Wednesday 24 June 2015

മദര്‍ തെരേസയുടെ പിന്‍ഗാമി സിസ്‌റ്റര്‍ നിര്‍മല അന്തരിച്ചു

Story Dated: Wednesday, June 24, 2015 01:33

കൊല്‍ക്കത്ത: മദര്‍ തെരേസ സ്‌ഥാപിച്ച മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയുടെ മുന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്‌റ്റര്‍ നിര്‍മല (81) അന്തരിച്ചു. കൊല്‍ക്കത്തയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
ഏതാനും ദിവസങ്ങളായി ആരോഗ്യനില മോശമായി വരികയായിരുന്നെന്ന്‌ മിഷനറീസ്‌ ഓഫ്‌ ചാരിറ്റി അധികൃതര്‍ അറിയിച്ചു. മൃതദേഹം ഇന്ന്‌ രാവിലെ മദര്‍ ഹൗസില്‍ എത്തിക്കും. സംസ്‌കാരം വൈകിട്ട്‌ നാലിനു നടത്തും.
2009-ല്‍ സിസ്‌റ്റര്‍ മേരി പ്രേമയ്‌ക്കു സുപ്പീരിയര്‍ ജനറല്‍ സ്‌ഥാനം കൈമാറും വരെ മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയെ നയിച്ചത്‌ സിസ്‌റ്റര്‍ നിര്‍മലയാണ്‌.
മദര്‍ തെരേസയുടെ പിന്‍ഗാമിയായി 1997 മാര്‍ച്ച്‌ 13 നാണ്‌ സിസ്‌റ്റര്‍ നിര്‍മല സുപ്പീരിയര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്‌. സിസ്‌റ്റര്‍ നിര്‍മലയുടെ നിര്യാണത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി, പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ അനുശോചനം അറിയിച്ചു.
നേപ്പാള്‍ ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച നിര്‍മല ജോഷി പട്‌നയില്‍ കര്‍മ്മലീത്ത സന്യാസിനികള്‍ നടത്തിയിരുന്ന കോളജില്‍ പഠിക്കുന്നതിനിടെയാണ്‌ മദര്‍ തെരേസയുടെ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്‌ടയായത്‌. പിന്നീട്‌ മതപരിവര്‍ത്തനത്തിനു ശേഷം മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയില്‍ ചേരുകയായിരുന്നു.
രാഷ്‌ട്രമീമാംസയില്‍ മാസ്‌റ്റര്‍ ബിരുദവും നിയമ ബിരുദവും സിസ്‌റ്റര്‍ നിര്‍മലയ്‌ക്കുണ്ട്‌. മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയുടെ ആദ്യ വിദേശ ശാഖയ്‌ക്കായി മദര്‍ തെരേസ നിയോഗിച്ചതും സിസ്‌റ്റര്‍ നിര്‍മലയെയാണ്‌. 2009 ല്‍ രാജ്യം പദ്‌മ വിഭൂഷണ്‍ നല്‍കി ആദരിച്ചു.

 http://www.mangalam.com/print-edition/india/330228

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin