Saturday 29 April 2017

മഡഗാസ്കറില്‍ കപ്പൂച്ചിന്‍ വൈദികന്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 28-04-2017 - Friday
ആന്റനാനറീവോ: മഡഗാസ്കറിലെ അംബെഡ്രാണ അന്റ്സോഹിഹിയിലെ കപ്പൂച്ചിന്‍ ആശ്രമത്തില്‍ അതിക്രമിച്ച് കയറിയ സംഘം കപ്പൂച്ചിന്‍ വൈദികനെ കൊലപ്പെടുത്തി. 46 വയസ്സുകാരനായ ഫാദര്‍ ലൂസിയന്‍ ഞ്ചിവയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരു ഡീക്കന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മോഷണശ്രമത്തിനിടെയാണ് ആക്രമണം. മഡഗാസ്കറിലെ റേഡിയോ ഡോണ്‍ബോസ്കോയുടെ ഡയറക്ടറായ റവ. ഫാ. എറിക് നല്‍കിയ വിവരങ്ങള്‍ പ്രകാരം ഏജന്‍സിയ ഫിഡെസ് എന്ന മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഏപ്രില്‍ 22-നാണ് സംഭവം നടന്നത്. പുലര്‍ച്ചെ ഒരുമണിയോടടുത്ത് ആയുധധാരികളായ അഞ്ചോളം കവര്‍ച്ചക്കാര്‍ ആശ്രമത്തില്‍ പ്രവേശിക്കുകയും 26 വയസ്സുകാരനായ ജെറമി എന്ന ഡീക്കനെ ആക്രമിക്കുകയുമായിരിന്നു. ജെറമിയയുടെ കരച്ചില്‍ കേട്ട ഫാദര്‍ ലൂസിയന്‍ ഉടനടി സ്ഥലത്തെത്തിയെങ്കിലും കവര്‍ച്ചക്കാരുടെ തോക്കിനിരയാവുകയുമായിരുന്നു. മുറിവേറ്റ ഡീക്കനെ ഉടനെതന്നെ ആശുപത്രിയില്‍ എത്തിച്ചുവെന്ന് 'ഫിഡെസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 

അക്രമ സംഘത്തില്‍ ഉള്‍പ്പെടുന്നവര്‍ എന്നു സംശയിക്കപ്പെടുന്ന ഏതാനും പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആശ്രമത്തിലെ വലിയ മണി കവരുക എന്ന ഉദ്ദേശത്തോടെ ആയിരിക്കാം കവര്‍ച്ചക്കാര്‍ ആശ്രമത്തില്‍ പ്രവേശിച്ചതെന്ന് കരുതപ്പെടുന്നു.
ഇത് ഉരുക്കി കരിഞ്ചന്തയില്‍ വില്‍ക്കാനുള്ള ശ്രമമാണ് നടന്നത്. ഇതിനു മുന്‍പ് വിശുദ്ധ വാരത്തിലും സമാനമായ ആക്രമണ ശ്രമം ഇവിടെ നടന്നിരുന്നു. പുരോഹിതരുടെ അവസരോചിതമായ ഇടപെടല്‍ മൂലം ഈ ശ്രമം വിഫലമാകുകയായിരിന്നു. 

മഡഗാസ്കറിലെ കത്തോലിക്കാ ദേവാലയങ്ങളിലും, കോണ്‍വെന്റുകളിലും അരങ്ങേറുന്ന കവര്‍ച്ചാ ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുതിയ സംഭവം. ഇതിന് മുന്‍പ് ഏപ്രില്‍ 1-ന് 'നോട്രെ ഡെയിം' സിസ്റ്റേഴ്സിന്റെ ഒരു കോണ്‍വെന്റിലും സമാനമായ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ചില കന്യാസ്ത്രീകള്‍ക്ക് ലൈംഗീക ചൂഷണത്തിന് ഇരയായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരിന്നു. 

പ്രാദേശിക മാധ്യമങ്ങളിലെ വാര്‍ത്തകള്‍ അനുസരിച്ച് അഞ്ചാഴ്ചകള്‍ക്കുള്ളില്‍ നാലോളം വിവിധ കോണ്‍വെന്റുകളാണ് ആക്രമിക്കപ്പെട്ടിട്ടുള്ളത്‌. രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികെയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാറിന്റേയും, പോലീസിന്റേയും അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
http://pravachakasabdam.com/index.php/site/news/4766

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin