റോം: ത്യാഗത്തിന്റെയും ഉയിര്‍പ്പിന്റെയും സ്മരണയില്‍ ലോകമെങ്ങും ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശു ലോകത്തിനു നല്‍കിയ വെളിച്ചത്തെ പ്രതിനിധീകരിക്കുന്ന മെഴുകുതിരി വെളിച്ചം തെളിച്ച് ലോകമെങ്ങും വിശ്വാസികള്‍ ഈസ്റ്ററിനെ വരവേറ്റു. 
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പോപ്പ് ഫ്രാന്‍സിസ് കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ ബസലിക്കയില്‍ എത്തിച്ചേര്‍ന്നു. ദുരിതമനുഭവിക്കുന്നവര്‍ക്കും സ്ത്രീകള്‍ക്കും അഭയാര്‍ഥികള്‍ക്കും തണലാവണമെന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
ദാരിദ്ര്യം, ചൂഷണത്തിന്റെയും ക്രൂരതയുടെയും ഫലമായുള്ള തീരാദുഃഖം ഇന്ന് നിരവധി സ്ത്രീകളുടെ മുഖത്ത് നാം കാണുന്നുണ്ട്. രാജ്യം നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവന്നവരും കുടുംബവും വീടും നഷ്ടപ്പെട്ടവരും അക്കൂട്ടത്തിലുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തിക്കേണ്ട ചുമതല നമുക്കെല്ലാമുണ്ടെന്നും അദ്ദേഹം ഈസ്റ്റര്‍ ദിനത്തില്‍ അദ്ദേഹം പറഞ്ഞു.