്മയുടെ പോരും അല്‍ഫോന്‍സാമ്മയുടെ സഹനവും പാലാരൂപത മുതലാക്കി അടിച്ചുപൊളിക്കുകയാണ്. ഇവരുടെ ഈ ധൂര്‍ത്ത് മറ്റ് മെത്രാന്മാരെ കൊതിപ്പിക്കുകയും ചെയ്യുന്നു. ഇതുപോലെയുള്ള വരുമാനത്തിന് അവരും ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനായി കൂടുതല്‍ വിശുദ്ധരെ സൃഷ്ട്ടിക്കാനുള്ള ശ്രമത്തിലാണവര്‍.

    മാര്‍പാപ്പയുടെ എളിയ ജീവിതരീതിയെക്കുറിച്ചാണ് CBCI സമ്മേളനത്തിലെ ഒരു ദിവസത്തെ ചര്‍ച്ചാ വിഷയമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിട്ട് എന്തു തീരുമാനം എടുത്തെന്നോ ലളിതജീവിതം എവിടെ തുടങ്ങണമെന്നോ ഒന്നും ഒരു പ്രഖ്യാപനവും വന്നിട്ടില്ല. മാത്രമല്ല നടന്ന CBCIസമ്മേളനത്തത്തിന്റെ തീരുമാനങ്ങളുടെ ഒരു രേഖയും പുറത്തുവന്നിട്ടുമില്ല. ഇതു CBCI സമ്മേളനത്തിന്റെ ഒരു സാദാസമ്മേളനമായിരുന്നു എന്ന് പറഞ്ഞൊഴിയാന്‍ പറ്റില്ല. വളരെ കൊട്ടിഘോഷിച്ചും കോടികള്‍ ചിലവഴിച്ചും നടത്തിയ സമ്മേളനത്തിന്റെ ഫലം എന്തായെന്ന് അതിന്റെ ചിലവുകള്‍ വഹിച്ച വിശ്വാസികളെ അറിയിക്കാന്‍ മെത്രാന്മാര്‍ ബാദ്ധ്യസ്ഥരാണ്. ഇതെല്ലാം കാണുമ്പോള്‍ ഞങ്ങളുടെ ഇടയലേഖനങ്ങള്‍വായിച്ചു പഠിച്ച് അനുസരിച്ചാല്‍മതി ഞങ്ങളുടെ പ്രവര്‍ത്തികളെ നോക്കണ്ട എന്ന് അഭിവന്ദ്യമെത്രാന്മാര്‍ മൗനമായി പ്രഘോഷിക്കുകയാണെന്ന് തോന്നും.

    ReplyDelete
  3. ഭാഗം3,
    മുന്‍കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ വിശ്വാസികളില്‍ ധാരാളം പണമുണ്ട്. പള്ളിക്ക് കൊടുക്കുവാനും അവര്‍ തയ്യാറാണ്. ഇതു മനസിലാക്കിയ വൈദികരും മെത്രാന്മാരും ആഡംബരപൂര്‍ണ്ണമായ പദ്ധതികള്‍ തയ്യാറാക്കി പണം പിരിച്ച് ധൂര്‍ത്തടിക്കുകയാണ്. ഈ വര്‍ഷം നമ്മുടെ അടുത്ത് ഒരു ചെറിയ പള്ളിയില്‍ പെരുന്നാള്‍ നടത്താന്‍ പ്രസുദേന്തിയില്‍ നിന്നും പതിമൂന്നരലക്ഷം രൂപയാണ് വികാരി അച്ചന്‍ വാങ്ങിയത്. പ്രസുദേന്തി ആവശ്യപ്പെട്ട പ്രമുഖനായ ഒരു വൈദികനെ ധ്യാനപ്രസംഗത്തിനായി വിളിച്ചില്ല. വികാരിയച്ചന്റെ ബാച്ചില്‍പെട്ട ഏതാണ്ടെല്ലാ വൈദികരെയും കൊണ്ടുവന്ന് ആഘോഷിച്ച് നല്ല പടിയും കൊടുത്തുവിട്ടു. പ്രസുദേന്തിക്ക് ചിലവിന്റെ കണക്ക് കൊടുത്തില്ല. ചോദിക്കാന്‍ അദ്ദേഹത്തെ വീട്ടുകാര്‍ അനുവദിച്ചുമില്ല. വികാരിയച്ചന്‍ പിണങ്ങിയാല്‍ കുടുംബത്തിനു ദോഷമാണെന്ന് ആ കുടുംബത്തിലെ പെണ്ണുങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.

    ഇങ്ങനെ കാര്യങ്ങള്‍ യേശുവിന്റെ ഒന്നാം വരവിനു മുന്‍പുള്ള പഴയനിയമ കാലത്തേക്ക് നീങ്ങുകയാണ്. എല്ലായിടത്തും പുരോഹിതന്റെ മേല്‍കോയ്മ ആകെ ഒരു ഫരിസേയ മനോഭാവം. വൈദികരുടെ മേധാവിത്വം അല്മായരുടെ വളര്‍ച്ചയെ മുരടിപ്പിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരിക്കുന്നത് വൈദികര്‍ കേട്ടതായി ഭാവിച്ചിട്ടേയില്ല. ദൈവത്തിന്റെ മനുഷ്യാവതാരത്തോടെ പഴയതിനെമാറ്റി എല്ലാം പുതിയതാക്കിയതാണ്; ഇപ്പോള്‍ സഭ വീണ്ടും പഴയ പ്രമത്തതയിലേക്ക്‌ പോയിരിക്കുന്നു. ഇനി പ്രതീക്ഷ യേശുവിന്റെ രണ്ടാം വരവാണ്. അവിടെയാണിനി എന്തെങ്കിലും സംഭവിക്കുക അതിനു മുന്നോടിയായി സ്‌നാപകനെപോലെ ഒരു മാര്‍പാപ്പ ഉദയം ചെയ്തിരിക്കുന്നു. നമ്മുടെ ഗുരുക്കന്മാരെ പോലെയല്ല അധികാരമുള്ളവനെപോലെയാണ് അവന്റെ പഠിപ്പിക്കലുകളും തീരുമാനങ്ങളും നടപടികളും.

    ക്‌നാനായ ഫെലോഷിപ്പ് പ്രസിഡന്റ്
    ഡോമിനിക്ക് സാവിയോ
    വാച്ചാച്ചിറയില്‍
    ഫോണ്‍- 9446140026
    Joseph K Perumaly

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin