Thursday 20 April 2017

ഗോവധം നിരോധിക്കാം. പക്ഷെ വേദങ്ങളിലെ ചരിത്രം...! (ജോസഫ് പടന്നമാക്കല്‍)

http://www.emalayalee.com/varthaFull.php?newsId=141114
EMALAYALEE SPECIAL  15-Apr-2017
സനാതനകാലം മുതല്‍ ഹിന്ദുമതം പശുവിനെ ഒരു വിശുദ്ധ മൃഗമായി ആദരിച്ചു വരുന്നു. ഭക്ത ജനങ്ങള്‍ക്ക് 'പശു' ഒരു ദേവിയും അമ്മയുമാണ്. തീര്‍ച്ചയായും മതത്തിന്റെ ശ്രീകോവിലില്‍നിന്നുമുള്ള ഈ ചിന്താഗതികളെ നാം ആദരിക്കണം. രാഷ്ട്രീയക്കാര്‍ അത്തരം വീക്ഷണങ്ങളെ ചരിത്രവുമായി ബന്ധിപ്പിക്കുമ്പോഴാണ് മതത്തിലുള്ള വിശ്വാസങ്ങളുടെ വാസ്തവികതയെ ചോദ്യം ചെയ്യേണ്ടി വരുന്നത്. ഇത്തരം ആചാരങ്ങള്‍ക്ക് ചരിത്രപരമായ ബന്ധമോ നീതികരണമോ ഉണ്ടായിരിക്കില്ല. മതവും രാഷ്ട്രീയവും അനുയായികളെ ചൂഷണം ചെയ്യുന്നതല്ലാതെ അവരുടെ കപടവിശ്വാസങ്ങളെ വെളിച്ചത്തു കൊണ്ടുവരാന്‍ അനുവദിക്കില്ല. ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസ്സറും ചരിത്രകാരനുമായ ഡി.എന്‍.ജ്ജാ (D.N.Jh) വേദങ്ങളിലുള്ള വിശുദ്ധ പശുക്കളെപ്പറ്റി നിരൂപണ രൂപേണ പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ വധ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. പുരാതന ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും ബീഫ് കഴിക്കുമായിരുന്നുവെന്ന ഗവേഷണങ്ങളാണ് പ്രൊഫസര്‍ ഡി.എന്‍. ജജായുടെ ഗ്രന്ഥത്തിലുള്ളത്. ബീഫ് കഴിക്കരുതെന്നുള്ള വിശ്വാസത്തിനെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍ അത് മതനിന്ദയുമാകും.

ഹിന്ദുക്കള്‍ പൗരാണിക കാലങ്ങളില്‍ മാട്ടിറച്ചി കഴിച്ചിരുന്നുവോ ? ചാതുര്‍ വര്‍ണ്യത്തില്‍ തൊട്ടുകൂടാ ജാതികളെന്നും തൊടാവുന്ന ജാതികളെന്നും രണ്ടു വിഭാഗങ്ങളായി മനുഷ്യരെ തരം തിരിച്ചിട്ടുണ്ട്. തൊടാവുന്ന ജാതികളായ ബ്രാഹ്മണര്‍ ഒരു കാലത്തും മാട്ടിറച്ചി കഴിച്ചിട്ടില്ലെന്നു പറയും. ഒരു പക്ഷെ അവരുടെ അവകാശവാദം ശരിയായിരിക്കാം. ഒരു കാലഘട്ടത്തിലും സവര്‍ണ്ണ ഹിന്ദുക്കള്‍ മാട്ടിറച്ചി കഴിച്ചിട്ടില്ലായിരിക്കാം! ഇങ്ങനെ തൊട്ടു ജീവിക്കാവുന്ന ഹിന്ദുക്കള്‍ അവകാശവാദം പുറപ്പെടുവിക്കുന്നെങ്കില്‍ യുക്തിവാദത്തിന്റെ പേരില്‍ എതിര്‍ക്കേണ്ട ആവശ്യമില്ല. പക്ഷെ ജ്ഞാനിയായ ഒരു ബ്രാഹ്മണന്‍ ഹിന്ദുക്കള്‍ മാട്ടിറച്ചി കഴിക്കാതിരിക്കുക മാത്രമല്ല അവര്‍ എക്കാലവും പശുവിനെ വിശുദ്ധമായി കരുതിയിരുന്നുവെന്നും പശുവിനെ കൊല്ലുന്നത് എതിര്‍ത്തിരുന്നുവെന്നും പറയുമ്പോഴാണ് സമ്മതിക്കാന്‍ സാധിക്കാത്തത്.

സസ്യാഹാര രീതി ഒമ്പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ ഹിന്ദുക്കളുടെയിടയില്‍ വ്യാപിച്ചുവെന്നു അനുമാനിക്കുന്നു. വിശിഷ്ടാതിഥികള്‍ വരുമ്പോള്‍ അവര്‍ക്ക് മാട്ടിറച്ചി ഒരു വിശേഷ ഭക്ഷണമായി വിളമ്പിയിരുന്നു. പൗരാണിക വേദ വാക്യങ്ങളില്‍ മാട്ടിറച്ചി തിന്നാമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും ആധുനിക വ്യാജ ചരിത്രകാരന്മാര്‍ സത്യത്തെ അംഗീകരിക്കാന്‍ തയാറാവുകയില്ല. വേദങ്ങളിലും പുരാണങ്ങളിലും പശുവധം സംബന്ധിച്ച ന്യായികരണങ്ങള്‍ കണ്ടാല്‍ അത് ബ്രിട്ടീഷുകാര്‍ തിരുത്തിയതെന്നു പറയും. എന്നാല്‍ അറിവും പാണ്ഡിത്യവുമുള്ളവര്‍ വേദകാലം മുതല്‍ ബ്രാഹ്മണര്‍ ഇറച്ചി കഴിച്ചിരുന്നുവെന്ന സത്യത്തെ അംഗീകരിച്ചിട്ടുമുണ്ട്.

സ്വാമി വിവേകാനന്ദനെ ഹൈന്ദവ നവോധ്വാനത്തിന്റെ മഹാപ്രതിഭയായി കരുതുന്നു. അദ്ദേഹം പൗരാണിക ഹിന്ദുക്കള്‍ മാംസം കഴിച്ചിരുന്നുവെന്ന് അംഗീകരിച്ചിട്ടുള്ളതാണ്. വിവേകാനന്ദന്‍ പറഞ്ഞു, "ഞാന്‍ ഒരു സത്യം പറയുകയാണെങ്കില്‍ വേദകാലത്തുണ്ടായിരുന്നവര്‍ നല്ല ഹിന്ദുക്കളല്ലായിരുന്നുവെന്ന്, നിങ്ങള്‍ പറയും. പഴയ ആചാരങ്ങളില്‍ ഹിന്ദുക്കള്‍ മാടിനെ ബലിയര്‍പ്പിക്കുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു." ഇന്ത്യയില്‍ ഒരു കാലത്ത് മാട്ടിറച്ചി തിന്നാത്തവനെ ബ്രാഹ്മണനായി കണക്കാക്കില്ലായിരുന്നു. ഹിന്ദു വേദങ്ങളിലെ തെളിവുകളില്‍ അത് സ്ഥിതികരിക്കുന്നുണ്ട്. 'ഹിന്ദു മതത്തിലുള്ളവര്‍ മാട്ടിറച്ചി തിന്നുക മാത്രമല്ല അവരുടെ അനുയായികള്‍ മാടിനെ ദൈവങ്ങള്‍ക്ക് ബലിയുമര്‍പ്പിച്ചിരുന്നു.' (വിവേകാനന്ദന്‍ ഗ്രന്ഥം) 

വേദങ്ങളിലെ ആര്യന്മാര്‍ ആടുകളെയും മാടുകളെയും മേയ്ച്ചു നടന്നിരുന്ന നാടോടികളായിരുന്നു. കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന കന്നുകാലികളെ അവര്‍ ദൈവത്തിനു കാഴ്ച വെക്കുമായിരുന്നു. ഒരാളിന്റെ ധനം നിശ്ചയിച്ചിരുന്നത് കന്നുകാലികളുടെ എണ്ണത്തിലായിരുന്നു. ദൈവങ്ങളില്‍ ഇന്ദിരന് കാളയിറച്ചിയായിരുന്നു പ്രിയമായിരുന്നത്. അഗ്‌നി ദേവന് കാളയും പശുവും ഇഷ്ടമായിരുന്നു. മാരുതി ദേവനും അശ്വിന്‍ ദേവനും പശു ഇറച്ചി ബലിയായി അര്‍പ്പിക്കുമായിരുന്നു. ഋഗ് വേദത്തില്‍ (X.72.6) പശുക്കളെ വാളുകൊണ്ടോ കോടാലി കൊണ്ടോ കൊന്നിരുന്നുവെന്നും പരാമര്‍ശിച്ചിട്ടുണ്ട്. തൈത്രിയ ബ്രാഹ്മണയില്‍ ദൈവങ്ങള്‍ക്ക് ബലികൊടുക്കാന്‍ ലക്ഷണമൊത്ത കാളകളെയും പശുക്കളെപ്പറ്റിയും വിവരിച്ചിട്ടുണ്ട്. പൊക്കം കുറഞ്ഞ കാളകളെ വിഷ്ണുവിന് ബലി അര്‍പ്പിക്കുന്നു. കൊമ്പുള്ള കാള ഇന്ദിരനും കറുത്ത പശു പുഷനും ചുവന്ന പശു രുദ്രനുമുള്ള ബലി മൃഗങ്ങളാണ്. 'ഒരാള്‍ മരിച്ചാല്‍ ഒരു മൃഗത്തെയും ഒപ്പം കൊല്ലണമെന്നുള്ളത്' പുരാതന ഇന്‍ഡോ ആര്യന്മാരിലെ ആചാരമായിരുന്നു. ഗ്രഹസൂത്രയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം കത്തിക്കുന്നതിനു മുമ്പ് കൊന്ന മൃഗത്തിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷ്ഠിക്കുന്ന മാമൂലുകളുമുണ്ടായിരുന്നു.

മഹാഭാരതത്തില്‍ 'രണ്ടിദേവ' എന്ന രാജാവിനെപ്പറ്റിയുളള പരാമര്‍ശമുണ്ട്. അദ്ദേഹം ധാന്യങ്ങളും മാട്ടിറച്ചിയും ബ്രാഹ്മണര്‍ക്ക് വിതരണം ചെയ്തതു വഴി പ്രസിദ്ധനായിരുന്നുവെന്നും വിവരിച്ചിട്ടുണ്ട്. തത്രിയാ ബ്രാഹ്മണന്മാരുടെ ശ്ലോകം , 'അതോ അന്നം വയ ഗൗ' ; പശു ഭക്ഷണമാകുന്നുവെന്നാണ്. ബ്രാഹ്മണരുടെ ഗ്രന്ഥങ്ങളില്‍ മാട്ടിറച്ചി തിന്നിരുന്നുവെന്ന തെളിവുകളുണ്ട്. മാട്ടിറച്ചി തിന്നരുതെന്നു മനുസ്മൃതിയിലും സൂചിപ്പിച്ചിട്ടില്ല.

ആരോഗ്യരക്ഷ സംബന്ധിച്ച ഗ്രന്ഥമായ 'ചാരക സംഹിതയില്‍' പശുവിന്റെ പച്ചമാംസം നാനാവിധ രോഗ നിവാരണങ്ങള്‍ക്കുള്ള മരുന്നായും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പശുവിന്റെ മാംസവും എല്ലുംകൂട്ടി തിളപ്പിച്ചു സൂപ്പാക്കി ഔഷധമായി കുടിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടെ കൂടെ വരുന്ന പനിയും ചുമയും ഇല്ലാതാകാന്‍ പശുവിറച്ചി നല്ലതെന്നും മാംസത്തിലെ നെയ്യ് വാതരോഗങ്ങള്‍ ശമിക്കാന്‍ ഉത്തമമെന്നും ഗ്രന്ഥത്തിലുണ്ട്.

അര്‍ത്ഥ ശാസ്ത്രത്തില്‍ പാലു കറക്കാത്ത പശുവിന്റെ മാംസം കഴിക്കുന്നത് നിയമപരമെന്ന് ലിഖിതപ്പെടുത്തിയിട്ടുണ്ട്. അറവുശാലകളില്‍ അറക്കപ്പെടാതെ സ്വാഭാവികമായി ചത്തു പോകുന്ന കന്നുകാലികളുടെ മാംസം തിന്നുകയും ഇറച്ചി ഉണക്കി വില്‍ക്കുകയും ചെയ്തിരുന്നു. ഹിന്ദു മതത്തില്‍ പോത്തിന്റെയും എരുമയുടെയും ഇറച്ചി തിന്നുന്നതില്‍ ഒരിക്കലും വിലക്കുണ്ടായിരുന്നില്ല. രാഷ്ട്രീയക്കളരികളില്‍ പശുക്കളെ കൊല്ലുന്നതില്‍ വിലക്ക് നല്‍കുന്നത് രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ കാരണമാകും. തീവ്രവാദികളായ ഹിന്ദുക്കളുടെ മദ്ധ്യകാല ചിന്തകളെ പരിഷ്കൃതലോകം പരിഹസിക്കുകയും ചെയ്യുന്നു. 

പുരാണങ്ങളായ രാമായണമോ മഹാഭാരതമോ സസ്യാഹാരം പാലിക്കണമെന്ന് പഠിപ്പിക്കുന്നില്ല. വാസ്തവത്തില്‍ രണ്ടു പുരാണങ്ങളിലും മാംസം സാധാരണ ഭക്ഷണമായിരുന്നുവെന്ന സൂചനകളുമുണ്ട്. ഈ ഗ്രന്ഥങ്ങളുടെ പേരില്‍ വലിയ വാദ വിവാദങ്ങള്‍ നടക്കുന്നുമില്ല. ശ്രീരാമന്‍ മാനിനെയും കാട്ടുപന്നികളെയും കൃഷ്ണ മൃഗങ്ങളെയും കാട്ടില്‍ താമസിച്ചിരുന്ന നാളുകളില്‍ കൊന്നു തിന്നതായി രാമായണത്തെ അടിസ്ഥാനമാക്കി ശ്രീ ആനന്ദ ഗുരുജി എഴുതിയ ഗ്രന്ഥത്തിലുണ്ട്. ഇന്ത്യയിലെ ആര്യന്മാര്‍ സസ്യാഹാരികള്‍ ആയിരുന്നില്ല. രാമായണത്തിലെ ഭരതന്‍ നല്‍കിയ പാര്‍ട്ടിയില്‍ മത്സ്യവും മാംസവും നല്‍കിയതായി വിവരിച്ചിട്ടുണ്ട്. മാംസം ശ്രീരാമനും സീതയും വളരെ സ്വാദോടെ തിന്നതായി രാമായണത്തില്‍ ഒരു ശ്ലോകവുമുണ്ട്. 'മാംസവുമായി രാമന്‍ ഒരു പാറപുറത്തിരുന്നുകൊണ്ടു പറയുന്നു, "സീത, ഈ ഇറച്ചി തിന്നാന്‍ വളരെ രുചിയുള്ളതാണ്. ഇപ്പോള്‍ തീയില്‍ ചുട്ടതേയുള്ളൂ." ഭരദ്വാജായുടെ വാസസ്ഥലത്തില്‍ ഭരതന്റെ പട്ടാളക്കാര്‍ക്ക് വേട്ടയാടി കിട്ടിയ ആടിന്റേയും മാടിന്റെയും മയിലുകളുടെയും ഇറച്ചികളും നല്‍കിയിരുന്നു. കുംഭകര്‍ണ്ണന്‍ ആടുമാടുകളുടെയും പന്നികളുടെയും ഇറച്ചി ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്തിരുന്നു. 

സസ്യാഹാരം മാത്രം കഴിച്ചുകൊണ്ടല്ല ആദി ബ്രാഹ്മണര്‍ ജീവിച്ചിരുന്നത്. പിന്നീടുള്ള കാലങ്ങളിലാണ് സസ്യാഹാരം ബ്രാഹ്മണര്‍ അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമായി കരുതാന്‍ തുടങ്ങിയത്. സസ്യാഹാരം ആദ്ധ്യാത്മികതയുടെ ഭാഗമായി കരുതുന്നുണ്ടെങ്കിലും ഋഷിവര്യം സ്വീകരിച്ചവരായ ബ്രാഹ്മണര്‍ പോലും സസ്യാഹാരികളായിരുന്നില്ല. അഗസ്ത്യ മുനിയും വസിഷ്ട മുനിയും മാംസം കഴിച്ചിരുന്നു. ഇന്നും ബ്രാഹ്മണരായ കാശ്മീര്‍ പണ്ഡിറ്റുകള്‍ മാംസാഹാരികളാണ്. 

ബുദ്ധന്റെ കാലത്ത് ബ്രാഹ്മണര്‍ സസ്യാഹാരം പാലിച്ചിരുന്നതായി യാതൊരു തെളിവുകളുമില്ല. വേദങ്ങളുടെ കാലത്തുള്ള മൃഗബലി ഇന്നും തുടരുന്നു. ബ്രാഹ്മണരുടെ മൃഗബലികളെപ്പറ്റി ബുദ്ധന്മാരുടെ പാളി കാനോനയിലുള്ള തിപിടകയില്‍ (tipitaka) രേഖപ്പെടുത്തിയിട്ടുണ്ട്. ഏതെല്ലാം മാസത്തില്‍ മൃഗങ്ങളെ കൊല്ലാമെന്നും കൊല്ലരുതെന്നും വിനായകയില്‍ എഴുതിയിരിക്കുന്നു. കാമസൂത്രയില്‍ പട്ടിയിറച്ചി ഒരുവന്റെ പൗരുഷവും ഉത്ഭാദന ശേഷിയും വര്‍ധിപ്പിക്കുമെന്നും എഴുതിയിട്ടുണ്ട്. എന്നാല്‍ നല്ല കരുത്തുള്ളവരും വിവേചന ബുദ്ധിയുള്ളവരും അമിതമായി മാംസം കഴിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഹൈന്ദവ ജനവിഭാഗങ്ങളുടെ പൂര്‍വികര്‍ മാംസം കഴിച്ചിരുന്നുവെന്ന് സംശയാതീതമായി തെളിയിക്കാന്‍ സാധിക്കും. 

കാര്‍ഷിക പുരോഗതി കൈവരിച്ചതോടെ മൃഗങ്ങളുടെ ബലിയിലും മാറ്റങ്ങള്‍ വന്നു. അക്കാലത്ത് ബ്രാഹ്മണരെ തിരിച്ചറിഞ്ഞിരുന്നതും മൃഗങ്ങളുടെ ബലികളില്‍ക്കൂടിയായിരുന്നു. മൃഗബലികളെ ബുദ്ധമത അനുയായികള്‍ എതിര്‍ത്തിരുന്നു. അഞ്ചൂറുവീതം കാളകളെയും കാളക്കിടാക്കളെയും പശുക്കിടാക്കളെയും ആടുകളെയും മരത്തില്‍കെട്ടി ബ്രാഹ്മണര്‍ ബലിയര്‍പ്പിച്ചിരുന്നു. മൃഗബലികളോടെയുള്ള അശ്വമേധവും, പുരുഷമേധവും നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കില്ലെന്നു ബുദ്ധ മതത്തിലെ പ്രാചീന ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അശോക മഹാരാജാവ് ബുദ്ധമതത്തില്‍ ചേര്‍ന്ന ശേഷവും മാംസാഹാരം ഉപേക്ഷിച്ചില്ലായിരുന്നു. രാജകീയ അടുക്കളയില്‍ മൃഗങ്ങളെ കൊല്ലുന്നതു നിയന്ത്രിക്കുക മാത്രമേ ചെയ്തുള്ളൂ. ബുദ്ധമതക്കാരുടെ ആവീര്‍ഭാവത്തോടെ ബ്രാഹ്മണരുടെ സാമൂഹിക സംസ്കാരങ്ങളെ വിലമതിക്കാതെയായി. താണ ജാതികള്‍ ബുദ്ധമതത്തില്‍ ചേരാന്‍ തുടങ്ങി. ശങ്കരന്റെ കാലം വന്നപ്പോള്‍ തത്ത്വ ചിന്തകളില്‍ക്കൂടി ബ്രാഹ്മണരുടെ സാമൂഹിക സംസ്ക്കാരത്തെ പ്രകീര്‍ത്തിക്കാന്‍ ആരംഭിച്ചു. കന്നുകാലി സമ്പത്ത് കൃഷിയാവശ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്തണമെന്ന ബുദ്ധ മതത്തിന്റെ തത്ത്വം ബ്രാഹ്മണരും സ്വീകരിക്കാന്‍ തുടങ്ങി. അങ്ങനെ ബ്രാഹ്മണിസത്തിനു ബുദ്ധമതത്തെ താത്ത്വീക ചിന്തകളില്‍ക്കൂടി ഇന്ത്യയില്‍നിന്നും തുടച്ചുമാറ്റാന്‍ സാധിച്ചു. അഹിംസയും മൃഗസംരക്ഷണവും കരുണയുടെ പേരില്‍ ബുദ്ധമതക്കാര്‍ തിരഞ്ഞെടുത്തപ്പോള്‍ ബ്രാഹ്മണര്‍ അത് വെറും പ്രതീകാത്മകമായി (Symbolism) പിന്തുടര്‍ന്നു. ബുദ്ധന്മാരുടെ അഹിംസാ സിദ്ധാന്തത്തെ എതിര്‍ത്തിരുന്ന ബ്രാഹ്മണരില്‍ നവീകരിച്ച ബ്രാഹ്മണിസം മനഃപരിവര്‍ത്തനമുണ്ടാക്കുകയും ചെയ്തു.

ഹിന്ദുക്കള്‍ മാട്ടിറച്ചി തിന്നിരുന്നതായി ബുദ്ധന്മാരുടെ വേദസൂതങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ട്. ബുദ്ധസൂതങ്ങള്‍ എഴുതിയതെല്ലാം വേദങ്ങളുടെ ആവിര്‍ഭാവത്തിനു ശേഷമാണ്. ബുദ്ധന്‍ പറഞ്ഞിരിക്കുന്നു, "ബ്രാഹ്മണരെ, നിങ്ങളുടെ ബലികളില്‍ ആട്,മാട്, കാളകള്‍ പന്നികള്‍ ഇത്യാദി മൃഗങ്ങളെയോ പക്ഷികളെയോ ജീവനുള്ള ഒന്നിനേയോ കൊല്ലരുത്. ബലിക്കായി മരങ്ങള്‍ മുറിക്കരുത്. അടിമകളെ ഉപദ്രവിക്കുകയോ, വടികള്‍ വീശി ഓടിച്ചു ഭയപ്പെടുത്തുകയോ അരുത്. വിങ്ങിപ്പൊട്ടുന്ന ദുഖങ്ങളോടെയും ചേതനയറ്റ മുഖ ഭാവങ്ങളോടെയും കണ്ണുനീരോടെയും അവരെ ജോലി ചെയ്യിപ്പിക്കരുത്. അടിമകളോടും മൃഗങ്ങളോടും സ്‌നേഹമായി പെരുമാറണം."

മൃഗബലിക്കായി തയ്യാറായി നിന്ന ഒരു ബ്രാഹ്മണന്‍ ബുദ്ധഭഗവാനോട് പറയുന്നു, "ഗൗതമ! അങ്ങയുടെ മാര്‍ഗം ഞാനും സ്വീകരിക്കുന്നു. എന്നെ അങ്ങയുടെ ശിക്ഷ്യനായി സ്വീകരിച്ചാലും. എനിക്കുള്ള എഴുന്നൂറു കാളകളെയും എഴുന്നൂറു മൂരിക്കിടാങ്ങളെയും എഴുന്നൂറു പശുക്കുട്ടികളെയും, എഴുന്നൂറു ആടുകളെയും എഴുന്നൂറു മുട്ടനാടുകളെയും ബലിയില്‍നിന്ന് സ്വതന്ത്രമാക്കുന്നു. കൊല്ലാതെ അവയുടെ ജീവന്‍ നിലനിര്‍ത്തുന്നു. ശുദ്ധമായ വെള്ളം കുടിച്ചും പ്രകൃതിയുടെ വായു ശ്വസിച്ചും പര്‍വത നിരകളിലെയും താഴ്വരകളിലെയും പുല്ലുകള്‍ തിന്നും ഇന്നുമുതല്‍ അവകള്‍ സ്വച്ഛന്ദം സഞ്ചരിക്കട്ടെ. സ്വതന്ത്രമായി മേഞ്ഞു നടക്കാനും അനുവദിക്കുന്നു." 

ബ്രാഹ്മിണിസം വര്‍ണ്ണാശ്രമ ധര്‍മ്മത്തെ നിയന്ത്രിച്ചിരുന്നതുകൊണ്ട് മുഗളന്മാരിലെ ആദ്യത്തെ ചക്രവര്‍ത്തിയായിരുന്ന 'ബാബര്‍' തന്റെ മരണപത്രത്തില്‍ 'പശുവിനെ ബഹുമാനിക്കണമെന്നും പശു വധം നിരോധിക്കണമെന്നും' മകന്‍ ഹുമയൂണിനെഴുതിയിരുന്നു. ഹിന്ദുത്വയുടെ ആശയങ്ങള്‍ വളര്‍ന്നതോടെ പശുവധം നിരോധിക്കണമെന്നുള്ള ആവശ്യങ്ങള്‍ വീണ്ടും പൊന്തിവന്നു. സ്വാതന്ത്ര്യം കിട്ടിയനാള്‍ മുതല്‍ ആര്‍. എസ്. എസ് പോലുള്ള മത മൗലിക സംഘടനകള്‍ പശുവധം നിരോധിക്കണമെന്ന ആവശ്യമായി വന്നെങ്കിലും ആരും ശ്രദ്ധിക്കുന്നില്ലായിരുന്നു. എന്നാല്‍ 1980 മുതല്‍ രാഷ്ട്രീയ പരിവര്‍ത്തനങ്ങളുണ്ടാവുകയും അവരുടെ ശ്രമങ്ങള്‍ക്ക് ഫലം കണ്ടെത്തുകയും ചെയ്തു.


പശുവിനെ 'അഘ്‌ന്യ' (അഴവി്യമ) എന്ന് സംസ്കൃതത്തില്‍ പറയാറുണ്ട്. വേദ സാഹിത്യത്തില്‍ 'അഘ്‌ന്യ' എന്ന വാക്ക് ധ്വാനിക്കുന്നത് കൊല്ലാന്‍ പാടില്ലാന്നാണ്. അതുകൊണ്ടു പശുവിനെ ഹനിക്കരുതെന്ന വാദം ഉന്നയിക്കുന്നു. യജുര്‍വേദത്തിലും പശുവിനെ കൊല്ലരുതെന്നും സംരക്ഷണം നല്‍കണമെന്നും പറഞ്ഞിട്ടുണ്ട്. (Yajurveda 13.49) ഋഗ് വേദത്തിലും പശുവിനെ കൊല്ലുന്നത് കുറ്റകരമെന്നും ശിക്ഷിക്കണമെന്നും പറയുന്നുണ്ട്. (Rigveda 1.164.40) അഘ്‌ന്യ കല്പിച്ചിട്ടുള്ള പശുക്കളെ ഒരു സാഹചര്യത്തിലും കൊല്ലരുതെന്നും വെള്ളവും പച്ചപ്പുല്ലും കൊടുത്ത് വളര്‍ത്തണമെന്നും അതുമൂലം നമുക്ക് നന്മയും ധനവും ക്ഷേമവും ഉണ്ടാകുമെന്നും വേദങ്ങളിലുണ്ട്. പശുവിനെ അഘ്‌ന്യയെന്ന് വിളിക്കുന്നതുകൊണ്ടു കൊല്ലരുതെന്നാണ് വാദഗതി. അഘ്‌ന്യയുടെ നാമ വിശേഷണത്തിലുള്ള അര്‍ത്ഥം കൊല്ലാന്‍ അനുയോജ്യമല്ലെന്നാണ്. പാലും മറ്റു വിഭവങ്ങളും തരുന്ന പശുക്കളെ കൊല്ലരുതെന്നാണ് അതുകൊണ്ടു ഉദ്ദേശിക്കുന്നത്. കാരണം അത്തരം പശുക്കള്‍ ലാഭമുണ്ടാക്കി തരുന്നു. അതേ സമയം പശു ആദായകരമല്ലെങ്കില്‍ കൊല്ലാന്‍ അനുവദനീയവുമാണ്. അതുകൊണ്ട് 'അഘ്‌ന്യ' എന്ന പദം എല്ലാ പശുക്കള്‍ക്കും ബാധകമല്ല. 

ബ്രിഹദാരണ്യക ഉപനിഷത്ത് (Brihadaranyak Upanishad 6/4/18) പറയുന്നു "ഒരുവന്‍ ബുദ്ധിയും അറിവും പാണ്ഡിത്യവും ഉള്ള മകനെ ആഗ്രഹിക്കുന്നുവെങ്കില്‍ വേദങ്ങളില്‍ ജ്ഞാനിയാകണമെങ്കില്‍ ജീവിതം സന്തോഷപ്രദമാക്കണമെങ്കില്‍ ചോറും മാംസവും ചെറിയ കാളക്കുട്ടികളെയും ഭക്ഷിക്കണം. അയാളുടെ ഭാര്യ മാംസഭക്ഷണം കൂടാതെ വെണ്ണയും കഴിക്കണം. എങ്കില്‍ ബുദ്ധിമാനായ ഒരു മകനെ അവര്‍ക്ക് ലഭിക്കും.' മനുസ്മൃതി (Manu Smriti 5/56) പറയുന്നു, മാംസം കഴിച്ചതുകൊണ്ടു ഒരു പാപവും ഇല്ല. പശുവിനെ രുദ്രായുടെ മാതാവായും വാസുവിന്റെ മകളായും ആദിത്യായുടെ സഹോദരിയായും കരുതുന്നു. മറ്റൊരിടത്തു ഋഗ്‌വേദത്തില്‍ പശുവിനെ ദേവിയെന്നും വിളിച്ചിട്ടുണ്ട്. 

യജുര്‍വേദ 13/48 ലെ വാക്യമനുസരിച്ച് പശുക്കളെ കൊല്ലരുതെന്ന നിയമം അനുശാസിക്കുന്നില്ല. ഈ വേദങ്ങളിലെ ശ്ലോകങ്ങള്‍ പശുക്കളെ സംരക്ഷിക്കാനുള്ള പ്രാര്‍ത്ഥനകള്‍ മാത്രമാണ്. "അഗ്‌നി ഭഗവാനെ, ഞങ്ങളുടെ പശുക്കള്‍ക്ക് യാതൊരു ആപത്തും വന്നു ഭവിക്കരുതേ. സുഖത്തിനും ഐശ്വര്യത്തിനുമായി പശുക്കള്‍ ഞങ്ങളെ സഹായിക്കുന്നു. പാലും നെയ്യും ഞങ്ങളുടെ ജനങ്ങള്‍ക്ക് നല്‍കുന്നു. വനത്തിലെ പശുക്കളെ അങ്ങയെ ഞങ്ങള്‍ ചൂണ്ടി കാണിക്കട്ടെ. വനത്തില്‍ നാഥനില്ലാതെ മേയുന്ന പശുക്കളോട് അങ്ങയുടെ കാരുണ്യം ആവശ്യമില്ല. വനമൃഗങ്ങളായി വിഹരിക്കുന്ന പശുക്കളെ അങ്ങേയ്ക്ക് ഉപദ്രവിക്കാം." യജുര്‍ വാക്യം 46ലും ഭക്ഷണത്തിനുവേണ്ടി പശുവിനെ കൊല്ലുന്നതില്‍ നിയമ തടസമില്ല.

എല്ലാ പശുപാലകരും തങ്ങളുടെ പശുക്കളെ സംരക്ഷിക്കണമെന്ന് പ്രാര്‍ത്ഥന ചൊല്ലും. അതുമൂലം അവര്‍ക്ക് പാലും പശുക്കളില്‍ നിന്നുള്ള മറ്റു വിഭവങ്ങളും മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ സാധിക്കും. ഇറച്ചിക്കായി പശുക്കളെ കൊല്ലാന്‍ പാടില്ലാന്നു നിയമം ഇല്ല. ഈ വേദ വാക്യങ്ങള്‍ പശുക്കളെ കൊല്ലാന്‍ പാടില്ലാന്നു കല്പിക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ട് വനത്തിലെ മേഞ്ഞു നടക്കുന്ന പശുക്കളെ കൊല്ലാമെന്നും വേദവാക്യത്തില്‍ പറയുന്നു. ജ്ഞാനമുള്ളവര്‍ പറയുന്നു, 'വേദ വാക്യങ്ങളെ മുഴുവനായി മനസിലാക്കുന്നവര്‍ പശുവിനെ കൊല്ലരുതെന്ന് വേദങ്ങളിലുണ്ടെന്നു പറയില്ല. അതുകൊണ്ടാണ് പശു ഭക്തരായവര്‍ വേദങ്ങളുടെ മുഴുവന്‍ വാക്യങ്ങളും കേള്‍വിക്കാരെ കേള്‍പ്പിക്കാന്‍ തയ്യാറാകാത്തതും.

ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷവും പൂര്‍വികരുടെ ഭക്ഷണ രീതികളെയാണ് വര്‍ജിക്കുന്നത്. മാംസം കഴിച്ചിരുന്ന ഒരു പാരമ്പര്യ തലമുറയില്‍ നിന്ന് ജനിച്ചവരാണ് ഭാരതത്തിലെ ആകമാന ഹിന്ദുക്കളും. പുരാവസ്തു ശാസ്ത്രത്തെയും ജീവശാസ്ത്രത്തെയും നിഷേധിക്കുന്നു. അവരുടെ എഴുതപ്പെട്ട മതഗ്രന്ഥങ്ങള്‍ക്കും പഴയ സാഹിത്യ കൃതികള്‍ക്കും പ്രാധാന്യം നല്‍കുന്നില്ല. ചരിത്ര പഠനങ്ങളെ തെറ്റായ രീതിയില്‍ കാണുന്നു. അതിതീവ്ര ദേശീയതയും മതവിദ്വെഷവും വ്യക്തിരാഷ്ട്രീയവും പശു ഭക്തരെ വളര്‍ത്തുകയും ചെയ്യുന്നു. ഗോവധ നിയമങ്ങള്‍ക്ക് ചരിത്ര സത്യങ്ങളുമായി യാതൊരു ബന്ധവുമില്ല. അതുമൂലം വര്‍ഗീയ രാഷ്ട്രീയം വളരുന്നു. അപക്വമായ ജനവികാര വേലിയേറ്റങ്ങള്‍ക്കുമുമ്പില്‍ ലിബറല്‍ ചിന്താഗതി പുലര്‍ത്തുന്നവര്‍ക്ക് സ്ഥാനമില്ലാതായി. ദൈവങ്ങളുടെ പേരില്‍ വിശ്വവിഖ്യാതമായ ഹുസ്സൈന്റെ ച്ഛായാ ചിത്രങ്ങള്‍ (MF Hussain Paintings) കത്തിച്ചു കളയുന്നു. കലാമൂല്യങ്ങളെ ഇല്ലാതാക്കാന്‍ നോക്കുന്നു. വര്‍ഗീയ ചിന്താഗതിക്കാര്‍ സ്‌നേഹത്തിന്റെ പ്രതീകാത്മകമായ 'വാലന്റൈന്‍ (Valentine) ദിനത്തെയും എതിര്‍ക്കുന്നു.
FACEBOOK COMMENTS

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin