മൂന്നാര്‍: മൂന്നാറില്‍ ദേവികുളം താലൂക്കിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. പാപ്പാത്തിചോലയില്‍ കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ച് നീക്കി. ദേവികുളം തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുരിശ് പൊളിച്ച് നീക്കിയത്‌.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാപ്പത്തിചോലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സംഘത്തിന് നേരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതിനെ തുര്‍ന്നാണ് നടപടി. തടയാനെത്തിയവരെ പോലീസ് പിന്തിരിപ്പിച്ചിട്ടുണ്ട്. സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രതിഷേധക്കാര്‍ തടസ്സം സൃഷ്ടിച്ചു. ഇത് റവന്യൂ ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു.
ദേവികുളം താലൂക്കിലെ സി.പി.എം. ഉള്‍പ്പടെയുള്ള പ്രാദേശിക-രാഷ്ട്രീയ നേതാക്കളും ഭൂമി കൈയേറിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളും കൈയേറ്റങ്ങള്‍ക്ക് വ്യാജരേഖ ചമച്ച് കൊടുത്ത ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി കൈയേറ്റമൊഴിപ്പിക്കല്‍ തടയാന്‍ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സാമുദായിക ശക്തികളെ ഇളക്കിവിട്ട് കൈയേറ്റത്തെ നേരിടാനുള്ള ശ്രമവുമുണ്ട്.

അതിനാല്‍ വന്‍ പോലീസ് സന്നാഹവും പരിചയ സമ്പന്നരായ ഭൂസംരക്ഷണ സേനാംഗങ്ങളുടെ സഹായവും റവന്യൂവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പോലീസ് മേധാവി അത് അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍ 12-ന് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂസംഘത്തിന് നേരേ ആക്രമണം ഉണ്ടായിരുന്നു.
https://www.youtube.com/watch?v=Ygo7RyKGjN4