Monday 25 August 2014

വീഞ്ഞിനെച്ചൊല്ലി ക്രൈസ്തവ സഭകളിൽ ഭിന്നിപ്പ് നുരയുന്നു

Posted on: Tuesday, 26 August 2014


കോട്ടയം: വീഞ്ഞ് നിരോധിക്കാനാവില്ലെന്ന് കത്തോലിക്കാ സഭ. ഉപയോഗിക്കണമെന്നില്ലെന്ന് മാർത്തോമാ വലിയ മെത്രാപ്പൊലീത്ത മാർ ക്രിസോസ്റ്റം. പള്ളികളിൽ വിതരണം ചെയ്യുന്ന വീഞ്ഞും നിരോധിക്കണമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആവശ്യത്തെ ചൊല്ലി ക്രൈസ്തവസഭകളിൽ ഭിന്നിപ്പ് നുരഞ്ഞു പൊന്തുന്നു. അതേസമയം പള്ളികളിൽ വീഞ്ഞ് വില്പനയും പൊടിപൊടിക്കുന്നുണ്ട്.

വീഞ്ഞ് ഉപയോഗിക്കുന്നതിനെക്കുറിച്ച് സഭകൾ പുനഃപരിശോധിക്കുന്നതിനൊപ്പം വീഞ്ഞിനുപകരം പണ്ട് മുന്തിരിങ്ങ വെള്ളത്തിലിട്ട് ഉപയോഗിച്ചിരുന്ന രീതിയെക്കുറിച്ചും ആലോചിക്കണമെന്ന വലിയ മെത്രാപ്പൊലീത്തയുടെ നി‌ർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് കത്തോലിക്കാ സഭാ വക്താവ് ഫാ. പോൾ തേലക്കാട് വ്യക്തമാക്കിയതോടെ സഭകൾക്കിടയിലെ ഭിന്നിപ്പും പ്രകടമായി.
ഓർത്തഡോക്‌സ്, യാക്കോബായ, സി.എസ്.ഐ സഭകൾ പ്രത്യേക അഭിപ്രായപ്രകടനം നടത്തിയിട്ടില്ലെങ്കിലും വീഞ്ഞിനു പകരം വെള്ളമാണ് ഇവർ ആരാധനയ്ക്ക് ഉപയോഗിക്കാറുള്ളത്. വെള്ളത്തിൽ ഒരു തുള്ളി വീഞ്ഞേ സാധാരണ ഒഴിക്കാറുള്ളൂ. ഒരു കുപ്പി വീഞ്ഞുകൊണ്ട് ആറുമാസം വരെ കുർബാനയ്ക്ക് ഉപയോഗിക്കാമെന്ന് ഓർത്തഡോക്‌സ് സഭാ വൃത്തങ്ങൾ പറയുന്നു. എന്നാൽ ആരാധനയ്ക്ക്  ഉപയോഗിക്കുന്ന വീഞ്ഞാണ് കത്തോലിക്കാ സഭ ഇതിന് ശേഷം വിശ്വാസികൾക്ക് നൽകുന്നത്.


മറ്റു സഭകളാകട്ടെ കത്തോലിക്കാ പള്ളികളിൽ നിന്നാണ് വീഞ്ഞു വാങ്ങുന്നത്. കത്തോലിക്കാ പള്ളികൾക്ക്  തമിഴ്നാട്ടിൽ നിന്ന് മേൽത്തരം മുന്തിരിങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്ന വീര്യം കൂടിയ വീഞ്ഞ് എത്തിക്കുന്ന ഏജൻസികളുമുണ്ട്. ഒരു പരിശോധനയുമില്ലാതെയാണ് അതിർത്തി കടന്ന് വീഞ്ഞ് എത്തുന്നത്. ഡിമാൻഡ് കൂടുതലുള്ള ഈ  വീഞ്ഞ് ആവശ്യക്കാർക്ക്  വിറ്റ് പല പള്ളികളും നല്ല വരുമാനവും ഉണ്ടാക്കുന്നുണ്ട്. പള്ളിവക പുസ്തകശാലകളും മറ്റും കേന്ദ്രീകരിച്ചാണ് വില്പന.  പാലായിലും പുതുപ്പള്ളിയിലും പള്ളികളോട് ചേർന്നു വീഞ്ഞ് പരസ്യമായി വിൽക്കാറുമുണ്ട്. ചെറിയ കുപ്പിക്ക് 60 രൂപയും വലിയ കുപ്പിക്ക് 120 രൂപയും വാങ്ങിയിരുന്നത് ഇപ്പോൾ യഥാക്രമം 75ഉം 130 ആയി ഉയർത്തി. കോട്ടയം നഗരമദ്ധ്യത്തിൽ അരഡസനോളം പള്ളികൾ കേന്ദ്രീകരിച്ച് വീഞ്ഞ് വില്പനയുണ്ട്. നല്ല വീഞ്ഞായതിനാൽ ഇവിടെ  ആവശ്യക്കാരും കൂടുതലാണ്.

 http://news.keralakaumudi.com/news.php?nid=6501e35a451a9dd995bc6a2dde401293

1 comment:

  1. http://www.indiavisiontv.com/2014/08/26/348249.html

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin