Tuesday 2 June 2015

ക്രൈസ്തവകുടുംബങ്ങളെ തകര്‍ക്കുന്ന ശുദ്ധരക്ത മൃതിവൈറസ്‌വാണിഭക്കാര്‍!
visit: www.almayasabdam.com


ഡോ. ജയിംസ് കോട്ടൂര്‍
ക്‌നാനായ ശുദ്ധരക്തവാദം ഷിക്കാഗോ രൂപതയില്‍ നടപ്പാക്കിക്കൊണ്ട് മാര്‍ അങ്ങാടിയത്ത് എഴുതിയ ഔദ്യോഗിക കത്തിനോടു പ്രതികരിച്ച്, ‘Peddlers of Pure Blood: Deadly Virus’ എന്ന ശീര്‍ഷകത്തില്‍ മുന്‍വൈദികനും, ‘New Leader’-ന്റെ മുന്‍എഡിറ്ററും,  ഇപ്പോള്‍ ‘Indian Currents’- ന്റെ അസ്സോസിയേറ്റ് എഡിറ്ററുമായ, ഡോ. ജയിംസ് കോട്ടൂര്‍ എഴുതിയ ദീര്‍ഘലേഖനത്തിന്റെ സംക്ഷിപ്തം. 
സ്വതന്ത്ര തര്‍ജ്ജമ: സക്കറിയാസ് നെടുങ്കനാല്‍
നമ്മുടെ ഫ്രാന്‍സീസ് പാപ്പായാണ്, ഇന്നത്തെ സഭയെ യുദ്ധഭൂമിയില്‍ തുറന്ന ഒരു ആതുരാലയമായി സങ്കല്പിച്ചതും, മെത്രാന്മാര്‍ അതില്‍ അടിയന്തിരസേവനം ചെയ്യുന്ന ഡോക്ടര്‍മാരായി സ്വയം അര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതും. എന്നാല്‍ നമ്മള്‍ കാണുന്നതെന്താണ്?  
രോഗികളെ രക്ഷപ്പെടുത്തേണ്ടവര്‍തന്നെ ശുദ്ധരക്തവാദമെന്ന മാരകമായ വിഷാണുക്കളെ ഇന്ത്യയെന്ന ആശുപത്രിവാര്‍ഡില്‍ മാത്രമല്ല, അമേരിക്കയിലും പടര്‍ത്തുന്നതില്‍ വ്യാപൃതരായിരിക്കുന്നു. ദൈവം ഒരുമിപ്പിച്ചവരെ ഇങ്ങനെ ചിതറിക്കാന്‍, കുടുംബജീവിതത്തെക്കുറിച്ചു ചിന്തിക്കാനും മനനം ചെയ്യാനുമായി സഭ മാറ്റിവച്ചിരിക്കുന്ന ഈ വത്സരത്തില്‍പ്പോലും അവര്‍ മടിക്കുന്നില്ല.

എന്താണു പറഞ്ഞുവരുന്നത് എന്നു സംശയിക്കുന്നവര്‍, ഷിക്കാഗോ രൂപതയെ നയിക്കുന്ന ബിഷപ് അങ്ങാടിയത്തിന്റെ 2014 സെപ്റ്റംബര്‍ 19-ലെ കത്തിലേക്ക് (Prot. No. 1799/2014) ഒന്നു നോക്കിയാല്‍ മതി.  
ആ കത്തിന്റെ സംക്ഷിപ്തവിവര്‍ത്തനം ഇതാ:

ബഹുമാന്യ അച്ചന്മാരേ, ക്‌നാനായ വിശ്വാസികളേ,

അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ആമേന്‍!

ക്‌നാനായ ഇടവകകളിലും മിഷനുകളിലുമുള്ള അംഗത്വം സീറോ-മലബാര്‍ മെത്രാന്‍സിനഡില്‍ ചര്‍ച്ച ചെയ്ത്, സീറോ- മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും നമ്മുടെ കോട്ടയം മെത്രാന്‍ മാത്യു മൂലക്കാട്ടും ഷിക്കാഗോ സീറോ-മലബാര്‍ കത്തോലിക്കാരൂപതാമെത്രാന്‍ ജേക്കബ് അങ്ങാടിയത്തും തമ്മിലുണ്ടായ പൊതുധാരണയിലൂടെ തീരുമാനത്തിലായി എന്നറിയിക്കാന്‍ എനിക്കു സന്തോഷമുണ്ട്.

ക്‌നാനായ ഇടവക/മിഷന്‍ എന്നിവയില്‍ ക്‌നാ നായക്കാര്‍ക്കുമാത്രമേ അംഗത്വമുണ്ടാകൂ. ഒരു ക്‌നാനായ വിശ്വാസി ക്‌നാനായ അല്ലാത്ത രൂപതകളിലുള്ള ഒരാളെയാണു വിവാഹം കഴിക്കുന്നതെങ്കില്‍, ആ വ്യക്തിക്കും ഇരുവര്‍ക്കുമുണ്ടാകുന്ന മക്കള്‍ക്കും ക്‌നാനായ ഇടവകയുടെ/മിഷന്റെ അംഗത്വമല്ല; മറിച്ച്, ക്‌നാനായ വിഭാഗത്തില്‍പ്പെടാത്ത സ്ഥലത്തെ മറ്റു സീറോ-മലബാര്‍ ഇടവകയുടെ/മിഷന്റെ അംഗത്വമാകും ഉണ്ടാകുക...



-നിങ്ങളുടെ സ്‌നേഹപിതാവ്,

മാര്‍ ജേക്കബ് അങ്ങാടിയത്ത്,

ഷിക്കാഗോ രൂപതയുടെ മെത്രാന്‍.



വിശ്വാസികള്‍ ഈ കത്തിന്റെ ഉള്ളടക്കം എങ്ങനെ വ്യാഖ്യാനിക്കണം? വേലിതന്നെ വിളവു തിന്നുന്നതിനുദാഹരമല്ലേ ഇത്?  ആട്ടിന്‍തോല്‍ ധരിച്ച ചെന്നായ്ക്കളാണു തങ്ങള്‍ എന്നു തെളിയിക്കുകയല്ലേ ഇവര്‍? 'ദൈവം കൂട്ടിയോജിപ്പിച്ചതിനെ നിങ്ങള്‍ വേര്‍പെടുത്തരുത്' എന്നും,  'ഞാനും പിതാവും ഒന്നായിരിക്കുന്നതുപോലെ നിങ്ങളും ഒന്നായിരിക്കുവിന്‍' എന്നും പഠിപ്പിച്ച യേശുവിന്റെ ഇംഗിതങ്ങളെ പാടേ നിഷേധിക്കുന്ന ഈ കപടസഭാസംരക്ഷകരെ ആരു തിരുത്തും? യേശുവില്‍ നിങ്ങള്‍ ഗ്രീക്ക്, റോമന്‍, യഹൂദന്‍ എന്ന വ്യത്യാസങ്ങള്‍ ഇല്ലാത്ത ഒരേ പിതാവിന്റെ മക്കളാണ് എന്നു പൗലോസ് അപ്പോസ്തലന്‍ പറഞ്ഞത് ആദിമസഭയില്‍ അംഗീകരിക്കപ്പെട്ട ഒരു പൊതുദര്‍ശനമായിരുന്നു. അതിതാ കാറ്റില്‍ പറത്തിയിരിക്കുന്നു. ഒരേ സഭയുടെ ഭാഗമാണെന്ന് അഭിമാനിക്കുന്ന ഒരു വിഭാഗത്തിന്, ഇങ്ങനെയൊരു കത്തെഴുതാന്‍ ഒരു മെത്രാന് എങ്ങനെ സാധിക്കുമെന്ന് വായനക്കാര്‍ ചിന്തിക്കുക. എത്ര അപഹാസ്യമാണ് ഇവരുടെ വാക്കും പ്രവൃത്തിയും!

സീറോ-മലബാര്‍ സഭയുടെ കാഴ്ചപ്പാടില്‍, പുറത്തുനിന്നു വിവാഹംകഴിച്ച ക്‌നാനായക്കാര്‍ക്ക് അവരുടെ കിടപ്പുമുറിയില്‍ ഒന്നിച്ചു കഴിയാം, ഒന്നാവാം, സന്താനോല്പാദനം നടത്താം; പക്ഷേ, ക്‌നാനായ ഇടവകകളില്‍ ഒന്നിച്ചുനിന്ന് ദൈവാരാധന നടത്താന്‍ പാടില്ല. പങ്കാളിയെയും സന്തതികളെയും അവിടെനിന്നു പുറംതള്ളും! യുക്തിരഹിതമായ ഈ കടുംപിടുത്തത്തിന് എന്ത് ന്യായീകരണമാണ് കണ്ടെത്താനാവുന്നത്? ഒരു വശത്ത്, വര്‍ഷങ്ങളോളം നീണ്ടുനില്ക്കുന്ന ചര്‍ച്ചകളിലൂടെ ക്രിസ്തീയകുടുംബങ്ങളുടെ സ്വരുമയും ഒരുമയും നിലനിര്‍ത്താനായി അദ്ധ്വാനിക്കുന്ന, കുടുംബങ്ങളെ ശിഥിലീകരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാന്‍ മെത്രാന്മാരെ നിയോഗിക്കുന്ന, ഫ്രാന്‍സീസ് പാപ്പാ; മറുവശത്ത്, കുടുംബശിഥിലീകരണനടപടികളില്‍ ഏര്‍പ്പെടുന്ന ഇന്ത്യന്‍ സഭാനേതൃത്വം! എന്നാല്‍ കോട്ടയം രൂപതയിലെ അംഗങ്ങള്‍തന്നെ ശുദ്ധരക്തവാദത്തിലുള്ള അപാകതകളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും പഠനങ്ങള്‍ നടത്തുകയും, ഈ വിഷയത്തില്‍ സീറോ-മലബാര്‍, ലത്തീന്‍, മലങ്കര വിഭാഗങ്ങള്‍ വച്ചുപുലര്‍ത്തുന്ന നിസ്സംഗതയില്‍ പ്രതിഷേധിക്കുകയും, മെത്രാന്മാര്‍ക്കും പോപ്പിനും നിവേദനങ്ങള്‍ അയയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നത് ആശാവഹമാണ്.

അല്മായരുടെ ശബ്ദം അവഗണിക്കപ്പെടുന്നു

ചിന്താസ്ഥിരതയുള്ള ക്‌നാനായസംഘടനകള്‍ 2013 ആഗസ്റ്റ് മൂന്നിന് ഷിക്കാഗോയിലെ സീറോ-മലബാര്‍ ഹാളില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചു. അതേപ്പറ്റി വിശദമായ വാര്‍ത്ത Kerala Express, Chicago; Indian Currents, Delhi; 'അത്മായശബ്ദം' ബ്ലോഗ് തുടങ്ങി പല മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിക്കയും ചെയ്തു. കൂടാതെ, 2014 ഫെബ്രുവരിയില്‍ പാലായില്‍ നടന്ന ഒരാഴ്ച നീണ്ട CBCI മീറ്റിങ്ങിനോട് അനുബന്ധിച്ച് ഒരു പ്രതിഷേധ റാലി നടത്തുകയും മെത്രാന്മാര്‍ക്ക് സങ്കടഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. വീണ്ടും 2014 ഓഗസ്റ്റ് 16 മുതല്‍  30 വരെ കാക്കനാട്ട് നടന്ന മെത്രാന്‍ സിനഡില്‍ ഇതാവര്‍ത്തിച്ചു. ഇതിനൊന്നും ഒരു ഫലവും പരിഗണനയും ഉണ്ടായില്ല. ഏറ്റവും പുതിയതായി ഇതു സംബന്ധിച്ചുള്ള ഒരു കത്ത് 'ക്‌നാനായകത്തോലിക്കാ നവീകരണസമിതി' (KCNS) 2015 ഒക്‌ടോബറില്‍ നടക്കാന്‍ പോകുന്ന മൂന്നാം വത്തിക്കാന്‍ സൂനഹദോസ് സെക്രട്ടറിക്ക് അയച്ചിട്ടുണ്ട്. ഇതെല്ലാമറിയാവുന്ന ഇന്ത്യന്‍ മെത്രാന്മാര്‍ ഇന്നുവരെ ഒരു മറുപടിയും നല്‍കിയിട്ടില്ല.

'ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നുണ്ട്' എന്നു പറയുമ്പോലെ, കേരള കത്തോലിക്കാസഭയിലെ റീത്തുത്രയത്തിലും സഭ്യമല്ലാത്തതെന്തൊക്കെയോ സംഭവിക്കുന്നുണ്ട്. ഇപ്പോഴത്തെ നേതൃത്വം ഇവിടുത്തെ സഭയുടെ ശാപമായി മാറിയിരിക്കുന്നു. വിശ്വാസിസമൂഹത്തെ ഒന്നിപ്പിക്കേണ്ടവര്‍തന്നെ അതിനെതിരായി നിലകൊള്ളുന്നു. ഒന്നായി പുലരുന്ന കുടുംബത്തെത്തന്നെ പിളര്‍ത്തുന്നു. വിമര്‍ശനാത്മകമായതൊന്നും പരസ്പരം കേള്‍ക്കാനിടവരുത്താതിരിക്കുക എന്നതുമാത്രമാണ് ഇവിടെ റീത്തുകള്‍ തമ്മിലുള്ള സഭാ ഐക്യം. ഇതൊരു പുറംപൂച്ചു മാത്രമാണ്. വാസ്തവത്തില്‍ ഈ റീത്തുകള്‍ക്കിടയില്‍ മെത്രാന്മാരുടെ പൊതു നിഷ്‌ക്രിയത്വമല്ലാതെ യാതൊരൈക്യവുമില്ല. തമ്മില്‍ മത്സരിക്കുന്ന ഇവര്‍ ഇവിടുത്തെ രാഷ്ട്രീയക്കോമരങ്ങളെപ്പോലെ അധികാരത്തിനും പണത്തിനുംവേണ്ടി എന്ത് ഒത്തുതീര്‍പ്പിനും തയ്യാറാകും.

ഈ ഒക്‌ടോബറില്‍ കുടുംബഭദ്രതയ്ക്ക് ഊന്നല്‍ കൊടുത്ത് വത്തിക്കാനില്‍ നടക്കാനിരിക്കുന്ന  സിനഡിലും, കഴിഞ്ഞ തവണ സംഭവിച്ചതുപോലെ നാണംകെടുത്തുന്ന നിര്‍മ്മമതയും മൗനവുമാണോ ആധുനികലോകത്തിനുമുമ്പില്‍ ഇന്ത്യന്‍ മെത്രാന്മാര്‍ കാഴ്ചവയ്ക്കാന്‍ പോകുന്നത്? അങ്ങനെ

യെങ്കില്‍, കോട്ടയം രൂപതയിലെ ഈ നാറുന്ന രക്തശുദ്ധി വിഷയം കിടക്കപ്പായ്ക്കടിയിലേക്കു തള്ളപ്പെടുകയേയുള്ളൂ. ലോകത്തിനു മുഴുവന്‍ പകല്‍പോലെ വ്യക്തമായിരിക്കുന്ന സ്വവംശവിവാഹനിഷ്ഠയെന്ന ദുരാചാരം കണ്ടില്ലെന്നു നടിച്ചും തിരുത്താന്‍ മടിച്ചും ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണില്‍ തലപൂഴ്ത്തുന്ന ഇന്ത്യന്‍ മെത്രാന്മാരെക്കുറിച്ച്, 'കാപട്യമേ, ഇതോ നിങ്ങളുടെ പേര്' എന്ന് ലോകം അപഹസിക്കുകതന്നെ ചെയ്യും.  ലോകം മുഴുവന്‍ ചര്‍ച്ചചെയ്യുന്ന ഒരു വിഷയത്തെ ഇത്ര നിസ്സംഗരായി എങ്ങനെയാണ് നമ്മുടെ പരമപരിശുദ്ധ ഇടയന്മാര്‍ക്ക് അവഗണിക്കാനാവുന്നത്!

2013-ല്‍ത്തന്നെ 39 അതിപ്രധാന ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലിസ്റ്റ് മാര്‍പാപ്പാ മെത്രാന്മാര്‍ക്കു നല്‍കിയിരുന്നതാണ്. അതിന്റെ ഉത്തരങ്ങള്‍ ജനങ്ങളില്‍നിന്നു ശേഖരിച്ച് 2014-ലെ സിനഡില്‍ സമര്‍പ്പിക്കേണ്ടതായിരുന്നു.  എന്നാല്‍, ഇന്ത്യയിലെ രൂപതകളെല്ലാം അതു പാടേ അവഗണിക്കുകയാണു ചെയ്തത്. അക്ഷന്തവ്യമായ ഈ അലസതയില്‍ വേദനിച്ച് ശ്രീ ഛോട്ടെബായി (Chottebhai) Catholic Church Reform Internationalന്റെ സഹായത്തോടെ ഒരു പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഒരു സര്‍വ്വേക്കു തുടക്കമിട്ടെങ്കിലും, അതിന് പൂനെയിലുള്ള ഒരു രൂപതയില്‍ നിന്നുമാത്രമാണ് എന്തെങ്കിലും പ്രതികരണമുണ്ടായത്.

വെറും അഞ്ച് മാസമാണ് മൂന്നാം വത്തിക്കാന്‍ സിനഡിന് ഇനി ബാക്കിയുള്ളത്. സഭാനവീകരണത്തിനായി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന‘Catholic Church Reform International (CCRI)  എന്ന പ്രസ്ഥാനം, സിനഡിനു മാര്‍ഗ്ഗരേഖയായി തയ്യാറാക്കപ്പെട്ട രേഖ പഠനവിധേയമാക്കുകയും, തനതു നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സിനഡില്‍ സമര്‍പ്പിക്കുകയും ചെയ്യും. ഇതിനകംതന്നെ,  സിനഡംഗങ്ങള്‍ക്കു നല്‍കാനുള്ള പ്രതികരണരേഖ തയ്യാറാക്കി അയച്ചു കഴിഞ്ഞു. 
 ‘His Beatitude,‘His Grace എന്നൊക്കെ ഒരുളുപ്പുമില്ലാതെ അന്യോന്യം മേനി പറയുന്ന നമ്മുടെ 'അഭിഷിക്തര്‍' ഇത്തവണയും ചിത്രഭംഗിയുള്ള അങ്കികളിട്ട് കൈയും വീശി റോമില്‍ ചെല്ലുകയും അവിടെ സിനഡില്‍ മിണ്ടാമൂളികളായി കുത്തിയിരിക്കുകയും ചെയ്യാനാണ് ഭാവമെങ്കില്‍, ഭാരതസഭയ്ക്കുവേണ്ടി അവര്‍ക്ക് ഇപ്പോഴേ ചെയ്യാവുന്ന ഒന്നുണ്ട്-സ്ഥാന ത്യാഗംചെയ്ത് ദൈവജനത്തിന് അവര്‍ വരുത്തിവയ്ക്കുന്ന മാനഹാനിയും ദുരിതങ്ങളും ഒഴിവാക്കുകയെങ്കിലും ചെയ്യുക. അവരെക്കൂടാതെയും ഈ സഭ അതിജീവിക്കുമെന്നു മാത്രമല്ല, പോപ്പ് ബെനഡിക്റ്റ് വിട്ടൊഴിഞ്ഞ സ്ഥാനത്ത് പ്രഗത്ഭനും വിശുദ്ധനുമായ ഫ്രാന്‍സീസ് പാപ്പാ ഉദിച്ചുയര്‍ന്നതുപോലെ, ഭാരതത്തിലെ കത്തോലിക്കാസഭയിലും സംഭവിക്കും. 
ഈ സഭയിലേയ്ക്ക് യേശു വിനെ തിരിച്ചു വിളിക്കാന്‍, അവിടുത്തേക്കു വഴിയൊരുക്കാന്‍, കഴിവുള്ള അത്തരം വ്യക്തിത്വങ്ങള്‍ ഭാഗ്യവശാല്‍ ഇപ്പോള്‍ത്തന്നെ ഇവിടെയുണ്ട്. 

ഫോണ്‍: 9446219203

(ഇംഗ്ലീഷിലുള്ള ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഏപ്രില്‍ 24-ലെ 'അത്മായശബ്ദം'  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക)

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin