Thursday 20 April 2017

വിശുദ്ധ കുര്‍ബാനയുടെ അത്ഭുതകരമായ ശക്തിയെ പറ്റി വിശുദ്ധരുടെ 13 വാക്യങ്ങള്‍

സ്വന്തം ലേഖകന്‍ 02-02-2017 - Thursday
പാസ്റ്ററുമാരുടെ പാസ്റ്റര്‍ എന്നറിയപ്പെടുന്ന പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിലെ ബെന്നി ഹിന്‍ വിശുദ്ധ കുര്‍ബാനയുടെ മഹത്വത്തെ പറ്റി അടുത്തിടെ നടത്തിയ പ്രഭാഷണം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിന്നുവല്ലോ. കത്തോലിക്ക സഭയില്‍ വിശുദ്ധ കുര്‍ബാന വഴിയായി വലിയ അത്ഭുതങ്ങളാണ് സംഭവിക്കുന്നതെന്ന്‍ ബെന്നി ഹിന്‍ തന്റെ പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു. അതുപോലെ പ്രൊട്ടസ്റ്റന്‍റ് സഭകളുടെ തകര്‍ച്ചക്ക് കാരണവും വിശുദ്ധ കുര്‍ബാനയുടെ അഭാവമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. 

ഓരോ ദിവസവും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ 5 ലക്ഷത്തോളം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. ഓരോ ബലിയിലും നാം പങ്കെടുക്കുമ്പോഴും വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യവും പവിത്രതയും നാം മനസ്സിലാക്കിയിട്ടുണ്ടോയെന്ന് വിചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്. വിശുദ്ധ കുര്‍ബാനയുടെ പവിത്രതയും പ്രാധാന്യവും സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ഏതാനും വിശുദ്ധരുടെ വാക്കുകളാണ് ഇനി നാം ധ്യാനിക്കുന്നത്. 

1) “വിശുദ്ധ കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ചു എണ്ണമറ്റ മാലാഖമാരാല്‍ ദേവാലയം നിറയും” 
– വിശുദ്ധ ജോണ്‍ ക്രിസോസ്തോം. 

2) “വിശുദ്ധ കുര്‍ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദം കൊണ്ട് മരിക്കും” 
– വിശുദ്ധ ജോണ്‍ മരിയ വിയാന്നി. 

3) “പുരോഹിതന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ മാലാഖമാര്‍ അവനു ചുറ്റും കൂടുകയും അവനെ സഹായിക്കുകയും ചെയ്യും.” 
– വിശുദ്ധ അഗസ്റ്റിന്‍. 

4) “സൂര്യനുദിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയിലെങ്കിലും എനിക്ക് ഓര്‍ക്കാന്‍ കഴിയും. എന്നാല്‍ വിശുദ്ധ കുര്‍ബാന ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയില്‍ പോലും ഓര്‍ക്കാന്‍ കഴിയില്ല” 
– വിശുദ്ധ പാദ്രെ പിയോ. 

5) “മരണശേഷം ആത്മാവിന്റെ ആശ്വാസത്തിനു വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനേക്കാള്‍ നേട്ടകരമാണ് ആളുകള്‍ തങ്ങളുടെ ജീവിതകാലത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്.” 
– ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പാ. 

6) “ഈ ലോകത്തെ മുഴുവന്‍ നന്മപ്രവര്‍ത്തികളും ഒരു വിശുദ്ധ കുര്‍ബ്ബാനക്ക് പകരമായി വെക്കുക; ആ നന്മകള്‍ വിശുദ്ധ കുര്‍ബാന എന്ന പര്‍വ്വതത്തിനു മുമ്പിലെ മണല്‍തരിക്ക്‌ സമമായിരിക്കും”. 
– വിശുദ്ധ ജോണ്‍ മരിയ വിയാനി. 

7) “ജീവിക്കുന്ന ദൈവത്തിന്റെ മകനായ യേശു അള്‍ത്താരയിലെ പുരോഹിതന്റെ കയ്യിലായിരിക്കുമ്പോള്‍ സ്വര്‍ഗ്ഗം ആഹ്ലാദിക്കട്ടെ. ആരാധനയുടെ ഔന്നത്യവും എളിമയുടെ ആശ്ചര്യവും വിനയത്തിന്റെ കൊടുമുടിയുമായ ലോകത്തിന്റെ നാഥന്‍, നമ്മുടെ രക്ഷയ്ക്കായി ഒരു കഷണം അപ്പത്തില്‍ സന്നിഹിതനായിരിക്കുവാന്‍ മാത്രം എളിമയുള്ളവനായി.” 
– അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസ്‌. 

8) “വിശുദ്ധ കുര്‍ബ്ബാന വഴി ലഭിക്കുന്ന അനുഗ്രഹങ്ങളെ എണ്ണുവാന്‍ മനുഷ്യ നാവുകള്‍ക്ക് സാധ്യമല്ല. പാപി ദൈവവുമായി അനുരജ്ഞനത്തിലാകുന്നു; നീതിമാന്‍ കൂടുതല്‍ നീതിനിഷ്ഠനാകുന്നു; പാപങ്ങള്‍ വേരോടെ പിഴുതെറിയപ്പെടുന്നു; നന്മകളും യോഗ്യതകളും വര്‍ദ്ധിക്കുന്നു; ഒപ്പം പിശാചിന്റെ പദ്ധതികള്‍ തകര്‍ക്കപ്പെടുന്നു.” 
- വിശുദ്ധ ലോറന്‍സ്‌ ജെസ്റ്റീനിയന്‍. 

9) “പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നമുക്ക്‌ പലതും അസാധാരണമായി അനുഭവപ്പെടും.അത് ആനന്ദം, സുഗന്ധം, ശരീരത്തെ ത്രസിപ്പിക്കുന്ന ഒരു ഉന്മേഷം ഇവയില്‍ ഏതുമാകാം” 
– വിശുദ്ധ ജോണ്‍ മരിയ വിയാനി. 

10) “വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും അസഖ്യം മാലാഖമാര്‍ ഇറങ്ങി വരികയും ചെയ്യും”. 
– മഹാനായ വിശുദ്ധ ഗ്രിഗറി. 

11) “വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ പോകുന്ന ഒരാത്മാവിനെ അകമ്പടി സേവിക്കുന്ന കാവല്‍ മാലാഖ എത്രയോ ഭാഗ്യവാന്‍” 
– വിശുദ്ധ ജോണ്‍ മരിയ വിയാന്നി. 

12) “ക്രിസ്ത്യാനികളെ അറിയുക, വിശുദ്ധ കുര്‍ബാന ഏറ്റവും വിശുദ്ധമായ പ്രവര്‍ത്തിയാകുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതിനേക്കാള്‍ അധികമായി ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി ഒന്നും തന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുകയില്ല, നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.” 
– വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്‌. 

13) “വിശുദ്ധ കുര്‍ബാനയുടേതല്ലാതാകുന്ന ആ നിമിഷം തന്നെ, മുഴുവന്‍ ലോകവും അഗാധഗര്‍ത്തത്തില്‍ പതിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.” 
– പോര്‍ട്ട്‌ മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ്‌. 

വിശുദ്ധ കുര്‍ബാനയുടെ മഹത്വം സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ഈ വിശുദ്ധരെ പോലെ ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയില്‍ നമ്മുക്ക് ആഴപ്പെടാം. ജീവിക്കുന്ന യേശുവിന്റെ നിറസാന്നിധ്യം ഓരോ തവണയും നാം ഹൃദയത്തിലേക്ക് സ്വീകരിക്കുമ്പോഴും അവിടുത്തെ ആത്മാവിനാല്‍ പുതിയ സൃഷ്ട്ടികളാക്കി മാറ്റണമെയെന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം. 
http://pravachakasabdam.com/index.php/site/news/4032

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin